CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 30 Minutes 24 Seconds Ago
Breaking Now

ചാലയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ ദുരൂഹതയേറുന്നു; ജ്വല്ലറി ഉടമയ്ക്ക് സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി ബന്ധമെന്ന് പൊലീസിന് സംശയം

സ്ഥാപനത്തിലെ സ്വര്‍ണ ഇടപാടുകളും ഉടമയെയും കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.

ചാലയിലെ സ്വര്‍ണക്കവര്‍ച്ചയ്ക്ക് പിന്നിലെ ദുരൂഹതകള്‍ തേടി അന്വേഷണം ശക്തമാക്കി പൊലീസ്. ജ്വല്ലറി ഉടമയ്ക്ക് സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി ബന്ധമുണ്ടെന്ന സൂചനകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. നേരത്തെ സ്വര്‍ണം പൊട്ടിക്കല്‍ സംഘം കൈമാറുന്ന സ്വര്‍ണം ഉരുക്കി മറ്റൊരു രൂപത്തിലാക്കി നല്‍കുന്ന ഇടപാടുകള്‍ നടന്നിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പത്ത് പേരെ ചോദ്യം ചെയ്തതില്‍നിന്നാണ് ഉടമയ്ക്ക് സംഘവുമായി ബന്ധമുണ്ടെന്ന സംശയം ബലപ്പെട്ടത്.

സ്ഥാപനത്തിലെ സ്വര്‍ണ ഇടപാടുകളും ഉടമയെയും കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. കവര്‍ച്ചയില്‍ സ്ഥാപനവുമായി ബന്ധപ്പെട്ട ചിലര്‍ക്ക് പങ്കുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. തിരുവനന്തപുരത്ത് 25 വര്‍ഷമായി ജ്വല്ലറി ബിസിനസ് നടത്തുന്ന മഹാരാഷ്ട്ര സ്വദേശി നന്ദകുമാറാണ് പരാതിക്കാരന്‍. വ്യാഴാഴ്ച രാത്രിയായിരുന്നു തലസ്ഥാനത്തെ നടുക്കിയ കവര്‍ച്ച.

അതേസമയം, കവര്‍ച്ച നടത്തിയ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങളും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം. ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമാണ് കവര്‍ച്ച നടത്തിയതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. സംഭവദിവസം സ്ഥാപനത്തില്‍ വലിയ തോതില്‍ കച്ചവടം നടന്നിരുന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കവര്‍ച്ചയ്ക്ക് പിന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നു.

രണ്ട് ഹോണ്ട ബൈക്കുകളിലായി എത്തിയ മൂന്ന് പേരാണ് കവര്‍ച്ച നടത്തിയതെന്നാണ് സ്ഥിരീകരണം. വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്ന സ്വര്‍ണമടങ്ങിയ ബാഗ് മരക്കടയിലെ എസ്ബിഐ ശാഖയ്ക്ക് സമീപത്തുവെച്ചാണ് സംഘം തട്ടിയെടുത്തത്. പഴയ സ്വര്‍ണം ശുദ്ധീകരിക്കുന്നതിനായി വീട്ടിലേക്ക് കൊണ്ടുപോകുന്നതായിരുന്നു പതിവ് രീതി. ഇതിനിടെയാണ് ബൈക്കിലെത്തിയ സംഘം കവര്‍ച്ച നടത്തിയത്. പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങളുടെ നമ്പര്‍ കണ്ടെത്തിയതായാണ് വിവരം. ഫോര്‍ട്ട് പൊലീസ് എസ്എച്ച്ഒയുടെ നേതൃത്വത്തിലാണ് അന്വേഷണം.

 




കൂടുതല്‍വാര്‍ത്തകള്‍.