Breaking Now

'കഴുകന്മാര്‍' ആഫ്രിക്ക കീഴടക്കി

നൈജീരിയ കപ്പ് നേടുന്നത് മൂന്നാം തവണ

പത്തൊന്‍പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ 'സൂപ്പര്‍ കഴുകന്മാര്‍' ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ മുത്തമിട്ടു. ആവേശകരമായ മത്സരത്തില്‍ ബുര്‍ക്കിനാ ഫാസോയെ ഒരു ഗോളിന് കീഴടക്കിയായിരുന്നു നൈജീരിയയുടെ കിരീടധാരണം (1-0). ഒന്നാം പകുതിയില്‍ സണ്‍ഡേ എംബായാണ് വിജയഗോള്‍ നേടിയത്.
നൈജീരിയയുടെ ജയം, കോച്ച് സ്റ്റീഫന്‍ കെഷിയെയും ആഫ്രിക്കന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ അപൂര്‍വ നേട്ടത്തിന് അര്‍ഹനാക്കി. ക്യാപ്റ്റനായും കോച്ചായും ആഫ്രിക്കന്‍ കിരീടം ചൂടിയ അന്തരിച്ച ഈജിപ്ത് താരം മുഹമ്മദ് എല്‍ ഗോറിയുടെ റെക്കോഡിനൊപ്പം കെഷി എത്തി. 1994-ല്‍ നൈജീരിയ കപ്പുനേടുമ്പോള്‍ കെഷിയായിരുന്നു നായകന്‍.
ജയത്തോടെ ബ്രസീലില്‍ നടക്കുന്ന ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പില്‍ കളിക്കാന്‍ നൈജീരിയ അര്‍ഹരായി. ലോകചാമ്പ്യന്മാരായ സ്‌പെയിന്‍, താഹീതി, ഉറുഗ്വായ് എന്നിവരടങ്ങിയ ഗ്രൂപ്പിലാണ് പ്രവേശനം. ജയത്തോടെ എട്ട് കോടിയോളം രൂപയുടെ സമ്മാനവുംനൈജീരിയയ്ക്ക് ലഭിക്കും. 1980-ല്‍ ലാവോസില്‍ നടന്ന മത്സരത്തില്‍ അള്‍ജീരിയയെ 3-0ന് തകര്‍ത്താണ് നൈജീരിയ ആദ്യമായി കപ്പ് നേടുന്നത്. പിന്നീട് ടുണീസില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ സാംബിയയെ 2-1ന് കീഴടക്കി 14 വര്‍ഷത്തിനുശേഷം രണ്ടാമതും കപ്പില്‍ മുത്തമിട്ടു.

ടൂര്‍ണമെന്റില്‍ നാല് ഗോളുകള്‍ നേടിയ പ്രമുഖ സ്‌ട്രൈക്കര്‍ എമ്മാനുവല്‍ എമനികെയെ സെമി മത്സരത്തിനിടെ പരിക്കേറ്റതിനെത്തുടര്‍ന്ന് പുറത്തിരുത്തിയാണ് നൈജീരിയ കലാശക്കളിക്ക് ഇറങ്ങിയത്. ഇകിചുകാവു ഉച്ചെ എമനികെയ്ക്ക് പകരക്കാരനായിറങ്ങി. ഘാനയ്‌ക്കെതിരെ സെമിയില്‍ കളിച്ച അതേ ടീമുമായാണ് ബുര്‍ക്കിന ഫാസോ കളത്തിലെത്തിയത്. സെമിയില്‍ റഫറിയുടെ തെറ്റായ തീരുമാനത്താല്‍ പുറത്താക്കപ്പെട്ട ജോനാഥന്‍ പിട്രോപ്യയ്ക്ക് കളിക്കാന്‍ അവസരവും ലഭിച്ചു.
40-ാം മിനിറ്റില്‍ പെനാല്‍ട്ടി ബോക്‌സിന്റെ മൂലയില്‍ നിന്ന് എംബായെടുത്ത ഇടതുകാല്‍ ഷോട്ട് ബുര്‍ക്കിന ഗോളി ദൗദ ദിയാകിതെയെ നിസ്സഹായനാക്കി നെറ്റില്‍ പതിച്ചതോടെ നൈജീരിയ മുന്നിലെത്തി. എംബായുടെ ടൂര്‍ണമെന്റിലെ രണ്ടാം ഗോളാണിത്. ഐവറി കോസ്റ്റിനെതിരെ 2-1ന് വിജയിച്ച ക്വാര്‍ട്ടറിലായിരുന്നു ആദ്യഗോള്‍. രണ്ടാം പകുതിയില്‍, ലീഡില്‍ കടിച്ചുതൂങ്ങി കൂടുതല്‍ നേരം പന്ത് കൈവശം വെച്ചുള്ള നീക്കങ്ങളായിരുന്നു നൈജീരിയ പിന്തുടര്‍ന്നത്. ബുര്‍ക്കിന ആവട്ടെ പ്രത്യാക്രമണങ്ങളിലൂടെ സമനില പിടിച്ച് കളിയിലേക്ക് തിരിച്ചെത്താനുള്ള തന്ത്രമാണ് പയറ്റിയത്.




കൂടുതല്‍വാര്‍ത്തകള്‍.