15 ദിവസക്കാലം ഭൂഗര്‍ഭ ഗുഹയില്‍ കുടുങ്ങിയ തായ് ഫുട്‌ബോള്‍ ടീമിനെ കണ്ടെത്തിയത് തന്നെ വലിയ ആശ്വാസമായിരുന്നു. അന്താരാഷ്ട്ര രക്ഷാപ്രവര്‍ത്തക സംഘത്തിന്റെ കൂടി പരിശ്രമത്തിനൊടുവില്‍ രണ്ട് ദിവസങ്ങള്‍ കൊണ്ട് എട്ട് കുട്ടികളെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുകയും ചെയ്തു. ഇനി ബാക്കിയുള്ളത് നാല് കുട്ടികളും ഇവരുടെ 25-കാരനായ കോച്ചുമാണ്. നാല് കുട്ടികളെയും ഒരു ദിവസം കൊണ്ട് പുറത്തെത്തിക്കാമെന്നാണ് ഡൈവര്‍മാര്‍ വ്യക്തമാക്കിയത്.
ഇതോടെ ഒരു രാത്രി ഒറ്റയ്ക്ക് ആ ഗുഹയില്‍ കോച്ച് ഒറ്റയ്ക്ക് കഴിച്ചുകൂട്ടേണ്ടി വരും. ചെളിക്കുണ്ട് പോലുള്ള ഗുഹയില്‍ കുട്ടികളെ പുറത്തെത്തിക്കുന്നതോടെയാണ് കോച്ച് ഒറ്റയ്ക്കാവുക. ഇന്ന് നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ നാല് കുട്ടികളെ പുറത്തെത്തിക്കാന്‍ കഴിഞ്ഞാല്‍ കോച്ച് ഏകഫോല്‍ ചാന്റവോംഗ് ഗുഹയില്‍ ഒറ്റയ്ക്കാകുന്ന സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്ന് റെസ്‌ക്യൂ ചീഫ് വ്യക്തമാക്കി.
മൂന്നര മണിക്കൂര്‍ നേരം കൊണ്ടാണ് നാല് കുട്ടികളെ വീതം ഡൈവര്‍മാര്‍ പുറത്തെത്തിക്കുന്നത്. ഈ രീതി വിജയകരമായതിനാല്‍ ഇത് തന്നെ ആവര്‍ത്തിക്കാനാണ് സാധ്യത. അതേസമയം ഗുഹയില്‍ നിന്നും പുറത്തെത്തിയ കുട്ടികളെ ഒന്ന് കെട്ടിപ്പുണരാന്‍ പോലും മാതാപിതാക്കള്‍ക്ക് സാധിച്ചില്ല. ഇന്‍ഫെക്ഷന്‍ ബാധിക്കുമെന്ന ഭയത്താലാണിത്. ഇവര്‍ ആശുപത്രിയില്‍ സാധാരണ നില വീണ്ടെടുക്കുകയാണ്.
ബ്രിട്ടീഷ് ഡൈവറുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഗുഹയില്‍ പെടുന്നതിന് മുന്‍പ് നീന്തല്‍ പോലും അറിയാത്തവരാണ് ഇവരുടെ സഹായത്തോടെ ഇരുട്ട് നിറഞ്ഞ അറയില്‍ നിന്നും സുരക്ഷിതത്വത്തിലേക്ക് കയറിവന്നത്.