
















ബ്രിട്ടീഷ് പൗരത്വത്തിനുള്ള ടെസ്റ്റുകള്‍ക്കായി ഇനി ടെസ്റ്റ് സെന്ററുകളില്‍ പോകേണ്ട. പകരം ഓണ്‍ലൈനില്‍ പൗരത്വ ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കാന്‍ കുടിയേറ്റക്കാര്‍ക്ക് സാധിക്കും. നേരിട്ട് എക്‌സാം സെന്ററുകളിലെത്തി പരീക്ഷ എഴുതുന്നതിന് പകരം ആര്‍ക്കും വീടുകളില്‍ ഇരുന്ന് ടെസ്റ്റ് പൂര്‍ത്തിയാക്കാനായി ഹോം ഓഫീസ് 110 മില്ല്യണ്‍ പൗണ്ടിന്റെ പദ്ധതിയാണ് നടപ്പാക്കുന്നത്.
ലൈഫ് ഇന്‍ ദി യുകെ ടെസ്റ്റാണ് ഓണ്‍ലൈനിലേക്ക് മാറ്റുന്നത്. ബ്രിട്ടീഷ് പൗരത്വം നേടാന്‍ ആഗ്രഹിക്കുന്ന കുടിയേറ്റക്കാര്‍ക്ക്, അവരുടെ ബ്രിട്ടീഷ് മൂല്യം, നിയമങ്ങള്‍, ചരിത്രം എന്നിവയെ കുറിച്ചുള്ള അറിവ് പങ്കുവെയ്ക്കാന്‍ സഹായിക്കുന്നതാണ് എല്‍ഐടിയുകെ ടെസ്റ്റ്. 
രാജ്യത്തെ 30 സെന്ററുകളിലൊന്നില്‍ നേരിട്ടെത്തി ടെസ്റ്റില്‍ ഹാജരാകുകയും, ഇതേ ദിവസം പാസ്‌പോര്‍ട്ടോ, ഇ-വിസയോ രേഖയായി എത്തിച്ച് ജീവനക്കാര്‍ക്ക് മുന്നില്‍ ഐഡന്റിറ്റി സ്ഥിരീകരിക്കുകയോ വേണ്ടിയിരുന്നു. കോപ്പിയടിക്കാന്‍ ഉപകരണങ്ങളും, കുറിപ്പുകളും കൈയില്‍ ഇല്ലെന്ന് ഉറപ്പിക്കാന്‍ സെന്ററുകളില്‍ കര്‍ശന പരിശോധനയുമുണ്ട്.
ബന്ധുക്കളും, സുഹൃത്തുക്കളും ഇവര്‍ക്കൊപ്പം ഉണ്ടാകാനും പാടില്ല. സിസിടിവി ക്യാമറകളും, മൈക്രോഫോണും ഉള്‍പ്പെടെ സെന്ററില്‍ നിരീക്ഷണത്തിന് സജ്ജീകരിച്ചിട്ടുണ്ട്. ഇതിന് പകരം അടുത്ത വര്‍ഷം മുതല്‍ പരീക്ഷ ഓണ്‍ലൈനിലേക്ക് മാറ്റാനാണ് ഹോം ഓഫീസ് തീരുമാനിച്ചിരിക്കുന്നത്. വിദേശത്ത് നിന്നും ഉള്‍പ്പെടെ എവിടെ നിന്നും ടെസ്റ്റില്‍ പങ്കെടുക്കാന്‍ ഇതുവഴി സാധിക്കും. എന്നാല്‍ ഐഎ ഉള്‍പ്പെടെ ഉപയോഗിച്ച് അപേക്ഷകര്‍ കോപ്പിയടിച്ച് പരീക്ഷ വിജയിക്കുമെന്നാണ് ഇതിനെതിരായ വിമര്‍ശനം.