Breaking Now

ഗംഭീര്‍ ഔട്ട്‌; ഹര്‍ഭജന്‍ ഇന്‍

ഓസ്‌ട്രേലിയയ്‌ക്കെതിരായ ക്രിക്കറ്റ്‌ ടെസ്‌റ്റ്‌ പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍നിന്നു വെറ്ററന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനെ ഒഴിവാക്കി.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ടെസ്‌റ്റ്‌ ടീമില്‍നിന്നു പുറത്താക്കപ്പെട്ട ഓഫ്‌ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗ്‌ മടങ്ങിയെത്തി.
മലയാളി പേസര്‍ ശ്രീശാന്തിനെ ടീമിലേക്കു പരിഗണിച്ചില്ല. ഗംഭീറിനു പകരം ശിഖര്‍ ധവാനെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഓസീസിനെതിരേ നടക്കുന്ന ആദ്യ രണ്ട്‌ ടെസ്‌റ്റുകള്‍ക്കുള്ള ടീമിനെയാണു പ്രഖ്യാപിച്ചിരിക്കുന്നത്‌.
ഇംഗ്ലണ്ട്‌, പാകിസ്‌താന്‍ ടീമുകള്‍ക്കെതിരേ നടന്ന ഏകദിന പരമ്പരകളില്‍ തരക്കേടില്ലാതെ പന്തെറിയ പേസര്‍ ഭുവനേശ്വര്‍ കുമാറിനു കന്നി ടെസ്‌റ്റ്‌ കളിക്കാനുള്ള അവസരമായിട്ടുണ്ട്‌. ബി.സി.സി.ഐ. ആസ്‌ഥാനത്തു ചെയര്‍മാന്‍ സന്ദീപ്‌ പാട്ടീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സെലക്‌ഷന്‍ കമ്മിറ്റി യോഗത്തിലാണു ടീം പ്രഖ്യാപിച്ചത്‌.
ഇംഗ്ലണ്ടിനെതിരേ നടന്ന ടെസ്‌റ്റ്‌ പരമ്പരയില്‍ കളിച്ച ഇന്ത്യന്‍ ടീമില്‍ ഈ മൂന്നു മാറ്റം മാത്രമാണു വരുത്തിയത്‌. ഓസ്‌ട്രേലിയയ്‌ക്കെതിരേ മികച്ച റെക്കോഡുള്ളതാണു ഹര്‍ഭജന്‍ തിരിച്ചുവിളിക്കാന്‍ സെലക്‌ടര്‍മാരെ പ്രേരിപ്പിച്ചത്‌.
ഒരു ടെസ്‌റ്റ്‌ കൂടി കളിച്ചാല്‍ ഹര്‍ഭജന്‍ നൂറു തികയ്‌ക്കും. 99 ടെസ്‌റ്റുകളില്‍നിന്ന്‌ 408 വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ഭാജിക്കായി. ഹര്‍ഭജന്‍ ടീമിലെത്തിയെങ്കിലും ഓഫ്‌ സ്‌പിന്നര്‍ ആര്‍. അശ്വിന്‍ സ്‌ഥാനം നിലനിര്‍ത്തിയിട്ടുണ്ട്‌. ഇടംെകെയന്‍ സ്‌പിന്നര്‍ പ്രഗ്യാന്‍ ഓജയും സ്‌ഥാനം നിലനിര്‍ത്തി. ഗംഭീറിനെപ്പോലെ ഫോം മങ്ങി നില്‍ക്കുകയാണെങ്കിലും വീരേന്ദര്‍ സേവാഗിനെ നിലനിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്‌.
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ്‌ 27 വയസുകാരനായ ശിഖര്‍ ധവാന്‌ ടീമിലേക്കുള്ള വഴിയൊരുക്കിയത്‌. തമിഴ്‌നാടിന്റെ മുരളി വിജയ്‌ ആണ്‌ റിസര്‍വ്‌ ലിസ്‌റ്റിലുള്ള മറ്റൊരു താരം. ഇംഗ്ലണ്ടിനെതിരേ സ്വന്തം മണ്ണില്‍ നടന്ന ടെസ്‌റ്റ്‌ പരമ്പര 2-1 ന്‌ അടിയറ വച്ചതോടെ ടീം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.
ടീം: എം.എസ്‌. ധോണി (നായകന്‍), വീരേന്ദര്‍ സേവാഗ്‌, മുരളി വിജയ്‌, ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പൂജാര, സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട്‌ കോഹ്‌ലി, അജിന്‍ക്യ രഹാനെ, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, പ്രഗ്യാന്‍ ഓജ, ഹര്‍ഭജന്‍ സിംഗ്‌, ഇഷാന്ത്‌ ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, അശോക്‌ ദിന്‍ഡ.




കൂടുതല്‍വാര്‍ത്തകള്‍.