
















വിവാഹം അറേഞ്ച്ഡ് അല്ലെങ്കില്‍ കാര്യങ്ങള്‍ ഒന്നും ശരിയാകില്ലെന്ന് പൊതുവെ നമ്മുടെ സമൂഹത്തിന്റെ ഒരു രീതി. വീട്ടുകാര്‍ കണ്ടെത്തി നടത്തുന്ന വിവാഹ ബന്ധങ്ങളില്‍ കുഴപ്പം ഒന്നുമില്ലേയെന്ന് ചോദിച്ചാല്‍ അതൊക്കെ സ്വാഭാവികം എന്നാകും മറുപടി. ഇഷ്ടപ്പെട്ട ഒരു വ്യകതിയെ സ്വയം കണ്ടെത്തി ജീവിക്കാനുള്ള അവകാശം നമ്മുടെ നാട്ടിലെ ആണിനും പെണ്ണിനും സമൂഹം ഇപ്പോഴും കല്‍പ്പിച്ച് നല്‍കിയിട്ടില്ല. ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലെത്തിയ ടിന കെന്‍വര്‍ത്തിയുടെ ജീവിതത്തിലെ ആദ്യ ഭാഗം ഇതുപോലെയായിരുന്നു.
മൂന്ന് കുട്ടികള്‍ പിറന്ന ശേഷമാണ് ടിന തന്റെ ജീവിതത്തിന്റെ രണ്ടാം ഭാഗം കുറിച്ചത്. ഓണ്‍ലൈന്‍ ഡേറ്റിംഗ് ഏജന്‍സി വഴിയാണ് ലെസ്റ്ററില്‍ നിന്നുമുള്ള ഈ 46-കാരി പുതിയ ജീവിതം കണ്ടെത്തിയത്. ചൂണ്ടുവിരലിന് കീഴിലാണ് താനെന്ന് തോന്നിയതോടെയാണ് ആദ്യ വിവാഹം ഇവര്‍ വേണ്ടെന്ന് വെച്ചത്. ഓണ്‍ലൈന്‍ വഴി നടത്തിയ അന്വേഷണത്തിലാണ് 22 മൈല്‍ അകലെ ജീവിക്കുന്ന രണ്ടാമത്തെ പങ്കാളിയെ കണ്ടെത്തിയത്. നോട്ടിംഗ്ഹാമില്‍ നിന്നുമുള്ള കൊമേഴ്‌സ്യല്‍ ബാങ്കര്‍ ആന്‍ഡ്രുവിനൊപ്പമാണ് ടിന സമാധാനം കണ്ടെത്തിയത്. 
എന്നാല്‍ ഈ രണ്ടാം വിവാഹം അത്ര എളുപ്പമായിരുന്നില്ലെന്ന് ടിന വ്യക്തമാക്കുന്നു. ഇന്ത്യന്‍ പാരമ്പര്യം അനുസരിച്ച് ജീവിക്കുന്ന കുടുംബത്തിന്റെ അനുഗ്രഹം ഏറ്റുവാങ്ങാന്‍ ഏറെ സമയമെടുത്തു. ആന്‍ഡ്രുവുമായി ബന്ധപ്പെട്ട ഒന്നും കേള്‍ക്കാന്‍ അമ്മ തയ്യാറായില്ല. പങ്കാളിയെ കണ്ടെത്താന്‍ ഓണ്‍ലൈനില്‍ പോകുന്നത് ശരിയല്ലെന്നായിരുന്നു നിലപാട്. ഇതെല്ലാം തള്ളിയ ടിന നോട്ടിംഗ്ഹാമില്‍ ഹിന്ദു ആചാരപ്രകാരം നടത്തിയ വിവാഹത്തില്‍ ആന്‍ഡ്രുവിന്റെ കൈപിടിച്ചു.
ഗോവിന്ദ് (22), കാര്‍ത്തിക് (18), രാഹുല്‍ (10) എന്നിവരാണ് ആദ്യ വിവാഹത്തില്‍ ടിനയ്ക്ക് പിറന്ന മക്കള്‍. 93'ല്‍ ബ്രിട്ടനിലെത്തിയ ടിന രണ്ട് വര്‍ഷത്തിന് ശേഷം ഇന്ത്യയിലെത്തിയാണ് വിവാഹം കഴിച്ചത്. ഭര്‍ത്താവുമായി തിരികെ ഇംഗ്ലണ്ടില്‍ എത്തിയെങ്കിലും ജീവിതം സന്തോഷപ്രദമായില്ല. 38-ാം വയസ്സിലാണ് ഈ ബന്ധം അവസാനിപ്പിച്ചത്.