ഒരു ചായക്കടക്കാരനെ ഇന്ത്യയുടെ പ്രധാനമന്ത്രി ആക്കില്ലെന്ന് പ്രഖ്യാപിച്ച് 2014 ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്ര മോദിക്ക് പ്രചരണ ആയുധം സമ്മാനിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ വീണ്ടും പാര്‍ട്ടിക്ക് തലവേദനയാകുന്നു. മാധ്യമപ്രവര്‍ത്തകരെ ശാരീരികമായി കൈയേറ്റം ചെയ്യുമെന്ന ഭീഷണിയുമായാണ് അയ്യര്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. പഞ്ചാബ് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ ഇദ്ദേഹം മാധ്യമങ്ങളെ കാണുന്നതിന് ഇടെയാണ് രോഷാകുലനായ അയ്യര്‍ അടിക്കുമെന്ന് ഭീഷണി മുഴക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ മണിശങ്കര്‍ അയ്യര്‍ എഴുതിയ ലേഖനം സംബന്ധിച്ചായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. 'ഇന്ത്യയില്‍ നരേന്ദ്ര മോദിയെന്ന ഒരാളുണ്ട്. അയാളുടെ കടുപ്പമേറിയ അക്രമണങ്ങളെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടില്ലേ? അയാളോട് പോയി ചോദ്യങ്ങള്‍ക്ക് ചോദിക്ക്. അയാളൊരു ഭീരുവാണ്, മാധ്യമങ്ങളോട് സംസാരിക്കില്ല', അയ്യര്‍ പ്രതികരിച്ചു.
ഇതിന് ശേഷമാണ് റിപ്പോര്‍ട്ടര്‍മാര്‍ക്ക് നേരെ കോണ്‍ഗ്രസ് നേതാവ് മുഷ്ടി ചുരുട്ടിയത്. ഒരു മൈക്ക് തള്ളിമാറ്റുകയും ചെയ്തു. എന്നോട് നിങ്ങള്‍ ചോദ്യം ചോദിക്കരുതെന്നും, അടിക്കുമെന്നുമാണ് ഒരു മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയത്. ക്ഷമ ചോദിച്ച് കൊണ്ട് മാധ്യമപ്രവര്‍ത്തകന്‍ സ്ഥലത്ത് തുടര്‍ന്നെങ്കിലും ഇദ്ദേഹത്തോട് അസഭ്യം നിറഞ്ഞ വാക്കുകളുമായാണ് മണി ശങ്കര്‍ അയര്‍ സംസാരം തുടര്‍ന്നത്.
2017-ല്‍ മോദിക്കെതിരെ നീചജാതിയില്‍ പിറന്ന വ്യക്തിയെന്ന വിവാദ പരാമര്‍ശം നടത്തിയ അയ്യരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. 2018 ആഗസ്റ്റ് 18നാണ് നേതാവിനെ പാര്‍ട്ടി തിരിച്ചെടുത്തത്. എന്തായാലും പുതിയ പരാമര്‍ശങ്ങളും ബിജെപി ആയുധമാക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ സ്‌നേഹത്തിന്റെ രാഷ്ട്രീയത്തിലേക്കാണ് അയ്യരുടെ ഈ സംഭാവനയെന്ന് ബിജെപി വക്താവ് സാംബിത് പത്ര പ്രതികരിച്ചു.