Breaking Now

പടികള്‍ ഇറങ്ങി ഞാനെത്തുമ്പോൾ ആഹാരവുമായി കാത്തുനില്‍ക്കുന്ന അമ്മ ഇനി ഇല്ലല്ലോ ; മിനിയുടെ മരണത്തില്‍ വേദന പങ്കുവച്ച മകന്റെ വാക്കുകള്‍ കൂടി നിന്നവരെ കണ്ണീരണിയിച്ചു ; യുകെ മലയാളികള്‍ വേദനയോടെ പ്രിയ മിനിയ്ക്ക് യാത്രയേകി

യുകെ മലയാളികള്‍ വേദനയോടെ മിറിയത്തിന് യാത്രയേകി.

അമ്മയ്ക്ക് തുല്യം അമ്മ മാത്രം. അമ്മയില്ലാത്ത വീട് നമുക്കെല്ലാം വേദന മാത്രം നല്‍കുന്നതാണ്. എല്ലാത്തിനും അമ്മേ... എന്നുവിളിച്ച് ശീലിച്ച നമുക്ക് നെഞ്ചു പൊള്ളിക്കും ആ വിടവാങ്ങല്‍. നഴ്‌സ് മിറിയത്തിന്റെ വേര്‍പിരിയല്‍ ചടങ്ങില്‍ മകന്റെ വാക്കുകള്‍ എല്ലാവരുടേയും ഉള്ളു പൊള്ളിച്ചു. സ്‌കൂളിലേക്ക് പോകാന്‍ വേഗത്തില്‍ പടികളിറങ്ങി വരുന്ന എനിയ്ക്ക് ആഹാരം നല്‍കാന്‍ കാത്തുനില്‍ക്കുന്ന അമ്മ ഇനിയുണ്ടാകില്ലല്ലോ എന്ന എബിയുടെ വാക്കുകള്‍ കൂടി നിന്നവരുടെ കണ്ണു നനയിച്ചു. 

ഉള്ളില്‍ ഭാരമേകിടുമ്പോള്‍ തന്റെ സ്‌നേഹം കൂടെയുണ്ട്.. വരുംകാലം ഓര്‍ത്ത് ഞാന്‍ ഉലകില്‍ നിന്നെ കാത്തു കാത്തിരിക്കും... ഒരു ഗാനത്തിലൂടെ പ്രിയതമയ്ക്ക് യാത്രാമൊഴിയേകി മിനിയുടെ ഭര്‍ത്താവ് സ്റ്റീഫന്‍. വരികളിലെ ഉള്ളുനീറുന്ന അര്‍ത്ഥം വേര്‍പാടിന്റെ ആഴത്തെ അനുസ്മരിക്കുന്നതായിരുന്നു. ജീവിതത്തില്‍ സന്തോഷത്തിലും സങ്കടത്തിലും കൂട്ടായിരുന്ന പ്രിയതമ ഇനിയില്ലെന്ന തിരിച്ചറിവ് സ്റ്റീഫനേയും സ്‌നേഹവും കരുതലുമായി കൂടെയുണ്ടായിരുന്ന അമ്മ ഇനിയില്ലെന്ന മക്കളുടെ വേദനയും അവരുടെ വാക്കില്‍ നിറഞ്ഞു നിന്നു. മരണം സമ്മാനിക്കുന്ന വേദന കാലത്തിനും മായ്ക്കാനാകില്ല. ഒരിക്കല്‍ അത് ഏവരിലും സംഭവിക്കുമെങ്കിലും മരിക്കുകയെന്ന യഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ അത്ര എളുപ്പമല്ല. പെട്ടെന്നുള്ള മിനിയുടെ വേര്‍പാടില്‍ ഇങ്ങനെ ഒരു അവസ്ഥയിലാണ് കുടുംബം.

യുകെ മലയാളികള്‍ വേദനയോടെ മിറിയത്തിന് യാത്രയേകി. സ്വന്‍ഡനിലെ സൂപ്പര്‍ മറൈന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് സോഷ്യല്‍ ക്ലബില്‍ വച്ചായരുന്നു പൊതു ദര്‍ശനം . എണ്ണൂറിലേറെ പേരാണ് മരിച്ച നഴ്‌സ് മിറിയം സ്റ്റീഫന് യാത്രാ മൊഴിയേകാനെത്തിയത്. മഴയില്‍ കുതിര്‍ന്ന ഒരു ദിവസം ചടങ്ങായപ്പോഴേക്കും മഴമാറി ആകാശം തെളിഞ്ഞത് മിറിയത്തിന്റെയും കുടുംബത്തിന്റെയും ചെയ്ത നന്മകളുടെ നേര്‍ക്കാഴ്ചയായി.

രാവിലെ എട്ടരയ്ക്ക് സ്വിന്‍ഡനില്‍ നിന്ന് മൃതദേഹം വീട്ടിലെത്തിച്ച് അവിടെ ചെറിയൊരു പ്രാര്‍ത്ഥനയുണ്ടായിരുന്നു. ഹാളിലെത്തിച്ച് പിന്നീട് പത്തുമണിയോടെ പ്രാര്‍ത്ഥനയും പൊതുദര്‍ശനവും അനുശോചനമറിയിക്കലും നടന്നു. വെസ്റ്റ് ലണ്ടന്‍ ചര്‍ച്ച് ഓഫ് ഗോഡ് സീനിയര്‍ പാസ്റ്റര്‍ റവ സജി മാത്യുവന്റെ നേതൃത്വത്തിലാണ് ശുശ്രൂഷ ചടങ്ങുകള്‍ നടന്നത്. കുടുംബവും അസോസിയേഷന്‍ അംഗങ്ങളും പാസ്റ്ററും ഉള്‍പ്പെടെ മിനിയ്ക്ക് അനുശോചനം അറിയിച്ച് സംസാരിച്ചു.

വലിയൊരു ജനക്കൂട്ടമാണ് മഴയെ അവഗണിച്ച് ചടങ്ങിനെത്തിയത്. ഇതു തന്നെ കുടുംബത്തോടുള്ള ഏവരുടേയും അടുപ്പം വ്യക്തമാക്കുന്നതാണ് .

കാന്‍സറെന്ന് തിരിച്ചറിഞ്ഞ ശേഷം രണ്ടാഴ്ച വേദനയുടെ നാളുകളായിരുന്നു മിനിയുടേത്. ചിങ്ങവനം പാമ്പാടി സ്വദേശിയായ മനിയ്ക്ക് ബ്രസ്റ്റ് ക്യാന്‍സര്‍ പിന്നീട് ശരീരത്തിലേ മറ്റ് അവയവങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.

ന്‍ഡണ്‍ ഗ്രേറ്റ് വെസ്റ്റേണ്‍ ആശുപത്രിയില്‍ റെസ്പിറേറ്ററി സെപെഷ്യലിസ്റ്റ് നഴ്‌സായി സേവനം അനുഷ്ഠിച്ചിരുന്ന ഈ 49കാരി ഇതേ ആശുപത്രിയില്‍ വെച്ച് ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.

ശുശ്രൂഷയ്ക്ക് ശേഷം 12 മണിയോടെ ക്രിമിറ്റോറിയത്തില്‍ എത്തിച്ചു. പെന്തക്കോസ്ത് സഭയിലെ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു.യുക്മയെ പ്രതിനിധീകരിച്ച് പത്മരാജന്‍ പങ്കെടുത്തിരുന്നു. സ്വാസ്‌ബെറി, ജിഎംഎ, വില്‍ഷെയര്‍ അസോസിയേഷന്‍ അംഗങ്ങള്‍ എത്തിയിരുന്നു. 

 

വില്‍ഷെയര്‍ അസോസിയേഷന്‍ അംഗങ്ങള്‍ ചടങ്ങില്‍ ഉടനീളം എല്ലാ സഹകരണവുമായി ഒപ്പമുണ്ടായിരുന്നു. ട്രാഫിക് നിയന്ത്രണങ്ങളിലും ഭക്ഷണ വിതരണ സമയത്തും ഉള്‍പ്പെടെ കുടുംബത്തിലെ അംഗങ്ങളെ പോലെ അസോസിയേഷന്‍ അംഗങ്ങള്‍ പ്രവര്‍ത്തിച്ചു.

 

 
കൂടുതല്‍വാര്‍ത്തകള്‍.