പണിമുടക്കില്‍ പങ്കെടുന്നുണ്ടോയെന്ന് ജോലി ചെയ്യുന്ന ട്രസ്റ്റുകളെ മുന്‍കൂര്‍ അറിയിക്കേണ്ടെന്ന് റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍. നടപടിയില്‍ രോഷം രേഖപ്പെടുത്തി ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് രംഗത്തെത്തി.
ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ നടപടി ഞെട്ടിക്കുന്ന, ഉത്തരവാദിത്വമില്ലാത്ത നീക്കമാണെന്ന് ഹെല്‍ത്ത് സെക്രട്ടറി കുറ്റപ്പെടുത്തി. ഇതുവഴി പണിമുടക്കിനെ നേരിടുന്നത് ട്രസ്റ്റുകള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടാക്കി മാറ്റുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ജൂലൈ 25 മുതല്‍ അഞ്ച് ദിവസത്തേക്കാണ് ബിഎംഎ റസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 29 ശതമാനം ശമ്പളവര്‍ദ്ധന അംഗീകരിക്കാത്ത പക്ഷം ഇതില്‍ ഇളവില്ലെന്നാണ് ഇവരുടെ നിലപാട്. സ്ട്രീറ്റിംഗുമായുള്ള ചര്‍ച്ചകള്‍ ഈയാഴ്ച നടക്കുന്നുണ്ട്.
എന്നിരുന്നാലും ഡോക്ടര്‍മാരുടെ ആവശ്യം അംഗീകരിക്കില്ലെന്ന് സ്ട്രീറ്റിംഗ് ആവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 28.9 ശതമാനം വര്‍ദ്ധന ആസ്വദിക്കുന്നവരാണ് ഈ വിഭാഗമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
ഈ സമരങ്ങള്‍ പ്രത്യാഘാതങ്ങളുണ്ട്, കാലതാമസങ്ങളും നേരിടേണ്ടി വരും. ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്നില്ലെന്ന് മുന്‍കൂര്‍ അറിയിച്ചില്ലെങ്കില്‍ ആവശ്യത്തിന് ജീവനക്കാരെ നിലനിര്‍ത്താന്‍ ബുദ്ധിമുട്ടാകും. ബിഎംഎയുടെ നിലപാട് പൂര്‍ണ്ണമായും തെറ്റാണ്, സ്ട്രീറ്റിംഗ് കോമണ്‍സ് ഹെല്‍ത്ത് കമ്മിറ്റിയില്‍ പറഞ്ഞു. ബിഎംഎ ഇപ്പോള്‍ ലേബറിന് അനുയോജ്യമായ ട്രേഡ് യൂണിയന്‍ പങ്കാളിയല്ലെന്നും സ്ട്രീറ്റിംഗ് നിലപാട് മാറ്റിയിട്ടുണ്ട്.