ക്രിക്കറ്റ് ലോകത്തെ എക്കാലത്തെയും ഇതിഹാസ താരങ്ങളില്‍ തിളങ്ങുന്ന നാമമാണ് ഷെയിന്‍ വോണ്‍. 52-ാം വയസ്സില്‍ തായ്‌ലാന്‍ഡില്‍ വെച്ച് ഹൃദയാഘാതം മൂലം മഹാനായ താരം മരിച്ചുവെന്ന വാര്‍ത്ത കേട്ട് കായികലോകവും, ആരാധകരും വിശ്വസിക്കാന്‍ കഴിയാതെ ഇരിക്കുകയാണ്.
രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായ ഓസ്‌ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരെ തന്റെ കൈത്തണ്ടയുടെ ഫ്‌ളിക്ക് കൊണ്ട് വിറപ്പിച്ചിട്ടുണ്ട്. ക്രിക്കറ്റ് കരിയറില്‍ ഇതിഹാസമാണെങ്കിലും ഇതിന് ചേരാത്ത സ്വകാര്യ ജീവിതത്തിലൂടെ വിവാദങ്ങളില്‍ ഇടംപിടിക്കാനും ഷെയിന്‍ വോണിന് സാധിച്ചിരുന്നു. ലൈംഗിക വിവാദങ്ങള്‍, മയക്കുമരുന്ന് ഉപയോഗം, ചൂതാട്ടം എന്നിവയെല്ലാം തലക്കെട്ടുകളില്‍ ഇടംനേടി.
2003 ലോകകപ്പ് കാലത്ത് മറ്റ് മയക്കുമരുന്ന് ഉപയോഗങ്ങള്‍ പിടിക്കപ്പെടാതിരിക്കാന്‍ ഉപയോഗിക്കുന്ന ഡയൂറെട്ടിക്‌സില്‍ പോസിറ്റീവായതോടെ ഷെയിന്‍ വോണിന്റെ കരിയര്‍ തകര്‍ച്ചയുടെ വക്കിലെത്തി. 1998ല്‍ വാതുവെപ്പുകാര്‍ക്ക് പിച്ചിനെയും, കാലാവസ്ഥയെയും കുറിച്ച് വിവരം നല്‍കിയതിന് വോണിനും, മാര്‍ക്ക് വോയ്ക്കും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് പിഴ ചുമത്തിയിരുന്നു.
മൂന്ന് മക്കളുടെ പിതാവായ വോണ്‍ സുന്ദരികളായ സ്ത്രീകളുമായി ഡേറ്റിംഗിന് പോകുന്നതും പതിവായിരുന്നു. നടി എലിസബത്ത് ഹര്‍ലിയുമായി എന്‍ഗേജ്‌മെന്റ് വരെ നടത്തി. 'ഉച്ചത്തിലുള്ള സംഗീതം ഇഷ്ടമാണ്, ഞാന്‍ പുകവലിക്കും, മദ്യപിക്കും, കുറച്ച് ലെഗ് സ്പിന്നും ബൗള്‍ ചെയ്യും. ഇതിലൊന്നും ഒരു കുറ്റബോധവുമില്ല', ഇതിഹാസ താരം തന്നെ ഒരിക്കല്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിവാദങ്ങളില്‍ അകപെട്ടിരുന്നെങ്കിലും ക്രിക്കറ്റ് ലോകത്തിന്റെ പ്രിയപ്പെട്ട താരമായി 'സ്പിന്‍ രാജാവ്' നിലകൊണ്ടു. 1969ല്‍ മെല്‍ബണില്‍ ജനിച്ച വോണ്‍ നല്ലൊരു ബാറ്റ്‌സ്മാന്‍ ആണെന്നായിരുന്നു ലോക്കല്‍ ക്ലബിന്റെ നിലപാട്. എന്നാല്‍ പന്ത് കൊണ്ട് മായാജാലം കാണിക്കാന്‍ തുടങ്ങിയതോടെ വോണ്‍ ശ്രദ്ധ നേടി. 92ല്‍ ഓസ്‌ട്രേലിയന്‍ ദേശീയ ടീമിലെത്തിയ അദ്ദേഹം ഇന്ത്യക്കെതിരെയാണ് ആദ്യ ടെസ്റ്റിന് ഇറങ്ങിയത്.
തായ്‌ലാന്‍ഡിലെ കോഹ് സാമുയി ദ്വീപിലുള്ള സാമുജാന വില്ലാസ് റിസോര്‍ട്ടിലെ മുറിയിലാണ് സുഹൃത്തുക്കള്‍ വോണിനെ ബോധമില്ലാത്ത അവസ്ഥയില്‍ കണ്ടെത്തുന്നത്. പിന്നാലെ ലോകം മുഴുവന്‍ സ്പിന്‍ ഇതിഹാസത്തിന്റെ വിയോഗവാര്‍ത്ത പടരുകയും ചെയ്തു.