ട്വിന്റി20 ലോകകപ്പ് അരങ്ങേറുന്നതിനിടെ ശ്രീലങ്കന്‍ ടീമിനെ ഞെട്ടിച്ച് ക്രിക്കറ്റ് താരം ഡാനുഷ്‌ക ഗുണതിലകയെ ബലാത്സംഗ കേസില്‍ അറസ്റ്റ് ചെയ്തു. ഓസ്‌ട്രേലിയന്‍ വനിതയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിലാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
സിഡ്‌നിയിലെ സസെക്‌സ് സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന ശ്രീലങ്കന്‍ ടീം തങ്ങുന്ന ഹോട്ടലില്‍ നിന്നും ഗുണതിലകയെ ഞായറാഴ്ച പുലര്‍ച്ചെ 1 മണിക്കാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആഴ്ചയാണ് റോസ് ബേയിലെ വീട്ടില്‍ വെച്ച് 29-കാരിയെ ലങ്കന്‍ താരം ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് പോലീസ് പറയുന്നു. ക്രിക്കറ്റര്‍ക്ക് എതിരെ നാല് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ശനിയാഴ്ച ഇംഗ്ലണ്ടിനോട് തോറ്റതിനെ തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായ ശ്രീലങ്കയുടെ മറ്റ് ടീമംഗങ്ങള്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ജാമ്യം നിഷേധിക്കപ്പെട്ട ഗുണതിലകയെ ഞായറാഴ്ച പരമാറ്റ ബെയില്‍ കോടതിയില്‍ ഹാജരാക്കും.
ശ്രീലങ്കന്‍ ദേശീയ താരം അറസ്റ്റിലായെന്ന് എന്‍എസ്ഡബ്യു പോലീസ് സ്ഥിരീകരിച്ചു. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ഇരുവരും കൂടിക്കാഴ്ച നടത്തുകയും താരം അക്രമിക്കുകയും ചെയ്‌തെന്നാണ് പോലീസ് ആരോപിക്കുന്നത്. പരുക്കേറ്റതിനാല്‍ ഗുണതിലകെയ്ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.