ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷിക ദിനത്തിന് തൊട്ടുമുന്‍പ് പശുവിന്റെ ജഡം കണ്ടെത്തുക. നാനൂറോളം വരുന്ന ശക്തമായ ആള്‍ക്കൂട്ടവും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുക, ഒരു പോലീസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെടുക... ബുലന്ദ്ഷഹറില്‍ കലാപം ആളിക്കത്തിക്കാന്‍ ഗൂഢാലോചന നടന്നതായി ഉത്തര്‍പ്രദേശ് പോലീസ് മേധാവി ഒപി സിംഗ് സംശയം ഉന്നയിക്കാന്‍ പ്രധാന കാരണം ഇതിനായി തെരഞ്ഞെടുത്ത സമയം തന്നെയാണ്.
ജില്ലയിലെ സയാനയില്‍ വനത്തിന് സമീപമാണ് പശുവിന്റെ ജഡം കണ്ടെത്തുന്നത്. ഇതിന്റെ പേരില്‍ തീവ്രവലത് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. പോലീസിന് നേരെ കല്ലെറിഞ്ഞതിന് പുറമെ തോക്കും പ്രയോഗിച്ചു. പോലീസ് തിരിച്ചും വെടിവെച്ചു. ഇതിനിടെയാണ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗ് ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടത്.
രണ്ട് എഫ്‌ഐആറുകളാണ് സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് യുപി ഡിജിപി ഓം പ്രകാശ് സിംഗ് വ്യക്തമാക്കി. ഒന്ന് പശുവിനെ അറുത്തതിനും, മറ്റൊന്ന് കലാപത്തിനുമാണ്. ബാബറി വാര്‍ഷികത്തിന് തൊട്ടുമുന്‍പ് പശുവിന്റെ ജഡം വിതറിയതാണ് പോലീസിനെ സംശയിപ്പിക്കുന്നത്. പശുവിനെ അറുത്ത ശേഷം ഈ ഭാഗത്ത് തന്നെ ഇത് വിതറിയതിനെയും പോലീസ് സേന സംശയത്തോടെയാണ് കാണുന്നത്.
സാമുദായിക സംഘര്‍ഷം ആകാതെ തടയാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് പോലീസ്. പ്രത്യേകിച്ച് സംഭവസ്ഥലത്ത് നിന്നും ഏതാനും കിലോമീറ്റര്‍ അകലെ മുസ്ലീം വിഭാഗങ്ങളുടെ സമ്മേളനവും നടന്നിരുന്നു. പ്രാദേശിക പോലീസ് സ്ഥിതിഗതികള്‍ തടഞ്ഞില്ലായിരുന്നെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമായിരുന്നു.