CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 35 Seconds Ago
Breaking Now

കൊച്ചി സിനഗോഗിന് സമീപം തീയിടല്‍ തീവ്രവാദ ബന്ധം; ബോസിന്റെ നിര്‍ദ്ദേശ പ്രകാരം ; എന്‍ഐഎ ചോദ്യം ചെയ്തു

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആരാധനാലയത്തിന് സുരക്ഷയുള്ള സ്ഥലത്താണ് ആക്രമണം ഉണ്ടായത്.

കടവുഭാഗം സിനഗോഗിനു മുന്നില്‍ ബാനറുകള്‍ക്ക് തീയിട്ട സംഭവത്തില്‍ നിര്‍ണായക വഴിതിരിവ്. സംഭവത്തില്‍ പുത്തന്‍കുരിശ് സ്വദേശിയായ എല്‍ദോ പോള്‍ (32) എന്നയാളെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ വിദേശബന്ധവും തീവ്രവാദ സംഘടനകളുടെ പങ്കാളിത്തവും സംശയിക്കുന്നതായി അന്വേഷണ സംഘം വ്യക്തമാക്കി. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അരുണ്‍ കെ. പവിത്രന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഒക്ടോബര്‍ 12-ന് പുലര്‍ച്ചെ 2:30-ഓടെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കടവുഭാഗം സിനഗോഗിന് മുന്‍വശമുള്ള ബ്ലോസം നഴ്‌സറി ഗേറ്റിന് മുന്നില്‍ അതിക്രമം ഉണ്ടായത്. നീല നിറത്തിലുള്ള ഇഗ്‌നിസ് കാറിലെത്തിയ പ്രതി, വാഹനത്തില്‍നിന്ന് ഇറങ്ങി പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. തുടര്‍ന്ന് സംഭവത്തിന്റെ ദൃശ്യങ്ങള്‍ സ്വന്തം മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആരാധനാലയത്തിന് സുരക്ഷയുള്ള സ്ഥലത്താണ് ആക്രമണം ഉണ്ടായത്. മാര്‍ക്കറ്റിലെ രാത്രികാല സി.സി.ടി.വി. ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായിരുന്നത് ആദ്യം വെല്ലുവിളിയായെങ്കിലും, ലഭ്യമായ ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും പരിശോധിച്ച് പ്രതിയെയും വാഹനവും കണ്ടെത്താന്‍ പൊലീസിന് സാധിച്ചു. തുടര്‍ന്ന് പുത്തന്‍കുരിശിലെ വാടകവീട്ടില്‍ ഒളിച്ചിരുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതിയെ പിടികൂടാനായതോടെ സുപ്രധാന ഡിജിറ്റല്‍ തെളിവുകള്‍ സുരക്ഷിതമാക്കാന്‍ പൊലീസിന് കഴിഞ്ഞു. പ്രതിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് വിദേശബന്ധങ്ങളുണ്ടെന്ന് സംശയിക്കുന്ന വ്യക്തികളുമായും വിവിധ ഓണ്‍ലൈന്‍ ഗ്രൂപ്പുകളുമായും നടത്തിയ ആശയവിനിമയങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 'ബോസ്' എന്ന് പ്രതി വിശേഷിപ്പിക്കുന്ന ആളുടെ നിര്‍ദേശപ്രകാരമാണ് കൃത്യം നിര്‍വഹിച്ചതെന്നും, ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി അയച്ചുകൊടുത്ത് ക്രിപ്‌റ്റോകറന്‍സിയിലൂടെ പ്രതിഫലം കൈപ്പറ്റിയതായുമുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

യഹൂദ ആരാധനാലയങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും രാജ്യത്തെ വിവിധ നഗരങ്ങളില്‍ സമാനമായ കൃത്യങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട സന്ദേശങ്ങളും ഫോണില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സംഭവത്തിന് പിന്നില്‍ രാജ്യാന്തര തീവ്രവാദ ബന്ധങ്ങളോ സംഘടിതമായ ആസൂത്രണമോ ഉണ്ടോ എന്ന് കേന്ദ്ര ഏജന്‍സികളും പൊലീസും ചേര്‍ന്ന് ഗൗരവമായി അന്വേഷിച്ചുവരുന്നു. കൂടാതെ, മൂവാറ്റുപുഴയില്‍ മുന്‍പ് നടന്ന സമാനമായ മറ്റൊരു തീവെപ്പ് കേസിലും പ്രതിക്ക് പങ്കുണ്ടെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞിട്ടുണ്ട്. ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രതിയുടെ ഫോണില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.