CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 23 Minutes 24 Seconds Ago
Breaking Now

ആദ്യം ജാമ്യത്തിന് 50,000 പൗണ്ട്, മൂന്നാമത് 2 മില്ല്യണ്‍ പൗണ്ട്; കോടികള്‍ അമ്മാനമാടുന്ന നിരവ് മോദിക്ക് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കുമെന്ന് ബ്രിട്ടീഷ് കോടതി; തിരക്കേറിയ ജയിലില്‍ താമസസുഖം പോരെന്ന് വജ്രവ്യാപാരി

ജയിലിലെ താമസം മൂലം തന്റെ മാനസിക ആരോഗ്യ മോശമായെന്ന തരത്തിലുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടാണ് പ്രതിഭാഗം സമര്‍പ്പിച്ചത്

ഇന്ത്യയിലേക്ക് നാടുകടത്താനുള്ള അപേക്ഷയില്‍ നാലാം തവണയും നിരവ് മോദിക്ക് ബ്രിട്ടീഷ് കോടതി ജാമ്യം നിഷേധിച്ചു. ഇംഗ്ലണ്ട് & വെയില്‍സ് ഹൈക്കോടതി ജഡ്ജാണ് നിരവ് മോദിക്ക് ജാമ്യം നല്‍കാന്‍ വിസമ്മതിച്ചത്. ജാമ്യം നേടി പുറത്തിറങ്ങിയാല്‍ വജ്രവ്യാപാരി കീഴടങ്ങാന്‍ സാധ്യതയില്ലെന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ സാക്ഷികളെയും തെളിവുകളെയും ഇയാള്‍ സ്വാധീനിക്കുമെന്നും വിശ്വസിക്കാന്‍ പര്യാപ്തമായ തെളിവുകളുണ്ടെന്നും കോടതി വ്യക്തമാക്കി. 

നിരവ് മോദിയുടെ അഭിഭാഷക ക്ലെയര്‍ മോണ്ട്‌ഗോമറി ജാമ്യം നേടാനായി വിവിധ വിഷയങ്ങള്‍ മുന്നോട്ടുവെച്ചു. എന്നാല്‍ ഇന്ത്യന്‍ വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസ് (സിപിഎസ്) ഇതിനെ എതിര്‍ത്തു. തിരക്കേറിയ വെസ്റ്റ് ലണ്ടനിലെ വാന്‍ഡ്‌സ്‌വര്‍ത്ത് ജയിലിലാണ് നിരവ് മോദിയെ പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടുത്തെ സ്ഥിതി വളരെ കഷ്ടമാണെന്നാണ് അഭിഭാഷക വാദിക്കുന്നത്. 

വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ജൂണ്‍ 27ന് റിമാന്‍ഡ് ഹിയറിംഗാണ് അടുത്ത നടപടി. തുടര്‍ന്ന് 28 ദിവസത്തേക്ക് വീണ്ടും റിമാന്‍ഡ് ചെയ്യും. ജൂലൈ 29ന് ഇതേ കോടതിയില്‍ നാടുകടത്തല്‍ വിചാരണ ആരംഭിക്കും. ഇന്ത്യന്‍ ഗവണ്‍മെന്റ് നിരവ് മോദി കേസില്‍ കൃത്യമായ ഇടപെടല്‍ നടത്തിയിട്ടുള്ളതായി വിധി വായിക്കവെ ജഡ്ജ് ഇന്‍ഗ്രിഡ് സിംലര്‍ പരാമര്‍ശിച്ചു. അന്താരാഷ്ട്ര തലത്തില്‍ തട്ടിപ്പ് തടയുകയെന്ന നല്ല ഉദ്ദേശത്തോടെയാണ് ഇന്ത്യയുടെ നീക്കങ്ങള്‍. 

ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ മാറ്റിമറിക്കാനും, നശിപ്പിക്കാനും ശ്രമം നടത്തുമെന്ന് ജഡ്ജ് വ്യക്തമാക്കി. കൂടാതെ ഫണ്ടുകളില്‍ കൈകടത്താനും സാധിക്കും. നാടുകടത്തല്‍ നേരിടാന്‍ യുകെ സുരക്ഷിത താവളമാക്കിയത് എന്ത് കൊണ്ടെന്നാണ് തനിക്ക് മനസ്സിലാകാത്തതെന്നും ജഡ്ജ് പറഞ്ഞു. 

ആദ്യ ജാമ്യാപേക്ഷയില്‍ ജാമ്യത്തുക 50,000 പൗണ്ട് എന്നത് മൂന്നാം അപേക്ഷ ആയപ്പോള്‍ 2 മില്ല്യണ്‍ പൗണ്ടായി ഉയര്‍ന്നത് ഉദാഹരണമായി ജഡ്ജ് ചൂണ്ടിക്കാണിച്ചു. ഫണ്ടിലേക്ക് നിരവ് മോദി അനായാസം എത്തുന്നതായി ഇത് കാണിക്കുന്നു. ജയിലിലെ താമസം മൂലം തന്റെ മാനസിക ആരോഗ്യ മോശമായെന്ന തരത്തിലുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടാണ് പ്രതിഭാഗം സമര്‍പ്പിച്ചത്. എന്നാല്‍ ഇതൊക്കെ വ്യക്തിപരമായ ബുദ്ധിമുട്ടാണെന്ന് കാണിച്ച് കോടതി തള്ളി.  




കൂടുതല്‍വാര്‍ത്തകള്‍.