കണ്ണുകളുടെ കാഴ്ചയ്ക്ക് അപ്പുറം നിശ്ചയദാര്‍ഢ്യത്തിന്റെ ഉത്തമ ഉദാഹരണമായി മാറിക്കൊണ്ട് അന്താരാഷ്ട്ര ടെന്നീസ് രംഗത്ത് വെന്നിക്കൊടി പാറിച്ച് മലയാളി താരം. അന്ധര്‍ക്കുള്ള അന്താരാഷ്ട്ര ടെന്നീസില്‍ ഇന്ത്യക്കായി ആദ്യമായി കളത്തിലിറങ്ങിയ വയനാട് സ്വദേശി നിബിന്‍ മാത്യൂവാണ് വെങ്കല മെഡല്‍ കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയത്.
ഈ ആഗോള മത്സരരംഗത്ത് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ താരമാണ് നിബിന്‍ മാത്യൂ. പൂര്‍ണ്ണമായും അന്ധരായ കളിക്കാര്‍ പോരാടുന്ന മത്സരങ്ങള്‍ക്കൊടുവില്‍ ബി1 കാറ്റഗറിയില്‍ വെങ്കല മെഡലാണ് നിബിന്‍ സ്വന്തമാക്കിയത്. വയനാട്ടിലെ കര്‍ഷക ദമ്പതികളായ മാത്യൂവിന്റെയും, മേരിയുടെയും മകനാണ് നിബിന്‍.
കണ്ണുകളുടെ കാഴ്ച തനിക്കൊരു പരിമിതിയല്ലെന്ന് വളരെ നേരത്തെ തെളിയിച്ച വ്യക്തി കൂടിയാണ് നിബിന്‍. ഐഐഐടി ബാംഗ്ലൂര്‍ നിന്നും മാസ്റ്റേഴ്‌സ് ഡിഗ്രി നേടിയ ഇദ്ദേഹം ജര്‍മ്മനി ആസ്ഥാനമായ ബോഷ് ഗ്ലോബല്‍ സോഫ്റ്റ്‌വെയര്‍ ടെക്‌നോളജീസില്‍ ഡിജിറ്റല്‍ ആക്‌സസിബിലിറ്റി സ്‌പെഷ്യലിസ്റ്റായി പ്രവര്‍ത്തിച്ച് വരികയാണ്. നിലവില്‍ കോയമ്പത്തൂര്‍ നിന്നുമാണ് അദ്ദേഹം ജോലി ചെയ്യുന്നത്.
2019-ല്‍ മുംബൈയില്‍ വെച്ച് ഐറിഷ് ടെന്നീസ് കോച്ചിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുത്തതോടെയാണ് കളത്തിലിറങ്ങാന്‍ നിബിന്‍ തീരുമാനിച്ചത്. പിന്നീട് ടെന്നീസ് കളത്തില്‍ അതിവേഗം അദ്ദേഹം തന്റെ റാക്കറ്റ് വീശിത്തുടങ്ങി. ബി 1 കാറ്റഗറിയില്‍ 2020-ല്‍ അദ്ദേഹം ദേശീയ ചാമ്പ്യനുമായി. ഇതോടെ അന്താരാഷ്ട്ര രംഗത്ത് മത്സരിക്കാന്‍ യോഗ്യത നേടിയെങ്കിലും കൊവിഡ് മഹാമാരി ഇതിന് തടസ്സമായി.
സാധാരണ ടെന്നീസ് കോര്‍ട്ടില്‍ കാഴ്ചയുള്ളവര്‍ ഉപയോഗിക്കുന്ന അതേ വസ്തുക്കളാണ് അന്ധരായ ടെന്നീസ് കളിക്കാരും ഉപയോഗിക്കുന്നത്. പന്തില്‍ ഉള്‍പ്പെടുന്ന ശബ്ദമാണ് ഇതിനെ തിരിച്ചറിയാന്‍ കളിക്കാരെ സഹായിക്കുന്നത്. ഈ വര്‍ഷം അന്ധര്‍ക്കായുള്ള ടെന്നീസ് അന്താരാഷ്ട്ര ബ്ലൈന്‍ഡ് സ്‌പോര്‍ട്ട് ഫെഡറേഷന്‍ നാല് വര്‍ഷം കൂടുമ്പോള്‍ സംഘടിപ്പിക്കുന്ന ഐബിഎസ്എ വേള്‍ഡ് ഗെയിംസില്‍ ഉള്‍പ്പെടുത്തി ചരിത്ര മുഹൂര്‍ത്തത്തിന് വഴിയൊരുക്കി.
ആഗസ്റ്റ് 18 മുതല്‍ 27 വരെ ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റിയില്‍ വെച്ചാണ് ഐബിഎസ്എ വേള്‍ഡ് ഗെയിംസ് അരങ്ങേറിയത്. യുകെ, ലിത്വാനിയ, ജര്‍മ്മനി, അര്‍ജന്റീന, മെക്‌സിക്കോ, പാകിസ്ഥാന്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള എതിരാളികളെയാണ് നിബിന് നേരിടേണ്ടിയിരുന്നത്. എട്ട് മത്സരങ്ങളില്‍ അഞ്ചെണ്ണം വിജയിച്ചെങ്കിലും സെമി ഫൈനലില്‍ പാകിസ്ഥാനോട് തോറ്റു. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ സ്‌പെയിന്റെ കാര്‍ലോസ് അര്‍ബോസിനെ തോല്‍പ്പിച്ചാണ് അഭിമാനകരമായ വെങ്കല കിരീടം കരസ്ഥമാക്കിയത്.
ഇന്ത്യക്കായി സുപ്രധാന നേട്ടങ്ങള്‍ കൈവരിക്കുന്ന നിബിന് പിന്തുണയുമായി ബോഷ് ഗ്ലോബല്‍ സോഫ്റ്റ്‌വെയര്‍ ടെക്‌നോളജീസ് ഒപ്പമുണ്ട്. ടെന്നീസ് രംഗത്ത് അദ്ദേഹത്തിന്റെ സ്‌പോണ്‍സര്‍ ഈ കമ്പനിയാണ്. കാഴ്ച പരിമിതിയുള്ള അത്‌ലറ്റുകളെ കളിക്കളത്തിലേക്ക് എത്തിക്കാനും, അന്ധര്‍ക്കുള്ള ടെന്നീസിന് സര്‍ക്കാരിന്റെയും, കായിക സംഘടനകളുടെയും പിന്തുണ നേടാനുള്ള ശ്രമങ്ങളിലാണ് ഇപ്പോള്‍ നിബിന്.
https://www.instagram.com/reel/Cwdug9usyiX/?igshid=MzRlODBiNWFlZA%3D%3D