CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes Ago
Breaking Now

കാത്തിരിപ്പിന് ഇനി ഏതാനും ദിവസങ്ങള്‍ കൂടി മാത്രം............ യുക്മ ദേശീയ കായികമാമാങ്കം ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍.......... വന്‍ ജനപങ്കാളിത്തത്തോടെ റീജിയണല്‍ കായികമേളകള്‍ പൂര്‍ത്തിയായി

യുക്മ ദേശീയ കായികമേള 2019 ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.  ദേശീയ മേളക്ക് മുന്നോടിയായി റീജിയണല്‍ തലത്തില്‍ പ്രഖ്യാപിച്ചിരുന്ന എല്ലാ മേഖലാ കായികമേളകളും ആവേശോജ്വലമായ ജനപങ്കാളിത്തത്തോടെ സമാപിച്ചു. യുക്മയുടെ സ്വന്തം കായിക തട്ടകമായ സട്ടന്‍ കോള്‍ഡ്ഫീല്‍ഡിലെ വിന്‍ഡ്‌ലി ലെഷര്‍ സെന്ററില്‍വച്ച് ഈ ശനിയാഴ്ചയാണ് ദേശീയ കായികമേള അരങ്ങേറുന്നത്. തുടര്‍ച്ചയായ ഒന്‍പതാം തവണയാണ് വിന്‍ഡ്‌ലി ലെഷര്‍ സെന്റര്‍ യുക്മ ദേശീയ കായികമേളക്ക് ആതിഥേയത്വം വഹിക്കുന്നത്. 

റീജിയണല്‍ മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ ഏറ്റുമുട്ടുന്ന ദേശീയ വേദികള്‍ ആണ് യുക്മ ദേശീയ കായികമേളകള്‍. റീജണല്‍ കായികമേളകളില്‍ വ്യക്തിഗത ഇനങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കും, ഗ്രൂപ്പ് ഇനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്കുമാണ് ദേശീയ  മേളയില്‍  പങ്കെടുക്കുവാന്‍  അവസരം ലഭിക്കുക. പ്രധാനപ്പെട്ട റീജിയണുകള്‍ എല്ലാം തന്നെ മുന്‍കൂട്ടി പ്രഖ്യാപിച്ചനുസരിച്ച് റീജിയണല്‍ കായികമേളകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 

ജൂണ്‍ ഒന്ന് ശനിയാഴ്ച നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേള ലിവര്‍പൂളിലും, യോര്‍ക്ക് ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണല്‍ കായികമേള ലീഡ്‌സിലും ഗംഭീരമായി സംഘടിപ്പിക്കപ്പെട്ടിരുന്നു. ജൂണ്‍ എട്ട് ശനിയാഴ്ച സൗത്ത് ഈസ്റ്റ് റീജിയണ്‍ കായികമേള ഹേവാര്‍ഡ്‌സ് ഹീത്തിലും, ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ മേള റെഡിച്ചിലും, സൗത്ത് വെസ്റ്റ് റീജിയണല്‍ മത്സരങ്ങള്‍ ആന്‍ഡോവറിലും നടന്നു.

യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള ചെയര്‍മാനും ദേശീയ ജനറല്‍  സെക്രട്ടറി അലക്‌സ് വര്‍ഗീസ് വൈസ് ചെയര്‍മാനും ദേശീയ ജോയിന്റ് ട്രഷറര്‍ ടിറ്റോ തോമസ് ജനറല്‍ കണ്‍വീനറുമായുള്ള സമിതി ദേശീയതല കായിക മേളകളുടെ തയ്യാറെടുപ്പുകള്‍ വിലയിരുത്തി വരുന്നു. ഈ വര്‍ഷം റീജിയണല്‍ തല മത്സരങ്ങളിലെ വന്‍ ജനപങ്കാളിത്തം കണക്കിലെടുത്തു ദേശീയ മേളയിലേക്ക് കൂടുതല്‍ മത്സരാര്‍ത്ഥികള്‍ എത്തിച്ചേരുമെന്ന് വിലയിരുത്തപ്പെടുന്നു. 

സമയ ബന്ധിതമായി മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള രൂപരേഖ ദേശീയ കമ്മറ്റി തയ്യാറാക്കിക്കഴിഞ്ഞു. അതനുസരിച്ച് ഈ വര്‍ഷം വടംവലി മത്സരങ്ങള്‍ ദേശീയ കായികമേളയുടെ ഭാഗമായി  ഉണ്ടായിരിക്കില്ലെന്ന്  സംഘാടക സമിതി അറിയിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് ദേശീയ തലത്തില്‍ വിപുലമായ വടംവലി മത്സരം സംഘടിപ്പിക്കുന്നതിന്റെ സാധ്യതകള്‍ ദേശീയ കമ്മറ്റി പരിഗണിക്കുന്നുണ്ട്.

ദേശീയ ട്രഷറര്‍ അനീഷ് ജോണ്‍, വൈസ് പ്രസിഡന്റ്മാരായ അഡ്വ. എബി സെബാസ്റ്റ്യന്‍, ലിറ്റി ജോര്‍ജ്, ജോയിന്റ് സെക്രട്ടറിമാരായ സാജന്‍ സത്യന്‍, സെലീന സജീവ്, റീജിയണല്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ കായികമേള വന്‍വിജയമാകുവാനുള്ള തയ്യാറെടുപ്പുകളിലാണ്. മേഖലാ തലത്തില്‍ കായികമേളകള്‍ സംഘടിപ്പിക്കുവാന്‍ കഴിയാതെ വന്ന റീജിയനുകളിലെ കായിക പ്രതിഭകള്‍ക്കും, നിബന്ധനകള്‍ക്ക് അനുസൃതമായി ദേശീയ മേളയില്‍ പങ്കെടുക്കുവാനുള്ള അവസരം ക്രമീകരിക്കുന്നതാണെന്ന് ദേശീയ നിര്‍വാഹക സമിതി അറിയിച്ചു. മത്സരം നടക്കുന്ന സ്റ്റേഡിയത്തിന്റെ മേല്‍വിലാസം : Wyndley Leisure Cetnre, Clifton Road, Sutton Coldfield, West Midlands  B73 6EB

 

Sajish Tom

 




കൂടുതല്‍വാര്‍ത്തകള്‍.