
















യുക്മയുടെ പതിനേഴാമത് മിഡ്ലാന്‍ഡ്സ് റീജണല്‍ കലാമേളയില്‍ വാര്‍വിക് ആന്‍ഡ് ലെമിങ്ടണ്‍ മലയാളി അസോസിയേഷന്‍ ചാമ്പ്യന്‍ പട്ടം സ്വന്തമാക്കി. 149 പോയന്റുകള്‍ നേടി WALMA ഒന്നാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ 109 പോയിന്റുകളുമായി ലെസ്റ്റര്‍ കേരള കമ്യൂണിറ്റി രണ്ടാം സ്ഥാനവും 97 പോയിന്റുകളുമായി ഹെര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ മൂന്നാം സ്ഥാനവും നേടി. കവന്‍ട്രി കേരള കമ്യൂണിറ്റി നാലാം സ്ഥാനം നേടിയപ്പോള്‍ നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ അഞ്ചാം സ്ഥാനവും നേടി.
കവന്‍ട്രിയില്‍ നടന്ന കലാമേള മത്സരാര്‍ത്ഥികളുടെ മികച്ച പ്രകടനങ്ങളും കാണികളുടെ ആവേശകരമായ പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി.
മിഡ്ലാന്‍ഡ്സ് റിജിയണല്‍ പ്രസിഡന്റ് അഡ്വ ജോബി പുതുകുളങ്ങരയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കലാമേള യുക്മ ദേശീയ സെക്രട്ടറി ജയകുമാര്‍ നായര്‍ ഉത്ഘാടനം ചെയ്തു. യുക്മ ദേശീയ വൈസ് പ്രസിഡന്റ് സ്മിത തോട്ടം, ദേശീയ നിര്‍വാഹക സമിതി അംഗം ജോര്‍ജ് തോമസ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. റീജണല്‍ സെക്രട്ടറി ലൂയിസ് മേനാച്ചേരി സ്വാഗതവും ട്രഷറര്‍ പോള്‍ ജോസഫ് നന്ദിയും രേഖപ്പെടുത്തി.
കലാമേളയിലെ വ്യക്തിഗത മികവിനുള്ള കലാതിലകപ്പട്ടം walma യുടെ അമേയ കൃഷ്ണ നിധീഷ് സ്വന്തമാക്കി. കലാ പ്രതിഭയായി വാല്‍മയുടെ ആദവ് അബിന്‍ തിരഞ്ഞെടുക്കപ്പെട്ടു. കിഡ്സ് വിഭാഗത്തില്‍ വാല്‍മയുടെ നൂറ നവീന്‍ ചാമ്പ്യനായി. സബ് ജൂനിയര്‍ വിഭാഗത്തില്‍ ഹെര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ അന്‍സന്‍ ബിനോയും അമയ നിസാന്തും വ്യക്തിഗത ചാമ്പ്യന്മാരായി. സീനിയര്‍ വിഭാഗത്തില്‍ ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെ അഞ്ജന രമ്യ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി.
വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില്‍ യുക്മ ദേശീയ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റ്യന്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. യുക്മ ദേശീയ ട്രഷറര്‍ ഷിജോ വര്‍ഗീസും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ദേശീയ നിര്‍വാഹക സമിതി അംഗം ജോര്‍ജ് തോമസ്, ഈസ്റ്റ് ആംഗ്ലിയ റീജണല്‍ പ്രസിഡന്റ് ജോബിന്‍ ജോര്‍ജ്, റീജണല്‍ കലാമേള കോര്‍ഡിനേറ്റര്‍ രേവതി അഭിഷേക്, റീജിയണല്‍ വൈസ് പ്രസിഡന്റുമാരായ ജോസ് തോമസ്, സോമി കുരുവിള, ജോയിന്റ് സെക്രട്ടറിമാരായ രാജീവ് ജോണ്‍, അനിത മധു, ജോയിന്റ് ട്രഷറര്‍ ജോര്‍ജ് മാത്യു, പിആര്‍ഒ രാജപ്പന്‍ വര്‍ഗീസ്, മീഡിയ കോര്‍ഡിനേറ്റര്‍ അരുണ്‍ ജോര്‍ജ്, നഴ്സസ് ഫോറം കോര്‍ഡിനേറ്റര്‍ സനല്‍ ജോസ്, വിമണ്‍സ് ഫോറം കോര്‍ഡിനേറ്റര്‍ ബെറ്റി തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മുന്‍ ദേശീയ ട്രഷറര്‍മാരായ ഡിക്സ് ജോര്‍ജ്, അനീഷ് ജോണ്‍, മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ബീന സെന്‍സ്, മുന്‍ സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ സെന്‍സ് ജോസ് എന്നിവരും സന്നിഹിതരായിരുന്നു. സികെസി പ്രസിഡന്റ് ബാബു എബ്രഹാം ,സെക്രട്ടറി രേവതി നായര്‍ എന്നിവര്‍ക്കൊപ്പം മിഡ്ലാന്‍ഡ്സിലെ വിവിധ അംഗ അസോസിയേഷനുകളുടെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, മറ്റ് ഭാരവാഹികള്‍, യുക്മ പ്രതിനിധികള്‍ എന്നിവരും സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.
മിഡ്ലാന്‍ഡ്സിലെ 36 മലയാളി അസോസിയേഷനുകളില്‍ നിന്നായി 800 ഓളം മത്സരാര്‍ത്ഥികള്‍ കലാമേളയില്‍ പങ്കെടുത്തു. വിജയിച്ച ഏവരേയും കമ്മിറ്റി അഭിനന്ദിച്ചു.
നവംബര്‍ 7ന് നടക്കുന്ന പതിനേഴാമത് യുക്മ ദേശീയ കലാമേളയില്‍ പങ്കെടുക്കാനൊരുങ്ങുന്ന എല്ലാ മത്സരാര്‍ത്ഥികള്‍ക്കും മിഡ്ലാന്‍ഡ്സ് റീജിയണല്‍ പ്രസിഡന്റ് അഡ്വ ജോബി പുതുകുളങ്ങരയും റീജിയണല്‍ കലാമേള കോര്‍ഡിനേറ്റര്‍ രേവതി അഭിഷേകും വിജയാശംസകള്‍ നേര്‍ന്നു.