
















റഷ്യന്‍ ലോകകപ്പില്‍ ഇംഗ്ലണ്ട് ഇമ്മാതിരി മുന്നേറ്റം കുറിയ്ക്കുമെന്ന് ആരും സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിട്ടില്ല. യുവ ടീമുമായി സെമി ഫൈനല്‍ വരെ എത്തിനില്‍ക്കുന്ന ഗാരെത് സൗത്ത്‌ഗേറ്റിന്റെ ടീം ആ സുവര്‍ണ്ണനേട്ടത്തിന് തൊട്ടരികിലാണ്. ക്രൊയേഷ്യയെ തോല്‍പ്പിച്ച് ഫൈനലില്‍ ഫ്രാന്‍സിനെ നേരിടാനുള്ള യോഗ്യത നേടിയാല്‍ ഒരുപടി കൂടി അകലെയാകും ഇംഗ്ലണ്ട്. ലോകകപ്പ് കിരീടം കൂടി സ്വന്തമാക്കിയാല്‍ ഇംഗ്ലണ്ടില്‍ ആഘോഷം അണപൊട്ടും.
ഞായറാഴ്ച മോസ്‌കോയിലാണ് ഫൈനല്‍. ഇതിന് തൊട്ടടുത്ത ദിവസമായ തിങ്കളാഴ്ച ഇംഗ്ലണ്ടില്‍ ബാങ്ക് ഹോളിഡേ പ്രഖ്യാപിക്കണമെന്നാണ് ആരാധകരുടെ ആവശ്യം. ഇംഗ്ലണ്ട് കിരീടം ചൂടിയാല്‍ ആഘോഷിക്കാന്‍ അവധി ഇല്ലാതെ പറ്റില്ലല്ലോ. ഈ ആവശ്യം ഉന്നയിച്ചുള്ള ഗവണ്‍മെന്റ് പെറ്റീഷനില്‍ ഒന്നരലക്ഷത്തിലേറെ പേരാണ് ഒപ്പുവെച്ചത്. 
പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ ആവശ്യമായ ഒരു ലക്ഷം പരിധി ഇതിനോടകം കടന്നതോടെ അവധി കിട്ടാനുള്ള സാധ്യതയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇംഗ്ലണ്ട് ലോകകപ്പ് നേടിയാല്‍ തിങ്കളാഴ്ച ബാങ്ക് ഹോളിഡേ പ്രഖ്യാപിക്കണമെന്നാണ് പെറ്റീഷന്‍. ഇംഗ്ലണ്ടിനെ പിന്തുണയ്ക്കുന്നവര്‍ക്ക് അടുത്ത ദിവസം തലപൊക്കാന്‍ കഴിയില്ലെന്നതാണ് ഈ അവധിയുടെ ആവശ്യം വര്‍ദ്ധിപ്പിക്കുന്നത്.
ലോകകപ്പ് കിരീടം ചൂടിയാല്‍ ബാങ്ക് ഹോളിഡേ നല്‍കണമെന്ന ആവശ്യത്തെ ട്രേഡ്‌സ് യൂണിയന്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നു. യുകെയിലെ തൊഴിലാളികള്‍ക്ക് ഇതിന് അര്‍ഹതയുണ്ടെന്ന് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. എന്നാല്‍ നിയമം ആക്കാനുള്ള സമയം കുറവായതിനാല്‍ തെരേസ മേയ് നേരിട്ട് ഈ പ്രഖ്യാപനം നടത്തേണ്ടി വരും.