രാത്രിയില്‍ യൂട്യൂബില്‍ സീരിയല്‍ കണ്ടതിന് അമ്മ വഴക്കുപറഞ്ഞതിനെത്തുടര്‍ന്ന് 15 കാരനെ കാണാതായി. ജുലൈ നാലുമുതലാണ് കുട്ടിയെ കാണാതായിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷാര്‍ജയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന മുഹമ്മദ് പര്‍വേശിനെയാണ് കാണാതായത്. ജുലൈ നാല് പുലര്‍ച്ചെ മുതലാണ് മുഹമ്മദിനെ കാണാതായതെന്ന് ഷാര്‍ജ പോലീസ് പറഞ്ഞു. ബീഹാറില്‍നിന്നും ഷാര്‍ജയിലെത്തിയ പ്രവാസികളാണ് മുഹമ്മദിന്റെ കുടുംബം. കുട്ടിയുടെ ചിത്രം ഷാര്‍ജ പോലീസ് പുറത്തുവിട്ടു.
'ഉമ്ര കര്‍മ്മം നിര്‍വ്വഹിക്കാന്‍ അടുത്തയിടെ ഞങ്ങള്‍ക്കൊപ്പം യാത്ര ചെയ്തവരെയൊക്കെ ഞങ്ങള്‍ ബന്ധപ്പെട്ടു. മകന്റെ കൂട്ടുകാരോട് അന്വേഷിച്ചെങ്കിലും അവനെപ്പറ്റി യാതൊരു വിവരവും ലഭിച്ചില്ല. ഞങ്ങളെ അറിയുന്ന ആളുകളില്‍ പലരും വേനല്‍ക്കാല അവധിക്ക് നാട്ടില്‍ പോയിരിക്കുകയാണ്. ഇവിടെയുള്ള കുടുംബ സുഹൃത്തുക്കളാരുംതന്നെ അവനെ കണ്ടിട്ടില്ല'. കുട്ടിയുടെ പിതാവ് മുഹമ്മദ് അഫ്താബ് ആലം പറഞ്ഞു.
കുട്ടിയെ കാണാതായ വിവരം കുട്ടിയുടെ പിതാവ് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ അറിയിച്ചിട്ടുണ്ട്.
'ഒരു മണിയായിട്ടും അവന്‍ ഉറങ്ങാതെ വന്നപ്പോഴാണ് അമ്മ കുട്ടിയെ ശകാരിക്കുകയും ഫോണ്‍ വാങ്ങിവെയ്ക്കുകയും ചെയ്തത്. പുലര്‍ച്ചെ നാല് മണിക്ക് പ്രാര്‍ത്ഥനയ്ക്കായി എണീറ്റപ്പോള്‍ അവനെ റൂമില്‍ കണ്ടില്ല. വീടിന്റെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു'. മുഹമ്മദിന്റെ സഹോദരീ പുത്രന്‍ ഷാംസ് പറഞ്ഞു.
കുട്ടി വീട്ടില്‍നിന്ന് ഫോണോ വസ്ത്രമോ എടുക്കാതെയാണ് പോയിരിക്കുന്നത്. ഔദ്യോഗിക രേഖകളും അവന്റെപക്കലില്ല. മുഹമ്മദിന്റെ വീട്ടുകാര്‍ പറഞ്ഞു.