
















തൃശൂരില് വീട്ടില് തനിച്ചായിരുന്ന വയോധികയെ കൊലപ്പെടുത്തി 16 പവനോളം സ്വര്ണാഭരണങ്ങള് കവര്ന്ന കേസില് അയല്വാസി പിടിയില്. കാറളം സ്വദേശിനി സാവിത്രി (79) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില് അയല്വാസി മുഹമ്മദ് റാഫിയെ പൊലീസ് അറസ്റ്റ് ചെയ്തു. മകനും മരുമകളും ചേര്ന്ന് സാവിത്രിയുടെ ഭര്ത്താവിനെ ആശുപത്രിയില് കൊണ്ടുപോയ സമയത്തായിരുന്നു സംഭവം. തൃശൂര് റൂറല് എസ്.പി. മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
സാവിത്രിയുടെ മകനും മരുമകളും അച്ഛനെ ഡോക്ടറെ കാണിക്കാന് ആശുപത്രിയിലേക്ക് പോയതായിരുന്നു. ഈ സമയം സ്കൂളില് നിന്ന് തിരിച്ചെത്തിയ പേരക്കുട്ടിയാണ് കട്ടിലില് സാവിത്രിയെ മരിച്ച നിലയില് കണ്ടെത്തിയത്. തുടര്ന്ന് അയല്വാസികള് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില് തന്നെ ഇതൊരു കൊലപാതകമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സാവിത്രി ഉടുത്തിരുന്ന സാരിയുടെ കോണുകൊണ്ടുതന്നെ കഴുത്തുഞെരിച്ചും, മുഖംപൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചുമാണ് കൊലപാതകം നടത്തിയിരുന്നത്. 16 പവന്റെ ആഭരണങ്ങള് നഷ്ടപ്പെടുകയും ചെയ്തിരുന്നു.
വീട്ടുകാര് പുറത്തുപോയത് കൃത്യമായി നിരീക്ഷിച്ച ശേഷമാണ് പ്രതി കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അന്വേഷണത്തില് വ്യക്തമായി. സംഭവസ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് നായ വീടിനു പുറകുവശത്തുകൂടെ പോയി മെയിന് റോഡില് എത്തിയിരുന്നു. കുറ്റകൃത്യം നടക്കുമ്പോള് ഉപയോഗിച്ച മുളക് പൊടിയുടെ കവറില് നിന്ന് ലഭിച്ച വിരലടയാളമാണ് കേസില് നിര്ണായക വഴിത്തിരിവായത്. പൊലീസിനെ സഹായിക്കാനായി ഒപ്പം കൂടിയിരുന്ന അയല്വാസിയാണ് യഥാര്ത്ഥ പ്രതിയെന്ന് ചുരുങ്ങിയ ദിവസങ്ങള്ക്കുള്ളില് തന്നെ പൊലീസ് തിരിച്ചറിയുകയായിരുന്നു.
ഗള്ഫില് ജോലിലുണ്ടായിരുന്ന മുഹമ്മദ് റാഫി, നാട്ടില് തിരിച്ചെത്തിയ ശേഷം വലിയ കടക്കെണിയിലായിരുന്നു. ഇതില് നിന്ന് കരകയറാനാണ് സാവിത്രി തനിച്ചാണെന്ന് മനസിലാക്കി ഇയാള് കൊലപാതകം ആസൂത്രണം ചെയ്തത്. സാവിത്രിയുടെ തൊട്ടടുത്ത സ്വന്തം വീട്ടില് കഴിഞ്ഞ നാലര വര്ഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു റാഫി. സാവിത്രിക്ക് ഇയാള് സ്വന്തം മകനെപ്പോലെയായിരുന്നു. ആവശ്യസമയത്ത് സഹായത്തിനായി ഓടിയെത്തുമായിരുന്ന അയല്വാസി തന്നെ കൊലയാളിയായി മാറിയതിന്റെ ഞെട്ടലിലാണ് കുടുംബവും നാട്ടുകാരും. മോഷ്ടിച്ച സ്വര്ണത്തില് കുറേ ഭാഗം ഒരു സുഹൃത്ത് വഴി ഇയാള് വില്പന നടത്തിയിരുന്നു. ബാക്കി സ്വര്ണം സ്വന്തം വീടിന്റെ ശുചിമുറിയില് ഒളിപ്പിച്ച നിലയില് പൊലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.