ജോലിയില്‍ പ്രവേശിച്ച് ആദ്യ ദിവസം ഡ്യൂട്ടിയ്‌ക്കെത്തിയ നഴ്‌സിന് ദാരുണാന്ത്യം. സൗത്തെന്‍ഡില്‍ എയര്‍പോര്‍ട്ടില്‍ നടന്ന വിമാനാപകടത്തില്‍ കൊല്ലപ്പെട്ട നാല് പേരില്‍ ഒരാള്‍ അടുത്തിടെ വിവാഹിതയായ നഴ്‌സ് മരിയ ഫെര്‍ണാണ്ട റോജാസ് ഓര്‍ടിസാണെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
ചിലിയില്‍ ജനിച്ച ജര്‍മ്മന്‍ പൗരയായ മരിയ ഉള്‍പ്പെടെ നാല് വിദേശ പൗരന്‍മാര്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നതിന് പിന്നാലെ തകര്‍ന്നുവീണ വിമാനത്തില്‍ യാത്ര ചെയ്തിരുന്നു. ജെറ്റ് കൂപ്പുകുത്തുകയും, അഗ്നിഗോളമായി മാറുകയുമായിരുന്നു.
മറ്റ് വിമാനങ്ങളില്‍ കയറാനെത്തിയ യാത്രക്കാര്‍ ഞെട്ടലോടെ ഈ ദുരന്തത്തിന് സാക്ഷികളായി. തൊട്ടടുത്തുള്ള ഗോള്‍ഫ് കോഴ്‌സില്‍ നിന്നുമുള്ള ഗോള്‍ഫര്‍മാര്‍ ഈ ദൃശ്യങ്ങള്‍ കണ്ട്, അവിടേക്ക് ഓടുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ജെറ്റില്‍ സഞ്ചരിച്ച യാത്രക്കാരെല്ലാം മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു.
31-കാരി മരിയ ഓര്‍ടിസ് നഴ്‌സായി ജോലി ചെയ്തിരുന്ന ആളായിരുന്നു. ഫ്‌ളൈറ്റ് നഴ്‌സായി ആദ്യമായി ജോലിക്ക് കയറിയ ദിവസമാണ് അപകടം നടന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. വളരെ ദയാലുവായ നഴ്‌സ് തന്റെ സ്വഭാവത്തിന് അനുസരിച്ചാണ് നഴ്‌സിംഗ് പ്രൊഫഷന്‍ തെരഞ്ഞെടുത്തതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷമാണ് പങ്കാളിയുമായി ഇവര്‍ വിവാഹം ചെയ്തത്.
ചെറുവിമാനം തകര്‍ന്ന് ഡച്ചുകാരായ പൈലറ്റും, സഹപൈലറ്റും ഉള്‍പ്പെടെ എല്ലാവരും മരണപ്പെട്ടു. അപകടത്തെ തുടര്‍ന്ന് സൗത്തെന്‍ഡ് ഓണ്‍ സീയ്ക്ക് സമീപത്തെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി. മെഡിക്കല്‍ ജെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ഡച്ച് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു വിമാനം. നെതര്‍ലാന്‍ഡ്‌സിലെ ലെയ്സ്റ്റാഡ് എയര്‍പോര്‍ട്ടിലേക്കായിരുന്നു യാത്ര.