
















ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയുടെയും ബംഗ്ലാദേശ് ഭീകരസംഘടനകളുടെയും സഹായത്തോടെ നടന്ന വന്‍ ഭീകര ഗൂഢാലോചന സുരക്ഷാ ഏജന്‍സികള്‍ തകര്‍ത്തു. തമിഴ്നാട്ടിലെ തിരുപ്പൂര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നായി എട്ട് പേരെയാണ് സുരക്ഷാ സേന പിടികൂടിയത്. തമിഴ്നാട്ടിലെ തിരുപ്പൂരിലുള്ള വസ്ത്ര നിര്‍മ്മാണ യൂണിറ്റുകളില്‍ തൊഴിലാളികളെന്ന വ്യാജേന ഒളിവില്‍ കഴിഞ്ഞിരുന്ന മിസാനൂര്‍ റഹ്‌മാന്‍, മുഹമ്മദ് ഷബാത്ത്, ഉമര്‍, മുഹമ്മദ് ലിതാന്‍, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഉജ്ജാല്‍ എന്നിവരെയും പശ്ചിമ ബംഗാളില്‍ നിന്ന് മറ്റ് രണ്ടുപേരെയുമാണ് അറസ്റ്റ് ചെയ്തത്. പിടിയിലായവരില്‍ ഒരു ബംഗ്ലാദേശ് പൗരനും ഉള്‍പ്പെടുന്നു.
രാജ്യത്തെ പ്രധാന കേന്ദ്രങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട ഭീകരര്‍ തിരിച്ചറിയല്‍ രേഖകള്‍ക്കായി വ്യാജ ആധാര്‍ കാര്‍ഡുകളാണ് ഉപയോഗിച്ചിരുന്നത്. ഇവരില്‍ നിന്ന് എട്ട് മൊബൈല്‍ ഫോണുകളും 16 സിം കാര്‍ഡുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഡല്‍ഹിയിലെ ചെങ്കോട്ട, ചാന്ദ്നി ചൗക്കിലെ പ്രമുഖ ക്ഷേത്രങ്ങള്‍, മറ്റ് പ്രധാന മതസ്ഥലങ്ങള്‍ എന്നിവടങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്ന് സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയാണ് ഈ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് സൂചന.
ഫെബ്രുവരി ആറിന് ഇസ്ലാമാബാദിലെ പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തിന് പ്രതികാരം ചെയ്യാനാണ് ഈ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2025 നവംബറില്‍ ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം 12 പേരുടെ മരണത്തിനിടയാക്കിയ കാര്‍ ബോംബ് സ്‌ഫോടനത്തിന് സമാനമായ മറ്റൊരു വന്‍ ദുരന്തമാണ് ഈ അറസ്റ്റിലൂടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒഴിവാക്കിയത്. തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ ഉടന്‍ തന്നെ ഡല്‍ഹി പൊലീസിന് കൈമാറും. സംഭവത്തെത്തുടര്‍ന്ന് തമിഴ്നാട്ടിലെയും പശ്ചിമ ബംഗാളിലെയും പ്രധാന നഗരങ്ങളില്‍ സുരക്ഷയും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.