CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 15 Minutes 6 Seconds Ago
Breaking Now

ലോകത്തിലെ ഏറ്റവും പ്രായമേറിയ മാരത്തണ്‍ ഓട്ടക്കാരന് വിട, മരണം ഇന്ത്യയില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍; വയസ്സ് 100 പിന്നിട്ടിട്ടും മാരത്തണുകള്‍ ഓടി ലോകത്തെ വിസ്മയിപ്പിച്ച ഫൗജാ സിംഗ് പഞ്ചാബില്‍ എത്തിയപ്പോള്‍ അത്യാഹിതം; റോഡ് മുറിച്ച് കടക്കവെ അപകടം സംഭവിച്ചെന്ന് സ്ഥിരീകരിച്ച് ലണ്ടന്‍ ക്ലബ്

89-ാം വയസ്സ് വരെ അദ്ദേഹം ഓട്ടം തുടങ്ങിയിരുന്നില്ല

ലോകത്തിലെ ഏറ്റവും പ്രായമേറിയ മാരത്തണ്‍ ഓട്ടക്കാരനായ ബ്രിട്ടീഷുകാരന് സ്വദേശമായ ഇന്ത്യയിലെത്തിയപ്പോള്‍ ജീവഹാനി. 114-ാം വയസ്സിലാണ് ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ ബ്രിട്ടീഷ് അത്‌ലറ്റ് റോഡ് അപകടത്തില്‍ കൊല്ലപ്പെട്ടത്. 

മാരത്തണ്‍ പൂര്‍ത്തിയാക്കിയ ലോകത്തിലെ ഏറ്റവും പ്രായമേറിയ അത്‌ലറ്റായി കരുതുന്ന ഫൗജാ സിംഗ് ജന്മദേശമായ പഞ്ചാബിലെ ബീസ് പിന്ദ് ഗ്രാമത്തില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് കാര്‍ ഇടിച്ച് ഗുരുതരമായി പരുക്കേറ്റത്. ഫൗജാ സിംഗ് ഈ പരുക്കുകള്‍ക്ക് കീഴടങ്ങിയതായി ലണ്ടന്‍ അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റണ്ണിംഗ് ക്ലബും, ചാരിറ്റിയുമായ സിഖ്‌സ് ഇന്‍ ദി സിറ്റി സ്ഥിരീകരിച്ചു. ഈസ്റ്റ് ലണ്ടന്‍ ഇല്‍ഫോര്‍ഡില്‍ നടക്കാനിരിക്കുന്ന പരിപാടികള്‍ ഇദ്ദേഹത്തിന്റെ ജീവിതത്തിന്റെയും, നേട്ടങ്ങളുടെയും ആഘോഷമാക്കുമെന്ന് ക്ലബ് അറിയിച്ചു. 

വീട്ടിലേക്കുള്ള വഴിയില്‍ റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടം ഉണ്ടായതെന്ന് ക്ലബിലെ സിംഗിന്റെ കോച്ച് കൂടിയായ ഹര്‍മന്ദര്‍ സിംഗ് സ്ഥിരീകരിച്ചു. 1992 മുതല്‍ ഇല്‍ഫോര്‍ഡില്‍ താമസിച്ചിരുന്ന ഫൗജാ സിംഗ് പ്രായത്തിന്റെ അവശതകള്‍ മറന്ന് പല മാരത്തണ്‍ റെക്കോര്‍ഡുകളും തന്റെ പേരില്‍ എഴുതിച്ചേര്‍ത്തിരുന്നു. 100 വയസ്സ് കടന്നതിന് ശേഷവും മാരത്തണ്‍ ഓടാന്‍ തയ്യാറായിക്കൊണ്ട് നിരവധി അത്‌ലറ്റുകള്‍ക്ക് അദ്ദേഹം പ്രചോദനമായി. 

ഒളിംപിക്‌സ് വെബ്‌സൈറ്റില്‍ സിംഗിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷ് നിയന്ത്രണത്തിലായിരുന്ന ഇന്ത്യയിലെ പഞ്ചാബില്‍ 1911-ലാണ് അദ്ദേഹത്തിന്റെ ജനനം. കര്‍ഷക കുടുംബത്തിലെ നാല് കുട്ടികളില്‍ ഇളയവനായിരുന്നു. അഞ്ച് വയസ്സ് വരെ ശോഷിച്ച, ദുര്‍ബലമായ കാലുകള്‍ മൂലം നടക്കാന്‍ ബുദ്ധിമുട്ടിയിരുന്നു. ഭാര്യയുടെ മരണശേഷമാണ് മകനോടൊപ്പം സിംഗ് ഈസ്റ്റ് ലണ്ടനിലെത്തുന്നത്. 89-ാം വയസ്സ് വരെ അദ്ദേഹം ഓട്ടം തുടങ്ങിയിരുന്നില്ല. തന്റെ ആദ്യ മാരത്തണ്‍ ആറ് മണിക്കൂര്‍, 54 മിനിറ്റില്‍ പൂര്‍ത്തിയാക്കി അദ്ദേഹം ദേശീയശ്രദ്ധ നേടി. ഔദ്യോഗികമായി ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡുകള്‍ ഗിന്നസ് റെക്കോര്‍ഡില്‍ ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. 




കൂടുതല്‍വാര്‍ത്തകള്‍.