പാകിസ്ഥാനിലെത്തിയ ശ്രീലങ്കന്‍ താരങ്ങള്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയതു മുതല്‍ അതീവ സുരക്ഷ നിയന്ത്രണത്തിലാണ്.ലങ്കന്‍ ക്രിക്കറ്റ് ടീമിന് പ്രസിഡന്‍ഷ്യല്‍ ലെവല്‍ സുരക്ഷയാണ് പാക് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. അതിനാല്‍ താരങ്ങള്‍ കടുത്ത നിയന്ത്രണവും ചട്ടങ്ങളും പാലിക്കുകയും വേണം.
2009 മാര്‍ച്ചില്‍ പര്യടനത്തിനെത്തുമ്പോള്‍ ബസിന് നേര്‍ക്ക് ഭീകരര്‍ വെടിവയ്പ് നടത്തിയതിന്റെ ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ താരങ്ങളുടെ മനസിലുണ്ട്. പൊലീസ്, പാരാമിലിട്ടറി റേഞ്ചേഴ്‌സ് എന്നിവര്‍ക്ക് സംയുക്തമായാണ് ശ്രീലങ്കന്‍ ടീമിന്റെ സുരക്ഷാ ചുമതല വഹിക്കുന്നത്. ഇവര്‍ക്ക് പുറമെ ഇന്റലിജന്‍സ് സംവിധാനവും മഫ്തിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ട്.
കറാച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയ ശ്രീലങ്കന്‍ താരങ്ങളെ ഉടനടി അവിടെനിന്നു നീക്കി. ശക്തമായ മഴ സുരക്ഷയെ ബാധിക്കുമോ എന്ന് ഭയന്നതിനാല്‍ ബുള്ളറ്റ് പ്രൂഫ് കാറുകളിലാണ് താരങ്ങളെ ഹോട്ടലിലെത്തിച്ചത്.
ഹോട്ടല്‍ മുറിക്ക് പുറത്ത് സുരക്ഷ ശക്തമാണ്. ഹോട്ടല്‍ സ്ഥിതി ചെയ്യുന്ന സ്ഥലമെല്ലാം സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. റോഡുകളിലും വാഹനങ്ങളിലും പരിശോധന ശക്തം. ഹോട്ടലിലെ മറ്റ് താമസക്കാരെയും ജീവനക്കാരെയും പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ഹോട്ടലില്‍ നിന്ന് സ്‌റ്റേഡിയത്തിലേക്കുള്ള യാത്രയിലും ഇതേ സുരക്ഷയൊരുക്കും. ബുള്ളറ്റ് പ്രൂഫ് ബസിലാകും താരങ്ങള്‍ സഞ്ചരിക്കുക. ബസ് കടന്നു പോകുന്ന റോഡുകളില്‍ ഗതാഗതം തടയാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്.
മല്‍സരങ്ങള്‍ നടക്കുന്ന വേദികള്‍ പൊലീസ്, പാരാമിലിട്ടറി റേഞ്ചേഴ്‌സ് എന്നിവരുടെ നിയന്ത്രണത്തിലായി കഴിഞ്ഞു. പാകിസ്ഥാനെതിരെ മൂന്നുവീതം ഏകദിന, ട്വന്റി20 മല്‍സരങ്ങളാണ് ശ്രീലങ്ക കളിക്കുന്നത്. പരമ്പരയിലെ ആദ്യ ഏകദിനം സെപ്റ്റംബര്‍ 27ന് കറാച്ചിയില്‍ നടക്കും. 29, ഒക്ടോബര്‍ മൂന്ന് തീയതികളില്‍ കറാച്ചിയില്‍ത്തന്നെയാണ് മറ്റ് ഏകദിനങ്ങളും. പരമ്പരയിലെ മൂന്ന് ട്വന്റി20 മല്‍സരങ്ങള്‍ ലഹോറില്‍ നടക്കും.
സുരക്ഷാഭീതി കണക്കിലെടുത്ത് പാക് പരമ്പരയില്‍ നിന്ന് മുതിര്‍ന്ന താരങ്ങളായ ലസിത് മലിംഗ, ദിമുത് കരുണരത്!നെ എന്നിവര്‍ ഉള്‍പ്പെടെ 10 പേരാണ് പിന്മാറിയത്.