CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 40 Minutes 52 Seconds Ago
Breaking Now

വ്യാജ വാട്‌സ്ആപ്പ് സന്ദേശത്തില്‍ കുരുങ്ങി മെട്രോ ബാങ്ക്; സേവിംഗ്‌സ് പിന്‍വലിക്കാന്‍ ഉപഭോക്താക്കളുടെ ക്യൂ; യഥാര്‍ത്ഥത്തില്‍ മെട്രോ ബാങ്ക് പൊളിഞ്ഞോ? നിങ്ങളുടെ നിക്ഷേപം ഇവിടെ സുരക്ഷിതമാണോ?

ബാങ്ക് തകരുകയാണെന്ന സന്ദേശം വ്യാപിച്ചതോടെ ആശങ്കാകുലരായ കസ്റ്റമേഴ്‌സ് പണം പിന്‍വലിക്കാനായി ബ്രാഞ്ചുകളില്‍ ക്യൂ നില്‍ക്കുകയാണ്.

മെട്രോ ബാങ്കിന് ഇപ്പോള്‍ മോശം സമയമാണെന്ന് അറിയാന്‍ അവരുടെ ബ്രാഞ്ചുകള്‍ അഥവാ സ്‌റ്റോറുകളില്‍ ചെന്നൊന്ന് നോക്കിയാല്‍ മതി. ബാങ്കിന്റെ സാമ്പത്തിക ആരോഗ്യസ്ഥിതി മോശമാണെന്ന വ്യാജ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ മൂലമാണ് 1.7 മില്ല്യണ്‍ ഉപയോക്താക്കളുള്ള ബ്രിട്ടനിലെ ആദ്യത്തെ പുതിയ ഹൈസ്ട്രീറ്റ് ലെന്‍ഡര്‍ പ്രതിസന്ധിയിലായത്. ബാങ്ക് തകരുകയാണെന്ന സന്ദേശം വ്യാപിച്ചതോടെ ആശങ്കാകുലരായ കസ്റ്റമേഴ്‌സ് പണം പിന്‍വലിക്കാനായി ബ്രാഞ്ചുകളില്‍ ക്യൂ നില്‍ക്കുകയാണ്. 

2010-ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം അമേരിക്കന്‍ ശതകോടീശ്വരന്‍ വെര്‍ണോണ്‍ ഹില്‍ രൂപീകരിച്ച ബാങ്ക് വ്യത്യസ്തമായ സേവനങ്ങളിലൂടെയാണ് ജനങ്ങളുടെ ഹൃദയത്തില്‍ ഇടംപിടിച്ചത്. ബ്രാഞ്ചുകളെ സ്റ്റോറുകളെന്നും, ഉപഭോക്താക്കളെ ഫാന്‍സ് എന്നും വിശേഷിപ്പിച്ച ബാങ്ക് ജനുവരിയില്‍ ഒരു അക്കൗണ്ടിംഗ് പിഴവിലൂടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. നിസ്സാരമെന്ന് കരുതിയ പ്രശ്‌നത്തില്‍ സിറ്റി വാച്ച്‌ഡോഗ് അന്വേഷണവും നടക്കുന്നു. 14 മാസത്തിനിടെ ബാങ്കിന്റെ ഷെയറുകള്‍ 87 ശതമാനം താഴേക്ക് പതിച്ചു. ഇന്‍വെസ്റ്റര്‍മാര്‍ 350 മില്ല്യണ്‍ പൗണ്ട് മെട്രോ ബാങ്കില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങവെയാണ് വാട്‌സ്ആപ്പില്‍ വ്യാജ സന്ദേശം പ്രചരിച്ചത്. 

നിക്ഷേപകര്‍ അക്കൗണ്ടുകളില്‍ നിന്നും, സേഫ്റ്റി ഡെപ്പോസിറ്റ് ബോക്‌സില്‍ നിന്നും പണം പിന്‍വലിക്കാന്‍ നെട്ടോടം ഓടുകയാണ്. എന്നാല്‍ തങ്ങളുടെ ബാങ്കിന് ലാഭത്തിന്റെ കാര്യത്തില്‍ ഇപ്പോഴും പ്രശ്‌നങ്ങളില്ലെന്ന് മെട്രോ ബാങ്ക് സ്ഥിരീകരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ വാസ്തവമില്ല, അതുകൊണ്ട് ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടെന്നും വക്താവ് വിശദീകരിച്ചു. കൂടാതെ ഇവരുടെ ഉപഭോക്താക്കള്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് കോമ്പന്‍സേഷന്‍ സ്‌കീമിന്റെ സംരക്ഷണയുള്ളവരാണ്. എഫ്എസ്‌സിഎസ് അനുസരിച്ച് യുകെ അംഗീകൃത ബാങ്ക്, ബില്‍ഡിംഗ് സൊസൈറ്റി, ക്രെഡിറ്റ് യൂണിയന്‍ എന്നിവയില്‍ നിക്ഷേപമുള്ളവര്‍ക്ക് ഇവര്‍ പരാജയപ്പെട്ടാല്‍ 85,000 പൗണ്ട് വ്യക്തിക്കും, ജോയിന്റ് അക്കൗണ്ടില്‍ 170,000 പൗണ്ട് വരെയും നഷ്ടപരിഹാരത്തിന് സാധ്യതയുണ്ട്. 

സേഫ്റ്റി ഡെപ്പോസിറ്റ് ബോക്‌സിന് എഫ്എസ്‌സിഎസ് സംരക്ഷണയില്ല. എന്നിരുന്നാലും ബോക്‌സിലെ കണ്ടന്റുകള്‍ക്ക് തങ്ങള്‍ക്ക് ഉടമസ്ഥതയില്ലെന്ന് മെട്രോ ബാങ്ക് സ്ഥിരീകരിക്കുന്നു. അതായത് ബാങ്കിന് എന്ത് സംഭവിച്ചാലും ബോക്‌സിലുള്ളത് കസ്റ്റമര്‍ക്ക് തിരികെ ലഭിക്കും. തങ്ങളുടെ ബ്രാഞ്ചുകള്‍ അടയ്ക്കാന്‍ ഉദ്ദേശമില്ലെന്നും പുതിയത് പണിയുകയാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.