ക്രിസ്തീയ വിശ്വാസികള്‍ ഈസ്റ്റര്‍ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുമ്പോഴാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ആ കൊടുംക്രൂരത പ്രവര്‍ത്തിച്ചത്. പ്രാര്‍ത്ഥിച്ച് നില്‍ക്കുന്ന ജനക്കൂട്ടത്തിന് ഇടയിലേക്ക് ബാഗുമായി കടന്നെത്തി അള്‍ത്താരയ്ക്ക് സമീപം ചാവേറായി പൊട്ടിത്തെറിച്ചപ്പോള്‍ തകര്‍ന്നത് ശ്രീലങ്കയുടെ ആത്മാവാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം നരേന്ദ്ര മോദി ലങ്കന്‍ മണ്ണില്‍ എത്തിയപ്പോള്‍ ആദ്യമായി സന്ദര്‍ശിച്ചത് സ്‌ഫോടനത്തില്‍ തകര്‍ന്ന കൊളംബോയിലെ സെന്റ് ആന്റണീസ് ചര്‍ച്ചാണ്.
ലങ്കന്‍ സന്ദര്‍ശനത്തില്‍ ആദ്യം തന്നെ ഭീകരര്‍ തകര്‍ത്ത പള്ളിയിലെത്താനുള്ള തീരുമാനത്തിന് പിന്നില്‍ ശ്രീലങ്കയിലെ ജനങ്ങള്‍ക്കുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയെന്ന ലക്ഷ്യമായിരുന്നു. ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഇരകള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ-
'ഭീരുക്കള്‍ നടത്തുന്ന തീവ്രവാദി അക്രമണങ്ങള്‍ കൊണ്ട് ശ്രീലങ്കയുടെ ആത്മാവിനെ തകര്‍ക്കാന്‍ കഴിയില്ല. ശ്രീലങ്ക വീണ്ടും ഉയരുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. ഇന്ത്യ ശ്രീലങ്കന്‍ ജനങ്ങള്‍ക്കൊപ്പം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിലയുറപ്പിക്കുകയാണ്', പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
പള്ളി സന്ദര്‍ശിച്ച ശേഷമാണ് ലങ്കന്‍ പ്രസിഡന്റിന്റെ വസതിയില്‍ ഔദ്യോഗിക വരവേല്‍പ്പിനായി പ്രധാനമന്ത്രി എത്തിയത്. പെയ്തിറങ്ങിയ മഴ നനയാതിരിക്കാന്‍ ലങ്കന്‍ പ്രസിഡന്റ് സിരിസേന കുട ചൂടി നല്‍കിയാണ് മോദിയെ വരവേറ്റത്. ഇന്ത്യ, ശ്രീലങ്ക സഹകരണം സംബന്ധിച്ച സുപ്രധാന ചര്‍ച്ചകളും ഇതിന് ശേഷം നടന്നു. ഭരണപക്ഷത്തോടൊപ്പം പ്രതിക്ഷ നേതാക്കളോടും, തമിഴ് ഐക്യത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനാ നേതാക്കള്‍ക്കൊപ്പവും പ്രധാനമന്ത്രി മോദി ചര്‍ച്ചകള്‍ നടത്തി.
ശ്രീലങ്കയില്‍ ചൈന നടത്തുന്ന മുന്നേറ്റങ്ങള്‍ ഇന്ത്യക്ക് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനം എന്നത് സുപ്രധാന വിഷയമാണ്. ലങ്ക ഭീകരവാദി അക്രമങ്ങള്‍ നേരിട്ടപ്പോള്‍ സഹായഹസ്തം നീട്ടിയതും ഇന്ത്യയാണ്.