
















തൃക്കരിപ്പൂര്‍ എംഎല്‍എ സന്ദീപ് വാര്യര്‍ സഞ്ചരിച്ച കാര്‍ ടയര്‍ പൊട്ടി അപകടത്തില്‍പ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന എംഎല്‍എയും മറ്റ് യാത്രികരും പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. പുലര്‍ച്ചെ രണ്ട് മണിയോടെ ദേശീയപാത 66-ല്‍ മലപ്പുറം കോയിച്ചനയില്‍ വെച്ചായിരുന്നു അപകടം.
മണ്ഡലമായ തൃക്കരിപ്പൂരില്‍ നിന്നും എംഎല്‍എയുടെ സ്വദേശമായ ചെത്തല്ലൂരിലേക്ക് മടങ്ങവേയാണ് വാഹനം അപകടത്തില്‍പ്പെട്ടത്. ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയര്‍ അപ്രതീക്ഷിതമായി പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. എംഎല്‍എയുടെ കാര്‍ അപകടത്തില്‍പ്പെട്ടതിന് പിന്നാലെ, തൊട്ടുപുറകില്‍ വരികയായിരുന്ന മറ്റ് രണ്ട് കാറുകള്‍ കൂടി കൂട്ടിയിടിച്ചു. ഈ വാഹനങ്ങളിലുണ്ടായിരുന്ന കുടുംബങ്ങളും യാതൊരു പരിക്കുകളുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
അപകടവിവരമറിഞ്ഞ് ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തി സുരക്ഷാ നടപടികള്‍ സ്വീകരിക്കുകയും ഗതാഗതം സുഗമമാക്കുകയും ചെയ്തു. പുലര്‍ച്ചെ നടന്ന വലിയൊരു അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. അപകടവാര്‍ത്തയെ കുറിച്ച് സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
കുറിപ്പിന്റെ പൂര്‍ണരൂപം
'ഇന്ന് പുലര്‍ച്ചെ മലപ്പുറം കോയിച്ചന വെച്ച് ഞാന്‍ സഞ്ചരിച്ച വാഹനം ടയര്‍ പൊട്ടി ഒരു അപകടത്തില്‍പ്പെടുകയുണ്ടായി. എനിക്കോ കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ക്കോ യാതൊരു പരിക്കുമില്ലാതെ സുരക്ഷിതരായി രക്ഷപ്പെടാന്‍ കഴിഞ്ഞു. അതോടൊപ്പം തന്നെ, ഞങ്ങളുടെ വാഹനത്തിന് പിന്നിലായി വന്ന് കൂട്ടിയിടിച്ച മറ്റ് രണ്ട് കാറുകളിലെ കുടുംബങ്ങള്‍ക്കും യാതൊരു പരിക്കുമേറ്റിട്ടില്ല എന്നത് വലിയ ആശ്വാസമാണ് നല്‍കുന്നത്.
അപകടവിവരം അറിഞ്ഞ് രാവിലെ മുതല്‍ ഒരുപാട് പേര്‍ ഫോണിലൂടെയും അല്ലാതെയും വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്. എല്ലാവരുടെയും കോളുകള്‍ എടുക്കാനോ മറുപടി നല്‍കാനോ കഴിഞ്ഞിട്ടില്ല. ആരും ആശങ്കപ്പെടേണ്ടതില്ല, ഞങ്ങള്‍ എല്ലാവരും പൂര്‍ണ്ണ ആരോഗ്യത്തോടെ സുരക്ഷിതരായിരിക്കുന്നു. വിവരങ്ങള്‍ അന്വേഷിച്ച എല്ലാവര്‍ക്കും, നിങ്ങളുടെ സ്‌നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. കൂടെയുണ്ടായതിന് നന്ദി'- എന്നാണ് കുറിപ്പ്.