CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 8 Minutes 14 Seconds Ago
Breaking Now

വെളിച്ചം പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന നാലാമത് കൃതി ജോര്‍ജ്ജ് അറങ്ങാശ്ശേരിയുടെ കവിതാ സമാഹാരം 'നിറഭേദങ്ങളില്ലാത്ത മരണം' ജൂണ്‍ 28 ന് പ്രകാശനം ചെയ്യുന്നു

ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പുസ്തകപ്രസിദ്ധീകരണ വിഭാഗമായ വെളിച്ചം പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന നാലാമത്തെ കൃതി ജോര്‍ജ്ജ് അറങ്ങാശ്ശേരിയുടെ കവിതാ സമാഹാരം 'നിറഭേദങ്ങളില്ലാത്ത മരണം ' 2019 ജൂണ്‍ 28 ന്  എറണാകുളം ഗ്രാന്‍ഡ് ഹോട്ടലില്‍ നടക്കുന്ന സുഹൃത് സമ്മേളനത്തില്‍ പ്രകാശനം ചെയ്യുന്നു.

ജീവിതത്തിന്റെ  ദുഃഖാത്മകതയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ജീവിതത്തില്‍ ഊറി വരുന്ന ഭാവങ്ങളുടെ ചിത്രങ്ങളാണ് ജോര്‍ജ്ജ് അറങ്ങാശ്ശേരിയുടെ ഓരോ കവിതയും. വിഷാദത്തിന്റെ ഒരു നനുത്ത ആവരണം പൊതിയുന്ന 11 കവിതകള്‍ അടങ്ങിയ നിറഭേദങ്ങളില്ലാത്ത മരണം ' വായനക്കാരന്  നല്ലൊരു വായനാനുഭവം പ്രദാനം ചെയ്യുന്നു. റാം മോഹന്‍ പാലിയത്ത് എഴുതിയ അവതാരികയും എം. തോമസ് മാത്യു എഴുതിയ ആസ്വാദന കുറിപ്പും പുസ്തകത്തിന്റെ ഉള്ളടക്കത്തെ മികവുറ്റതാക്കുന്നു.

 യുകെയിലെ  സാഹിത്യ ലോകത്ത് സുപരിചിതനായ ചാലക്കുടി സ്വദേശിയായ ജോര്‍ജ്ജ് അറങ്ങാശ്ശേരി  സ്‌കോട്ട്‌ലാന്‍ഡില്‍ അബര്‍ഡീനില്‍ താമസിക്കുന്നു. മലയാള സാഹിത്യത്തില്‍ ബിരുദധാരിയായ ജോര്‍ജ്ജ് 'മുറിവ് ' എന്ന പേരിലുള്ള ഇന്‍ലന്‍ഡ് മാസികയുടെ  എഡിറ്ററായിരുന്നു. ചാലക്കുടിയിലെ ദൃശ്യവേദി എന്ന സംഘടനയുടെ രൂപീകരണത്തില്‍ പ്രധാന പങ്കു വഹിച്ചു. മലയാളത്തിലെ 

ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലും കഥകളും കവിതകളും എഴുതാറുള്ള  ജോര്‍ജ്ജ് അറങ്ങാശ്ശേരിയുടെ പ്രഥമ കൃതിയായ  ' വൃത്തിയാവാത്ത മുറി ' എന്ന കഥാ സമാഹാരത്തിന് മലയാളി അസോയ്‌സിയേഷന്‍ ഓഫ് മെരിലാന്‍ഡ് (അമേരിക്ക )നടത്തിയ സാഹിത്യമത്സരത്തില്‍ പ്രഥമ സ്ഥാനം ലഭിച്ചിട്ടുണ്ട്.  യുക്മ സാംസ്‌കാരിക വേദി പ്രസിദ്ധീകരിക്കുന്ന 'ജ്വാല ഇ മാഗസിന്റെ ' എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമാണ്.

പ്രവാസി എഴുത്തുകാരുടെ കൃതികള്‍ പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം ആരംഭിച്ച ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ  പുസ്തക പ്രസിദ്ധീകരണ വിഭാഗമായ വെളിച്ചം പബ്ലിക്കേഷന്‍ പ്രമുഖ  മലയാള സാഹിത്യകാരന്മാരുടെയും കൃതികള്‍ പ്രസിദ്ധീകരിക്കുവാന്‍  തയ്യാറെടുക്കുകയാണെന്ന് ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പ്രധാന സംഘാടകന്‍ റജി നന്തികാട്ട് അറിയിച്ചു.

 

 




കൂടുതല്‍വാര്‍ത്തകള്‍.