പൊട്ടാഷ്യം സയനൈഡ് നല്‍കി പത്തു പേരെ കൊലപ്പെടുത്തിയ വാച്ച്മാനെ ആന്ധ്രയിലെ എലൂരു പോലീസ് അറസ്റ്റ് ചെയ്തു. ശിവ എന്നറിയപ്പെടുന്ന 38കാരന്‍ വെള്ളാങ്കി സിംഹാദ്രിയാണ് 20 മാസത്തിനിടെ പത്ത് കൊലപാതകങ്ങള്‍ നടത്തിയതായി ആരോപണം നേരിടുന്നത്.
സിംഹാദ്രിക്ക് സയനൈഡ് എത്തിച്ച് നല്‍കിയ മറ്റൊരു വ്യക്തിയെയും പോലീസ് പിടികൂടി. 60കാരനായ അമീനുള്ളാ ബാബുവാണ് ഇയാള്‍ക്ക് സയനൈഡ് സപ്ലൈ ചെയ്തത്. പണം ഉണ്ടാക്കാന്‍ സഹായിക്കുന്ന റൈസ് പുള്ളര്‍ കോയിന്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ശിവ തട്ടിപ്പ് നടത്തിയത്. തനിക്ക് അതിമാനുഷിക ശക്തിയുണ്ടെന്നും ഇയാള്‍ ആളുകളെ വിശ്വസിപ്പിച്ചിരുന്നു.
കോയിന്‍ വാങ്ങാനുള്ള പണം സ്വരൂപിച്ച് എത്തുന്നവരെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി സയനൈഡ് കലര്‍ത്തിയ പ്രസാദം നല്‍കും. ഇത് കഴിച്ച് കുഴഞ്ഞ് വീഴുന്നവരുടെ പണവും, വിലപിടിച്ച വസ്തുക്കളും കവരും. ഇയാള്‍ വാടകയ്ക്ക് താമസിച്ച വീടിന്റെ ഉടമയും, ഭാര്യാസഹോദരിയെയും ഉള്‍പ്പെടെ 10 പേരെയാണ് കൊലപ്പെടുത്തിയത്.
ഒരു സര്‍ക്കാര്‍ അധ്യാപകനെ വകവരുത്തിയതോടെയാണ് അന്വേഷണം ശിവയിലേക്ക് നീണ്ടത്. ഈ അധ്യാപകന്‍ 2 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പരുക്കേല്‍ക്കാതെ മരിച്ച നിലയില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ ഫോണ്‍ പരിശോധിച്ച പോലീസിന് ശിവയുടെ നമ്പറിലേക്ക് ബന്ധപ്പെട്ട വിവരം മനസ്സിലാക്കി.
രണ്ട് മാസം കൂടുമ്പോള്‍ ഒരാളെ വീതമാണ് ശിവ വലയിലാക്കി വകവരുത്തിയത്. ഇതുവഴി 20 ലക്ഷത്തോളം രൂപ ഇയാള്‍ കൈക്കലാക്കി. നല്ല തോതില്‍ സ്വര്‍ണ്ണവും പിടിച്ചെടുത്തിട്ടുണ്ട്. പത്തോളം പേരുടെ ജീവനാണ് അറസ്റ്റ് മൂലം രക്ഷപ്പെട്ടതെന്നാണ് കരുതുന്നത്.