സ്വന്തം സഹോദരിയെ വിവാഹം കഴിച്ച് പോയാല്‍ പശ്ചാത്തപിക്കേണ്ടി വരുമെന്ന് ഒരു സഹോദരന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അയാളെ പിന്നെ വിവാഹത്തിന് പോയിട്ട് സ്വന്തം ജീവിതത്തിന്റെ ഏഴയലത്ത് ഏതെങ്കിലും വ്യക്തി അടുപ്പിക്കുമോ? മെഗാന്‍ മാര്‍ക്കിളും ഇതൊക്കെ തന്നെയാണ് ചെയ്യുന്നത്. രാജകുടുംബത്തില്‍ നിന്നും ഒരു ഭര്‍ത്താവിനെ കിട്ടാന്‍ പോകുന്നുവെന്നറിഞ്ഞത് മുതല്‍ തുടങ്ങിയതാണ് അകന്ന് കഴിയുന്ന അര്‍ദ്ധസഹോദരന്റെയും, സഹോദരിയുടെയുമൊക്കെ ശല്ല്യം. തങ്ങളുടെ മെയ് 19ന് നടക്കുന്ന വിവാഹത്തിന് ക്ഷണിക്കാത്തതാണ് ഇവരുടെയൊക്കെ രോഷത്തിന് കാരണം, ഒപ്പം ഇതുവഴി ലഭിച്ച മാധ്യമശ്രദ്ധ പരമാവധി ഉപയോഗിക്കുക കൂടി ലക്ഷ്യമുണ്ട്.
ഇത്രയും ദിവസം സഹോദരിയെ ശപിക്കുകയും, കെട്ടാന്‍ പോകുന്ന ഹാരിക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തുവന്ന അര്‍ദ്ധസഹോദരന്‍ തോമസ് മാര്‍ക്കിള്‍ ജൂനിയര്‍ ഇപ്പോള്‍ മാപ്പ് പറഞ്ഞാണ് രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ തവണ ഒരു തുറന്ന കത്ത് എഴുതിയപ്പോള്‍ അത് രാജകുടുംബത്തിനുള്ള മുന്നറിയിപ്പായിരുന്നു. ഇക്കുറി ഭാഷ മാറിയിരിക്കുന്നു. അതൊരു അപേക്ഷയായി മാറിയിട്ടുണ്ട്. വിവാഹത്തിന് എങ്ങിനെയെങ്കിലും ഒരു ക്ഷണക്കത്ത് തരപ്പെടുത്തുകയാണ് ഉദ്ദേശം. കുടുംബത്തിന്റെ സ്‌നേഹവും, പിന്തുണയും അറിയിക്കുക എന്ന സദുദ്ദേശ്യം മാത്രമാണ് തനിക്കുള്ളതെന്നാണ് ഈ അര്‍ദ്ധ സഹോദരന്‍ ഇപ്പോള്‍ അവകാശപ്പെടുന്നത്.
'ഞാന്‍ ഒരു സമ്പൂര്‍ണ്ണനൊന്നുമല്ല. നമ്മുടെ കുടുംബത്തില്‍ അങ്ങിനൊരു പെര്‍ഫെക്ട് വ്യക്തിയില്ല. നല്ലതായാലും ചീത്ത ആയാലും ഞങ്ങള്‍ മാത്രമാണ് നിനക്കുള്ള കുടുംബം. വിവാഹത്തിന് ക്ഷണം ലഭിക്കാത്തതില്‍ വിഷമമുണ്ട്. കുടുംബത്തിലെ മറ്റുള്ളവര്‍ക്കും ഇതില്‍ നിരാശയുണ്ട്. പക്ഷെ ഒട്ടും വൈകിയിട്ടില്ല എനിക്കൊരു ക്ഷണക്കത്ത് അയയ്ക്കാന്‍, നമ്മുടെ കുടുംബത്തിന് മുഴുവന്‍ ക്ഷണം നല്‍കാന്‍', സഹോദരന്‍ തുറന്ന കത്തില്‍ കുറിച്ചു. നമ്മളെല്ലാം ഒരുമിച്ച് കണ്ടിട്ട് ഏറെ നാളായെന്നും വിവാഹവേദി ഇതിന് പറ്റിയ അവസരമാണെന്നും വരെ 51-കാരന്‍ പറഞ്ഞുവെയ്ക്കുന്നുണ്ട്.
കൂടാതെ രാജകുടുംബത്തിന് മുന്നറിയിപ്പ് നല്‍കിയ കത്തിന് ഇയാള്‍ മാപ്പും അപേക്ഷിക്കുന്നു. എന്തായാലും കൈവിട്ട ആയുധം പോലെ തന്നെയാണ് വാക്കുകളും. ഒരിക്കല്‍ പറഞ്ഞാല്‍ പിന്നെ തിരിച്ചെടുക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഒരു ക്ഷണക്കത്ത് ഇദ്ദേഹം മോഹിക്കാതെ ഇരിക്കുകയാണ് മെച്ചം. സ്വന്തം അമ്മയെയും, അച്ഛനെയും മാത്രമാകും മെഗാന്‍ വിവാഹത്തിനായി കുടുംബത്തില്‍ നിന്നും വിളിച്ചിരിക്കുന്നത്.