കാൻസർ എന്ന മഹാ രോഗവുമായി ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞിരുന്ന ബ്രിസ്റ്റോൾ മലയാളി ജോളി കുര്യൻ നീണ്ട പത്തു വർഷങ്ങൾക്കു ശേഷം മരണത്തിനു കീഴടങ്ങി. വ്യാഴാഴ്ച രാവിലെ ജോളി നേഴ്സായി ജോലി ചെയ്തിരുന്ന സൌത്ത് മേഡ് ആശുപത്രിയിലെ വാർഡ് മാനേജർ ഇവോണ്‍ , അടുത്ത സുഹൃത്തുക്കൾ കൂടിയായ സ്റ്റാഫ് നെഴ്സുമാരായ ഷാലി റെജി മാണികുളം, ലീന, ജോഷി, മഞ്ചു, ഷീല , ഇറ്റലിയിൽ നിന്നും എത്തിയ പിതൃ സഹോദരി സിസ്റ്റർ ജൂലിയ, ബ്രിസ്റ്റോൾ ക്നാനായ കാത്തലിക് അസോസിയേഷൻ സെക്രട്ടറി അനിൽ മാത്യു , ജീവിത പങ്കാളി എബി എന്നിവർ പ്രാർത്ഥനയോടെ സമീപത്തു നിൽക്കെ എല്ലാവരെയും സങ്കടത്തിലാക്കി ജോളി നിത്യതയിലേക്ക് യാത്രയായി. ഇടയ്ക്കിടയ്ക്ക് ആശ്വാസ വചനങ്ങളുമായി എത്താറുള്ള സീറോ-മലബാർ പള്ളി വികാരി ഫാദർ പോൾ വെട്ടിക്കാട്ട്, കുടുംബ സുഹൃത്ത് റെജി തോമസ് മാണികുളം എന്നിവർ എത്തുന്നതിനു നിമിഷങ്ങൾക്ക് മുൻപായി ജോളിയുടെ കണ്ണുകൾ എന്നന്നേക്കുമായി അടഞ്ഞപ്പോൾ, പ്രതീക്ഷിച്ചതെങ്കിലും കൂട്ടുകാർക്ക് വിങ്ങലടക്കാനായില്ല . വൈകുന്നേരം 4 മണിക്ക് ഫ്യുനറൽ ഡയറക്ടർമാർ എത്തുന്നതുവരെ കൂട്ടുകാരും വീട്ടുകാരും ഒഴുകിയെത്തുന്ന കാഴ്ചയാണ് ബ്രിസ്റ്റോൾ കണ്ടത്. ജോളിയുടെ നിര്യാണത്തിൽ സീറോ-മലബാർ പള്ളി വികാരി ഫാദർ പോൾ വെട്ടിക്കാട്ട് , മുൻ വികാരി ഫാദർ ജോയി വയലിൽ, കൈക്കാരന്മാരായ ജോണ്‍സൻ മാത്യു , സിജി വാധ്യാനത് തുടങ്ങിയവർ അനുശോചിച്ചു .
ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് ബ്രിസ്റ്റോൾ ഫിഷ്പോണ്ട്സ് സെന്റ് ജോസെഫ്സ് പള്ളിയിൽ ജോളിയുടെ ഭൗതീക ശരീരം എത്തുമ്പോൾ വിശുദ്ധ കുർബാനയും അനുബന്ധ കർമങ്ങളും ഉണ്ടായിരിക്കുന്നതാണെന്നും സീറോ-മലബാർ ഇടവകക്കാർക്കൊപ്പം പൊതുജനത്തിനും കാണാനുള്ള അവസരം ഉണ്ടായിരിക്കുമെന്നും ഫാദർ പോൾ വെട്ടിക്കാട്ട് അറിയിച്ചു . പള്ളിയുടെ വിലാസം - സെന്റ് ജോസെഫ്സ് കാത്തലിക് ചർച്ച്, ഫോറെസ്റ്റ് റോഡ് , ഫിഷ്പോണ്ട്സ് ,ബ്രിസ്റ്റോൾ, BS 16 3QT . കോട്ടയം രൂപതയിൽ പെട്ട കണ്ണൂർ പയ്യാവൂർ സെന്റ് .സെബാസ്റ്റ്യൻസ് പള്ളി ഇടവകയിലെ പരേതനായ കുര്യച്ചന്റെയും ത്രേസ്സ്യമ്മയുടെയും മൂത്ത മകളായ ജോളി കുര്യൻ (43) പതിമൂന്നു വർഷങ്ങൾക്ക് മുൻപാണ് യുകെയിൽ എത്തിയത്. യുകെയിൽ നിന്നും ഓസ്ട്രലിയയ്ക്ക് കുടിയേയേറുവാനുള്ള തീരുമാന സമയത്താണ് കാൻസർ രോഗം പിടിപെട്ടതായി അറിയുന്നത്. തുടർന്നുള്ള വിദഗ്ധ ചികിത്സയെ തുടർന്ന് രോഗം കുറഞ്ഞു സാധാരണ ജീവിതത്തിലേക്ക് തിരികെ വന്നു ജോലിയിൽ പൂർവാധികം ഓജസ്സോടെ പ്രവേശിച്ചതുമാണ്. പിന്നീടു 2 വർഷങ്ങൾക്കു മുൻപാണ് രോഗം വീണ്ടും മൂർച്ചിച്ചത് .നടപടികൾ പൂർത്തിയാവുന്നതനുസരിച്ചു മൃതദേഹം നാട്ടിൽ എത്തിക്കുന്നതും പയ്യാവൂർ പള്ളിയിൽ സംസ്കരിക്കുന്നതുമാണ് .