
















കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്‌റ്റൈനുമായി ബന്ധപ്പെട്ട ഫയലിലെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റുകള്‍. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ട്രംപിന്റെ മുന്‍ ഉപദേശകന്‍ സ്റ്റീവ് ബാനന്‍, ബില്‍ ഗേറ്റ്സ്, റിച്ചാര്‍ഡ് ബ്രാന്‍സണ്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
ട്രംപ് ഉള്‍പ്പെടെയുള്ളവരും എപ്സ്‌റ്റൈനും തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ ആഴത്തിലേക്ക് വെളിച്ചം വീശുന്നതാണ് ചിത്രങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്. പുറത്തുവന്ന 19 ചിത്രങ്ങളില്‍ മൂന്നെണ്ണത്തില്‍ ട്രംപുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കുറ്റവാളിയാണ് ജെഫ്രി എപ്‌സ്‌റ്റൈന്‍. ന്യൂയോര്‍ക്ക് സിറ്റിയിലെ പ്രമുഖ വിദ്യാലയമായ ഡാല്‍ട്ടണ്‍ സ്‌കൂളിലെ ഗണിത അധ്യാപകനായിരുന്ന എപ്‌സ്‌റ്റൈന്‍ 1970കളില്‍ ജോലി ഉപേക്ഷിച്ച് ഇന്‍വെസ്റ്റര്‍ ബാങ്കായ ബെയര്‍ എസ്റ്റേണില്‍ ചേര്‍ന്നു. പിന്നീട് സ്വന്തമായി ജെ എപ്‌സ്‌റ്റൈന്‍ ആന്‍ഡ് കോ എന്ന സ്ഥാപനം ആരംഭിച്ചു. ട്രംപ് ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തികള്‍ ഇയാളുടെ നിശാ പാര്‍ട്ടികളില്‍ സഹകരിച്ചിട്ടുണ്ട്. ഇത് ആയുധമാക്കി ഡെമോക്രാറ്റിക് പാര്‍ട്ടി രംഗത്തെത്തിയിരുന്നു. വിവാദം കനത്തതോടെയാണ് ട്രംപ് ബില്ലില്‍ ഒപ്പുവച്ചത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക തൊഴിലിന് പ്രേരിപ്പിച്ചെന്നതടക്കമുള്ള ആരോപണങ്ങള്‍ എപ്‌സ്റ്റൈന്‍ നേരിട്ടിരുന്നു. 2008ല്‍ ഈ ആരോപണം എപ്‌സ്‌റ്റൈന്‍ സമ്മതിച്ചിരുന്നു. തുടര്‍ന്ന് 18 മാസത്തെ തടവുശിക്ഷ ലഭിച്ച എപ്‌സ്‌റ്റൈനെ 2019 ജൂലായില്‍ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.