
















ഡ്രൈവിങ് ടെസ്റ്റില്‍ തോറ്റതിന് റോഡ് ഗതാഗത അതോറിറ്റിയോട് തട്ടിക്കയറിയ ദുബൈയിലെ പ്രവാസി യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ആര്‍.ടി.എക്കെതിരെ അപവാദകരമായ ആക്ഷേപങ്ങളുന്നയിച്ചെന്നാരോപിച്ച് ഇന്ത്യന്‍ യുവാവിന് അഞ്ച് ലക്ഷം ദിര്‍ഹമാണ് പിഴ ഈടാക്കിയിരിക്കുന്നത്. ഏകദേശം 87.5 ലക്ഷം ഇന്ത്യന്‍ രൂപയോളം വരും ഈ തുക.
ഇ മെയില്‍ വഴി അപവാദം പ്രചരിപ്പിച്ചെന്ന പരാതിയിലാണ് നടപടി. പാവങ്ങളെ മനപൂര്‍വം തോല്‍പ്പിച്ച് വീണ്ടും വീണ്ടും ടെസ്റ്റിന് വിധേയമാക്കുകയാണെന്ന് ആരോപിച്ച് യുവാവ് ആര്‍ടി.എയ്ക്ക് മെയില്‍ അയയ്ക്കുകയായിരുന്നു. ഇതിനെതിരെ ആര്‍.ടി.എ ദുബൈ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സൈബര്‍ നിയമ ലംഘനമാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്ന പ്രധാന കുറ്റം. കൂടാതെ സര്‍ക്കാര്‍ വകുപ്പിനെ അവഹേളിച്ച കുറ്റത്തിന് പിഴയും മൂന്നു മാസം തടവും വിധിക്കുകയായിരുന്നു. വിധിക്കെതിരെ 15 ദിവസത്തിനകം ഇയാള്‍ക്ക് അപ്പീല്‍ നല്‍കാം.
അതേസമയം താന്‍ നിരപരാധിയാണെന്നും ടെസ്റ്റില്‍ തോറ്റതിന്റെ നിരാശയില്‍ അറിയാതെ സന്ദേശമയച്ചതാണെന്നും യുവാവ് ദുബൈ കോടതിയില്‍ വ്യക്തമാക്കി.