മുംബൈ ഭീകരാക്രമണത്തില്‍ പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐക്കു പങ്കുണ്ടെന്നു വെളിപ്പെടുത്തി മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ തഹാവൂര്‍ റാണ. പാക്ക് സൈന്യത്തിന്റെ വിശ്വസ്ത ഏജന്റായിരുന്നു താനെന്നും 26/11ന് ആക്രമണം നടക്കുന്നതിന് തൊട്ടുമുന്‍പ് മുംബൈയില്‍ ഉണ്ടായിരുന്നെന്നും മുംബൈ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ റാണ സമ്മതിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലാണ് തഹാവൂര്‍ റാണയിപ്പോള്‍. 2008-ലെ മുംബൈ ഭീകരാക്രമണം എങ്ങനെയാണ് ആസൂത്രണംചെയ്തത്, മുഖ്യസൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ താന്‍ എങ്ങനെയാണ് സഹായിച്ചത് തുടങ്ങിയ വിവരങ്ങള്‍ റാണ വെളിപ്പെടുത്തിയെന്നാണ് മുംബൈ ക്രൈംബ്രാഞ്ച് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
പാക് സൈന്യത്തിനൊപ്പം പ്രവര്‍ത്തിച്ചതിന്റെ വിശദാംശങ്ങളും റാണ തുറന്നുപറഞ്ഞു. ഗള്‍ഫ് യുദ്ധത്തിന്റെ സമയത്ത് പാകിസ്ഥാന്‍ സൈന്യം തന്നെ സൗദി അറേബ്യയിലേക്ക് അയച്ചിരുന്നെന്നും റാണ വെളിപ്പെടുത്തി. സുഹൃത്തും സഹായിയുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുമായി ചേര്‍ന്ന് പാകിസ്ഥാനിലെ ഭീകരസംഘടനയായ ലഷ്‌കറെ തൊയിബയ്ക്കുവേണ്ടി നിരവധി പരിശീലന പരിപാടികള്‍ നടത്തിയിട്ടുണ്ടെന്നും തഹാവൂര്‍ റാണ വെളിപ്പെടുത്തി. ലഷ്‌കറെ തയിബ പ്രധാനമായും ചാരശൃംഖലയായിട്ടാണു പ്രവര്‍ത്തിച്ചിരുന്നത്.
മുംബൈയില്‍ ഒരു ഇമിഗ്രേഷന്‍ സെന്റര്‍ തുറക്കുക എന്ന ആശയം തന്റേതാണെന്നും അതിലെ സാമ്പത്തിക ഇടപാടുകള്‍ ബിസിനസ് ചെലവുകള്‍ എന്ന നിലയിലാണ് നടത്തിയതെന്നും റാണ പറഞ്ഞു. 26/11 ആക്രമണ സമയത്ത് താന്‍ മുംബൈയില്‍ ഉണ്ടായിരുന്നുവെന്നും അത് തീവ്രവാദികളുടെ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചതായി അന്വേഷണ വൃത്തങ്ങളില്‍ നിന്ന് സൂചനയുണ്ട്. റാണയുടെയും ഡേവിഡ് ഹെഡ്‌ലിയുടെയും ആസൂത്രണത്തിനൊടുവിലാണ് മുംബൈയില്‍ ഭീകരാക്രമണം നടത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇന്ത്യയില്‍ 'ഇമിഗ്രന്റ് ലോ സെന്റര്‍' എന്ന പേരില്‍ ഒരുകമ്പനി സ്ഥാപിച്ചായിരുന്നു ഇരുവരും ഭീകരാക്രമണത്തിന്റെ ആദ്യഘട്ട ആസൂത്രണങ്ങള്‍ ആരംഭിച്ചത്.
കമ്പനിയുടെ ആവശ്യങ്ങള്‍ക്കെന്നപേരില്‍ ഡേവിഡ് ഹെഡ്‌ലി ഇന്ത്യയിലെ വിവിധനഗരങ്ങളില്‍ സഞ്ചരിച്ചിരുന്നു. ഡല്‍ഹി, മുംബൈ, ജയ്പുര്‍, പുഷ്‌കര്‍, ഗോവ, പൂണെ തുടങ്ങിയ നഗരങ്ങളിലാണ് ഹെഡ്‌ലി സന്ദര്‍ശനം നടത്തിയത്. ഭീകരര്‍ക്ക് നിരീക്ഷണത്തിനായി സൗകര്യമൊരുക്കുക എന്നതായിരുന്നു കമ്പനി സ്ഥാപിച്ചതിന്റെ പ്രധാനലക്ഷ്യമെന്നും റാണ പറഞ്ഞു. മുംബൈ ഭീകരാക്രമണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് റാണ ഇന്ത്യയിലെത്തിയിരുന്നു. 2008 നവംബര്‍ 20, 21 തീയതികളില്‍ മുംബൈ പൊവ്വായിലെ ഹോട്ടലില്‍ താമസിച്ചു. തുടര്‍ന്ന് ഭീകരാക്രമണത്തിന് തൊട്ടുമുന്‍പ് ഇയാള്‍ ദുബായ് വഴി ബീജിങ്ങിലേക്ക് കടക്കുകയായിരുന്നു. ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ് പോലുള്ള സ്ഥലങ്ങള്‍ താന്‍ പരിശോധിച്ചതായും 26/11 ആക്രമണം പാകിസ്ഥാന്റെ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) യുമായി സഹകരിച്ചാണ് നടത്തിയതെന്നും റാണ പറഞ്ഞു.
ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് പോലെ മുംബൈയിലെ തിരക്കേറിയ സ്ഥലങ്ങളെക്കുറിച്ചുള്ള മുഴുവന്‍വിവരങ്ങളും ശേഖരിച്ച് ഡേവിഡ് ഹെഡ്‌ലിക്ക് കൈമാറിയത് റാണയാണെന്ന് 2023-ല്‍ മുംബൈ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച 405 പേജ് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കേസിലെ 14 സാക്ഷികളും ഭീകരാക്രമണത്തില്‍ റാണയുടെ പങ്ക് തെളിയിക്കുന്ന മൊഴികളാണ് നല്‍കിയത്.