ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ ഐഎസ്ആര്‍ഒ തീവ്രശ്രമം തുടരുകയാണ്. സോഫ്റ്റ് ലാന്‍ഡിംഗാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയിരിക്കാനാണ് സാധ്യതയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു.'ലാന്‍ഡറിനെ കണ്ടെത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഹാര്‍ഡ് ലാന്‍ഡിംഗ് നടന്നിരിക്കാനാണ് സാധ്യത'', കെ ശിവന്‍ വ്യക്തമാക്കുന്നു. വിക്രം ലാന്‍ഡറിലെ റോവര്‍ പ്രഗ്യാന്റെയും ചിത്രങ്ങള്‍ ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ എടുത്തിട്ടുണ്ട്. ഓര്‍ബിറ്റര്‍ ഇപ്പോഴും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി. ചന്ദ്രന് ചുറ്റും പ്രതീക്ഷിച്ച അതേ ഓര്‍ബിറ്റില്‍ത്തന്നെയാണ് ഓര്‍ബിറ്റര്‍ സഞ്ചരിക്കുന്നത്.
അവസാനഘട്ടത്തിലാണ് വിക്രം ലാന്‍ഡറിന്റെ ലാന്‍ഡിംഗ് ശ്രമം പാളിയത്. വിക്രമിന്റെ താഴേക്കുള്ള യാത്ര തീരുമാനിക്കപ്പെട്ടതിലും വേഗത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. നിയന്ത്രണ സംവിധാനങ്ങളുടെ പരിധിക്കപ്പുറമായിരുന്നു ലാന്‍ഡിംഗിന്റെ അവസാനഘട്ടത്തിലെ വേഗത. അതിനാല്‍ ബ്രേക്കിംഗ് സംവിധാനത്തിന് കൃത്യമായി പ്രവര്‍ത്തിക്കാനായില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഓര്‍ബിറ്ററിന്റെ കൂടി സഹായത്തോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയും അത് വിശകലനം ചെയ്യുകയും ചെയ്താലേ കൃത്യമായ അനുമാനങ്ങളിലെത്താനാകൂ.
ഒരു ദിവസം ഏഴ് മുതല്‍ എട്ട് തവണ വരെയാണ് ഇപ്പോള്‍ ഓര്‍ബിറ്റര്‍ ചന്ദ്രനെ ഭ്രമണം ചെയ്യുന്നത്. എങ്കിലും ഓരോ ഭ്രമണത്തിലും ഓര്‍ബിറ്ററിന് വിക്രമിനെ കാണാനാകില്ല. ഒരു ദിവസം രണ്ട് മുതല്‍ മൂന്ന് തവണ വരെയാണ് വിക്രം ഇറങ്ങേണ്ടിയിരുന്ന പ്രദേശത്തിന് മുകളിലൂടെ ഓര്‍ബിറ്റര്‍ കടന്ന് പോകുക. വേണമെങ്കില്‍ ഓര്‍ബിറ്ററിന്റെ പ്രൊപ്പല്‍ഷന്‍ സംവിധാനം പ്രവര്‍ത്തിപ്പിച്ച് ഭ്രമണപഥത്തില്‍ മാറ്റം വരുത്താമെങ്കിലും അങ്ങനെ ചെയ്യുന്നത് ഓര്‍ബിറ്ററിന്റെ പ്രവര്‍ത്തന കാലാവധിയെ ബാധിക്കുമെന്നതിനാല്‍ ഇസ്രൊ തല്‍ക്കാലം ഇതിന് മുതിരില്ല.മികച്ച ചിത്രങ്ങളിലൂടെ ചന്ദ്രോപരിതലത്തില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുമാകും.
ചന്ദ്രോപരിതലത്തില്‍ നിന്ന് വെറും 2.1 കിലോമീറ്റര്‍ അകലെവച്ചാണ് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം ബെംഗളുരുവിലെ ഐഎസ്ആര്‍ഒ നിയന്ത്രണകേന്ദ്രമായ ഇസ്ട്രാക്കിന് നഷ്ടമായത്. ചന്ദ്രയാന്‍ ദൗത്യത്തിലെ ഏറ്റവും നിര്‍ണായകമായ ഘട്ടമായിരുന്നു ഇത്. ലാന്‍ഡറിന്റെ പ്രവേഗം ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടുവരുന്നതിനിടെയാണ് ബന്ധം വിച്ഛേദിക്കപ്പെട്ടത്. ലാന്‍ഡര്‍ ഉദ്ദേശിച്ച പ്രവേഗത്തിലല്ല ഇറങ്ങിയതെങ്കില്‍ ഉദ്ദേശിച്ച തരത്തില്‍ അതിന്റെ നാല് കാലുകളില്‍ ചന്ദ്രോപരിതലം തൊട്ടിരിക്കാന്‍ സാധ്യതയില്ല. അതിനാല്‍ ഇടിച്ചിറങ്ങിയ ലാന്‍ഡറിന് കേടുപാടുകള്‍ പറ്റാന്‍ സാധ്യതയുണ്ട്. അടുത്ത 14 ദിവസത്തേക്ക് കൂടി വിക്രം ലാന്‍ഡറുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ തീവ്രശ്രമം തുടരുമെന്ന് കെ ശിവന്‍ വ്യക്തമാക്കി. ചന്ദ്രയാന്‍ 2 ദൗത്യം 95 ശതമാനം വരെ വിജയമാണെന്നാണ് ഐഎസ്ആര്‍ഒയുടെ വിലയിരുത്തല്‍. ചന്ദ്രപഠനരംഗത്ത് കൂടുതല്‍ വിവരങ്ങളെത്തിക്കാന്‍ ഓര്‍ബിറ്ററിന് ഇപ്പോഴും കഴിയും.