
















എന്‍എച്ച്എസ് ആശുപത്രികളില്‍ പിടിപ്പത് പണിയുള്ളപ്പോള്‍ ഇനി രോഗികള്‍ക്ക് അവരുടെ വീടുകളില്‍ പോയി ചികിത്സ നല്‍കേണ്ട ഗതികേടില്‍ ഡോക്ടര്‍മാരും, നഴ്‌സുമാരും. ആശുപത്രികളിലേക്ക് രോഗികള്‍ വരുന്നത് തടയാനും, ഇടനാഴി പരിചരണം കുറയ്ക്കാനും ലക്ഷ്യമിട്ട് നെയ്ബര്‍ഹുഡ് സപ്പോര്‍ട്ട് ടീമിനെ ഇറക്കാനാണ് ഹെല്‍ത്ത് സെക്രട്ടറിയുടെ പദ്ധതി.
രോഗങ്ങള്‍ മൂലം ബുദ്ധിമുട്ടുന്ന രണ്ട് മില്ല്യണ്‍ രോഗികള്‍ക്കാണ് വീടുകളില്‍ 24/7 എന്‍എച്ച്എസ് സപ്പോര്‍ട്ട് ലഭ്യമാക്കുന്നത്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, സോഷ്യല്‍ കെയറര്‍മാര്‍ എന്നിവരാണ് സപ്പോര്‍ട്ട് ടീമില്‍ ഉണ്ടാവുക.
ജിപിമാര്‍ക്കൊപ്പം ചേര്‍ന്ന് രോഗികള്‍ക്കായി പേഴ്‌സണലൈസ്ഡ് കെയര്‍ പ്ലാന്‍ തയ്യാറാക്കി, മരുന്നും, ചികിത്സയും ഉള്‍പ്പെടെ പ്രദാനം ചെയ്യുകയാണ് ലക്ഷ്യം. പരിശോധനകള്‍ പതിവായി നടത്തി രോഗികളുടെ അവസ്ഥ മോശമാകാതെ സാധ്യമാകുന്ന രീതിയില്‍ വീടുകളില്‍ തന്നെ ചികിത്സ ലഭ്യമാക്കും.
രോഗികള്‍ക്കും, ബന്ധുക്കള്‍ക്കും രാത്രിയും, പകലുമില്ലാതെ ആരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഉപദേശം തേടാന്‍ ഹോട്ട്‌ലൈനും സ്ഥാപിക്കും. അടുത്ത വര്‍ഷം ഏപ്രിലിനകം 566,000 രോഗികള്‍ക്കാണ് എന്‍എസ്ടി നല്‍കുകയെന്ന് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. വീടുകളില്‍ മെച്ചപ്പെട്ട ചികിത്സ നല്‍കുന്നത് എന്‍എച്ച്എസിന് പ്രതിവര്‍ഷം 1 ബില്ല്യണ്‍ പൗണ്ടിലേറെ ലാഭം സമ്മാനിക്കുമെന്നാണ് കരുതുന്നത്.