Breaking Now

കൊച്ചി മെട്രോ: നിര്‍മ്മാണം അടുത്ത മാസം ആരംഭിക്കുമെന്ന് ഇ ശ്രീധരന്‍

കൊച്ചി മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് ഫ്രഞ്ച് ധനകാര്യ ഏജന്‍സിയായ എഎഫ്ടി പ്രതിനിധികള്‍ ഇന്ന് ഡിഎംആര്‍സിയുമായും വിവിധ കണ്‍സള്‍ട്ടന്‍സികളുമായും വിശദമായ ചര്‍ച്ച നടത്തും.

കൊച്ചി മെട്രോ പദ്ധതിയുടെ ഡിപിആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിവിധ വ്യവസ്ഥകളെ കുറിച്ചും നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകളെ കുറിച്ചും ഡിഎംആര്‍സി അധികൃതര്‍ ഏജന്‍സിക്ക് വിശദീകരിച്ച് നല്‍കും. സാമ്പത്തിക സാങ്കേതിക കാര്യങ്ങളാണ് ഇന്ന് നടക്കുന്ന ചര്‍ച്ചയുടേയും മുഖ്യവിഷയം. നാറ്റ്പാക്, വില്‍സ്മിത് തുടങ്ങിയ കമ്പനികളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. മെട്രോ പദ്ധതിക്ക് 1050 കോടി രൂപ വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പ്രാഥമിക തല ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്.

ഇന്നലെ കൊച്ചിയിലെത്തിയ സംഘം പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജുമായും ഇ ശ്രീധരനുമായും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

അതേസമയം കൊച്ചി മെട്രോയുടെ നിര്‍മ്മാണം അടുത്ത മാസം അവസാനത്തോടെ ആരംഭിക്കുമെന്ന് ഇ. ശ്രീധരന്‍ അറിയിച്ചു. നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള നാലു ടെന്‍ഡറുകളില്‍ രണ്ടെണ്ണത്തിന്റെ കാര്യത്തില്‍ തീരുമാനമായി. ഫ്രഞ്ച് സംഘവുമായി നടത്തിയ ചര്‍ച്ചകള്‍ അനുകൂലമായിരുന്നെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.