ലോകത്തിന്റെ പ്രാര്‍ത്ഥനകള്‍ക്ക് ഫലമുണ്ടായി. തായ്‌ലാന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ വിജയകരമായി പുരോഗമിക്കുന്നു. രണ്ടാം ദിനത്തില്‍ എട്ടാമത്തെ ആണ്‍കുട്ടിയുമായാണ് ഡൈവര്‍മാര്‍ പുറത്തെത്തിയത്. നാല് കുട്ടികളും, ഇവരുടെ കോച്ചുമാണ് ഇപ്പോള്‍ ഗുഹയിലുള്ളത്. രണ്ടാം ദിനത്തിലെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിയതിനാല്‍ ഇവര്‍ ഇന്നുകൂടി ഗുഹയില്‍ കഴിച്ചുകൂട്ടേണ്ടിവരും.
ഇന്നലെയാണ് മഴയെ അതിജീവിച്ച് 13 ഗുഹാ ഡൈവര്‍മാരും, അഞ്ച് തായ് നേവി സീലുകളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. 15 ദിവസക്കാലമായി ഇവര്‍ കുട്ടികളും കോച്ചും ഗുഹയില്‍ കുടുങ്ങിക്കിടക്കുന്നു. ഇത്രയും ദിവസത്തിനിടെ ആദ്യമായ ശുദ്ധവായു ശ്വസിച്ചത് നാല് കുട്ടികളാണ്. ആരോഗ്യനില മോശമായ കുട്ടികളെയാണ് ആദ്യഘട്ടത്തില്‍ പുറത്തെത്തിച്ചത്.
ഇന്ന് രാവിലെയാണ് രണ്ടാം ഘട്ടപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്. അഞ്ചാമനെ രാവിലെ തന്നെ പുറത്തെത്തിച്ചു. ഇതിന് പിന്നാലെയാണ് വെള്ളപ്പൊക്കം ബാധിക്കപ്പെട്ട ടണലില്‍ നിന്നും മറ്റ് മൂന്ന് പേരെ കൂടി പുറത്തെത്തിച്ചത്. നാല് കുട്ടികളും കോച്ചും ഒരു രാത്രി കൂടി ഗുഹയില്‍ തുടരേണ്ടി വരുമെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.
ഇന്ന് രക്ഷിച്ച കുട്ടികളുടെ ആരോഗ്യനിലയെക്കുറിച്ച് അധികൃതര്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ല. ഇന്നലെ രക്ഷിച്ച കുട്ടികള്‍ ആശുപത്രിയില്‍ സാധാരണ നില കൈവരിച്ചു കഴിഞ്ഞു. രാത്രി മഴ പെയ്‌തെങ്കിലും ഗുഹയിലെ വെള്ളത്തിന്റെ നില മാറിമറിയാഞ്ഞത് രക്ഷാപ്രവര്‍ത്തകര്‍ക്ക് ആശ്വാസകരമായി. കഴിഞ്ഞ ആഴ്ച ടണലില്‍ ഒരു മുന്‍ നേവി ഉദ്യോഗസ്ഥന്‍ ശ്വാസം കിട്ടാതെ മരിച്ചത് വലിയ ആശങ്കയാണ് സൃഷ്ടിച്ചത്.