
















ഏകദേശം 2 മില്ല്യണോളം വരുന്ന വിദേശ പൗരന്മാര്ക്ക് ബ്രിട്ടനില് ബെനഫിറ്റും, സ്റ്റേറ്റ് പെന്ഷനും ലഭിക്കുന്നതായി കണക്ക്. ബ്രിട്ടീഷുകാരല്ലാത്ത 1.3 മില്ല്യണ് ആളുകള്ക്ക് യൂണിവേഴ്സല് ക്രെഡിറ്റ് ലഭിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ബ്രക്സിറ്റിന് ശേഷം ബ്രിട്ടനില് തുടര്ന്ന 745,000 യൂറോപ്യന്മാരും ഇതില് പെടുന്നു.
ഇതിന് പുറമെ 2 ലക്ഷത്തോളം വിദേശ പൗരന്മാര് സിക്ക്നെസ് ബെനഫിറ്റുകളായ പേഴ്സണല് ഇന്ഡിപെന്ഡന്സ് പേയ്മെന്റ്, ഡിസെബിലിറ്റി ലിവിംഗ് അലവന്സ് എന്നിവ നേടുന്നതായും കണക്കുകള് പറയുന്നു. വിദേശികളായ 4 ലക്ഷത്തോളം പേര്ക്ക് യുകെ സ്റ്റേറ്റ് പെന്ഷന് ലഭിക്കുന്നതായും സെന്റര് ഫോര് സോഷ്യല് ജസ്റ്റിസ് കണ്ടെത്തി.
കഴിഞ്ഞ വര്ഷങ്ങളില് നടന്ന അനിയന്ത്രിതമായ കുടിയേറ്റമാണ് ബില്ലുകള് കുതിച്ചുയരാന് കാരണമെന്നാണ് സിഎസ്ജെയുടെ വാദം. രാജ്യത്ത് പെര്മനന്റ് സെറ്റില്മെന്റ് ലഭിക്കുന്നതോടെയാണ് കുടിയേറ്റക്കാര്ക്കും ബെനഫിറ്റുകളില് അവകാശം വരുന്നത്. കഴിഞ്ഞ ഒരു ദശകത്തിനിടെ രാജ്യത്ത് സൃഷ്ടിക്കപ്പെട്ട അഞ്ചില് നാല് തൊഴിലവസരങ്ങളും വിദേശികള്ക്കാണ് ഉപകാരപ്പെട്ടതെന്ന് സിഎസ്ജെ നേരത്തെ റിപ്പോര്ട്ട് ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ബെനഫിറ്റുകളിലും വിദേശ പൗരന്മാര്ക്ക് ലഭിക്കുന്ന അവകാശത്തിന്റെ കണക്കുകള് പുറത്തുവരുന്നത്. രാജ്യത്തേക്ക് എത്തുന്നവര് സ്വയം സപ്പോര്ട്ട് ചെയ്യുമെന്നാണ് ബ്രിട്ടന്റെ ഇമിഗ്രേഷന് സിസ്റ്റം പ്രതീക്ഷിക്കുന്നതെന്ന് സിഎസ്ജെ സ്ഥാപകനും, മുന് വര്ക്ക് & പെന്ഷന് സെക്രട്ടറിയുമായ ഇയാന് ഡങ്കന് സ്മിത്ത് പറഞ്ഞു. എന്നാല് നികുതിദായകന്റെ പണം ഉപയോഗിച്ച് ഇവരെ തുണയ്ക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങളെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.