
















യുകെയില്‍ തൊഴിലില്ലായ്മ നിരക്ക് അപ്രതീക്ഷിതമായി താഴ്ന്നു. യുവാക്കള്‍ക്കിടയിലെ തൊഴില്‍ പ്രതിസന്ധി സംബന്ധിച്ച റിപ്പോര്‍ട്ട് ഗവണ്‍മെന്റ് പുറത്തുവിട്ടതിന് പിന്നാലെയാണ് സെപ്റ്റംബറില്‍ തൊഴിലില്ലായ്മ നിരക്ക് 4.6 ശതമാനത്തിലേക്ക് കുറഞ്ഞതായി സ്ഥിരീകരിച്ചത്.
ആഗസ്റ്റിലെ 4.7 ശതമാനത്തില്‍ നിന്നുമാണ് ഈ കുറവ് വന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കി. അതേസമയം രാജ്യത്ത് വേക്കന്‍സികളുടെ എണ്ണം കുറയുകയാണ്. ആഗോള സാമ്പത്തിക അനിശ്ചിതാവസ്ഥയും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗവുമാണ് എംപ്ലോയേഴ്‌സിനെ ഹയറിംഗില്‍ നിന്നും പിന്തിരിപ്പിക്കുന്നത്.
ഇതുമൂലം വലിയ തോതില്‍ തൊഴില്‍ നഷ്ടം സംഭവിക്കാന്‍ ഇടയുണ്ടെന്ന് അനലിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ വര്‍ദ്ധിച്ച് വരുന്നതിനെ കുറിച്ച് മുന്‍ ഹെല്‍ത്ത് സെക്രട്ടറി അലന്‍ മില്‍ബേണിന്റെ റിപ്പോര്‍ട്ട് ഗവണ്‍മെന്റിന് സമര്‍പ്പിച്ച ഘട്ടത്തിലാണ് വേക്കന്‍സികള്‍ കുറയുന്നത്.
25 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വൈകല്യങ്ങള്‍ക്കും, രോഗങ്ങള്‍ക്കും നല്‍കുന്ന പേയ്‌മെന്റ് വെട്ടിക്കുറയ്ക്കാനും, ഈ പണം ആളുകളെ ജോലിയിലേക്ക് തിരിച്ചെത്തിക്കാനുള്ള സ്‌കീമുകള്‍ക്കായി മുടക്കാനുമാണ് മില്‍ബേണ്‍ മന്ത്രിമാരോട് ആവശ്യപ്പെടുന്നത്. 2014-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് വേക്കന്‍സികളെന്ന് ബ്രിട്ടീഷ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് പറയുന്നു. 18 മുതല്‍ 24 വയസ്സ് വരെയുള്ളവരുടെ തൊഴിലില്ലായ്മ മുതിര്‍ന്നവരെ അപേക്ഷിച്ച് മൂന്നിരട്ടി അധികമാണ്.