
















തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച രണ്ട് മലയാളി യുവാക്കള്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശികളായ എ. വിജയ് (26), എ. വിശാല്‍ (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും മത്സ്യത്തൊഴിലാളികളാണ്. വിനോദസഞ്ചാര സംഘത്തിനൊപ്പമാണ് യുവാക്കള്‍ വേളാങ്കണ്ണിയിലെത്തിയത്.
വിവാഹം ഭയന്ന് വീടുവിട്ടിറങ്ങിയ പുതുക്കോട്ട സ്വദേശികളായ 15 വയസുള്ള രണ്ട് പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. വേളാങ്കണ്ണി ബീച്ചില്‍വച്ചാണ് പ്രതികള്‍ പെണ്‍കുട്ടികളെ പരിചയപ്പെട്ടത്. തുടര്‍ന്ന് സൗഹൃദം സ്ഥാപിച്ച യുവാക്കള്‍ പെണ്‍കുട്ടികളെ ലോഡ്ജിലെത്തിച്ച് രണ്ട് ദിവസം പാര്‍പ്പിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികള്‍ സുഹൃത്തുക്കള്‍ താമസിച്ചിരുന്ന മറ്റൊരു ലോഡ്ജിലേക്ക് മടങ്ങി.
പ്രദേശവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ലോഡ്ജിലെത്തി പരിശോധന നടത്തി. ഭക്ഷണവും വെള്ളവുമില്ലാത്തെ അവശ നിലയിലായിരുന്നു പെണ്‍കുട്ടികള്‍. പെണ്‍കുട്ടികളില്‍ ഒരാളുടെ വിവാഹം നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഇരുവരും വീടുവിട്ടിറങ്ങിയതെന്നാണ് വിവരം.
പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതികള്‍ താമസിച്ചിരുന്ന ലോഡ്ജിലെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.