
















പാര്‍ക്കിംഗ് പല സ്ഥലങ്ങളിലും ഒരു തലവേദനയാണ്. നമുക്ക് ആഗ്രഹമുള്ള ഇടത്ത് പാര്‍ക്കിംഗ് ചെയ്യാന്‍ സ്ഥലമില്ലാതെ വരുമ്പോള്‍ നീട്ടിയും കുറുക്കിയും അല്‍പ്പം അഡ്ജസ്റ്റ്‌മെന്റില്‍ കാര്യം സാധിക്കുന്നതാണ് പലരുടെയും രീതി. എന്നാല്‍ ഇത് അത്ര ഗുണകരമായ ഫലമല്ല സൃഷ്ടിക്കാറുള്ളത്. അനധികൃത പാര്‍ക്കിന്റെ പേരില്‍ പെനാല്‍റ്റി നോട്ടീസ് ഏറ്റുവാങ്ങി പിഴയടയ്ക്കുന്ന ദൗര്‍ഭാഗ്യവാന്‍മാരുടെ കാര്യത്തില്‍ ബ്രിട്ടനിലെ ഏറ്റവും കുപ്രശസ്തമായ ഇടമായി ബ്രൈറ്റണ്‍ റെക്കോര്‍ഡ് കുറിച്ചു.
ഇവിടെ കാറുകളേക്കാള്‍ കൂടുതല്‍ ടിക്കറ്റ് അടിച്ച് നല്‍കിയാണ് വാര്‍ഡന്‍മാര്‍ മാതൃകയായത്. ബ്രൈറ്റണ്‍ & ഹോവ് വാര്‍ഡന്‍മാര്‍ ആകെ നല്‍കിയത് 124,069 പെനാല്‍റ്റി ചാര്‍ജ്ജ് നോട്ടീസുകളാണ്. ഈ കണക്ക് നോക്കിയാല്‍ പ്രദേശത്ത് രജിസ്റ്റര്‍ ചെയ്ത നൂറ് കാറുകള്‍ക്ക് 112 ടിക്കറ്റ് വീതമാണ് നോട്ടീസ് സിദ്ധിച്ചത്. ലണ്ടനിലും, എഡിന്‍ബര്‍ഗിലുമുള്ള വാര്‍ഡന്‍മാരും നന്നായി അധ്വാനിക്കുന്നുണ്ടെന്ന് കണക്ക് സൂചിപ്പിക്കുന്നു. 
2017-ല്‍ ലണ്ടനില്‍ പുറത്തിറക്കിയത് 3,167,463 നോട്ടീസുകളും, എഡിന്‍ബര്‍ഗില്‍ 200,812 നോട്ടീസുകളുമാണ് നല്‍കിയത്. 100 രജിസ്‌റ്റേര്‍ഡ് കാറുകള്‍ക്ക് 101 വീതം നോട്ടീസുകളാണ് ഇവിടെ എത്തിയത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച ശേഷമാണ് ഇന്‍ഷുറര്‍ അഡ്മിറല്‍ ഈ കണക്ക് പുറത്തുവിട്ടത്. പാര്‍ക്കിംഗ് ചെയ്യുമ്പോള്‍ തടസ്സങ്ങളില്‍ ഇടിക്കുന്നതും, മറ്റ് കാറുകള്‍ ഇടിക്കുന്നതുമെല്ലാം ഇവര്‍ പരിശോധിച്ചു.
ഇത് പ്രകാരം പത്തില്‍ ഒരു ക്ലെയിം വീതം വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളുടെ പേരിലാണെന്ന് അഡ്മിറല്‍ പറയുന്നു. പാര്‍ക്ക് ചെയ്യുമ്പോള്‍ സൃഷ്ടിക്കുന്ന അപകടങ്ങളില്‍ പുരുഷന്‍മാരേക്കാള്‍ മുന്നില്‍ സ്ത്രീകളാണ്.