ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്തുവയസ്സുകാരിയായ മലയാളി പെണ്‍കുട്ടി മരിച്ചു.കൊല്ലം ചാത്തന്നൂര്‍ വരിഞ്ഞ വിള പണിക്കര്‍വീട്ടില്‍ ജോര്‍ജ് പണിക്കരുടെ മകള്‍ റുവാന (10) ആണ് മരിച്ചത്. സുഹൃത്തിന്റെ വീട്ടില്‍ ജന്മദിനാഘോഷത്തിന് കുടുംബ സമേതം പോയി മടങ്ങുമ്പോഴാണ് സംഭവം.
റുവാന സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. ജോര്‍ജ്, ഭാര്യ മഞ്ജു , മകന്‍ മനു എന്നിവരെ ഗുരുതര പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനുവിന്റെ നില ഗുരുതരമായി തുടരുകയാണ്. മെല്‍ബണ്‍ നഗരത്തിലാണ് അപകടം നടന്നത്.
മഞ്ജുവാണ് വാഹനമോടിച്ചത്. റോക്ക്ബാന്റിലൂള്ള 41 കാരനാണ് അപകടത്തില്‍പ്പെട്ട ഫോര്‍ഡ് ടെറിട്ടറി കാര്‍ ഓടിച്ചിരുന്നത്. അതീവ ഗുരുതരാവസ്ഥയിലാണ് ഇദ്ദേഹവും.
എതിര്‍ ദിശയില്‍ നിന്ന് വന്ന ഫോര്‍ഡ് ടെറിട്ടറി കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുമ്പോള്‍ ഇവരുടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് വിക്ടോറിയ പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ രണ്ടു കാറുകളും റോഡിന് പുറത്തേക്ക് തെറിച്ചുപോയി പൂര്‍ണ്ണമായും തകര്‍ന്നു.
മദ്യമുപയോഗിച്ചിരുന്നോ എന്നും വാഹനത്തിന്റെ വേഗതയും പോലീസ് അന്വേഷിക്കുന്നുണ്ട്. അതീവ ഗുരുതരാവസ്ഥയിലുള്ള 41 കാരന്റെ മൊഴി കൂടി ലഭിച്ചാലെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ.