ഗന്ധം തിരിച്ചറിയാനും, നാവിന്റെ സ്വാദും നഷ്ടപ്പെടുന്നത് കൊറോണാവൈറസിന്റെ ലക്ഷണമായതിനാല്‍ ഈ അവസ്ഥ നേരിടുന്നവര്‍ സെല്‍ഫ് ഐസൊലേറ്റ് ചെയ്യണമെന്ന് പ്രഖ്യാപിച്ച് സര്‍ക്കാര്‍. കൊവിഡ്-19 ലക്ഷണങ്ങളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പട്ടികയിലേക്കാണ് ഇവ കൂട്ടിച്ചേര്‍ത്തത്. സെന്‍സുകള്‍ നഷ്ടമാകുന്ന അനോസ്മിയ എന്ന അവസ്ഥയ്ക്ക് വൈറസുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍മാര്‍ ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നത്.
പനി, ചുമ പോലുള്ള ലക്ഷണങ്ങളായി ഇതും കാണണമെന്ന് അധികൃതര്‍ പറഞ്ഞു. ഈ മുന്നറിയിപ്പ് ഉള്‍പ്പെടുത്താന്‍ ഏറെ വൈകിപ്പോയെന്ന് രോഷാകുലരായ ഡോക്ടര്‍മാര്‍ പ്രതികരിച്ചു. മാര്‍ച്ച് മാസത്തില്‍ തന്നെ മൂക്കും, തൊണ്ടയുമായി ബന്ധപ്പെട്ട സ്‌പെഷ്യലിസ്റ്റുകള്‍ ഈ വിഷയത്തില്‍ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ ഇതില്‍ പ്രതികരിക്കാന്‍ യുകെ ഏറെ വൈകി. ഫ്രഞ്ച് ഹെല്‍ത്ത് സര്‍വ്വീസ് തങ്ങളുടെ പൗരന്‍മാര്‍ക്ക് മാര്‍ച്ചില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയപ്പോള്‍, യുഎസില്‍ ഏപ്രില്‍ 18ന് ഇതുസംബന്ധിച്ച് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
ചെറിയ ലക്ഷണങ്ങള്‍ സംബന്ധിച്ച് മുന്‍കൂട്ടി വിവരം നല്‍കാന്‍ പരാജയപ്പെട്ടതോടെ 70,000 പേരെങ്കിലും സ്വതന്ത്രമായി നടക്കുകയോ, ജോലിയില്‍ തിരിച്ചെത്തുകയോ ചെയ്തിട്ടുണ്ടെന്ന് കിംഗ്‌സ് കോളേജ് ലണ്ടന്റെ കൊവിഡ് സിംപ്ടം ട്രാക്കര്‍ ആപ്പ് നടത്തുന്ന ഗവേഷകന്‍ പറഞ്ഞു. 14 ലക്ഷണങ്ങള്‍ പ്രഖ്യാപിച്ചതില്‍ മൂന്നെണ്ണം മാത്രാമാണ് സര്‍ക്കാര്‍ അംഗീകരിച്ചവയെന്ന് പ്രൊഫ. ടിം സ്‌പെക്ടര്‍ വ്യക്തമാക്കി.
ചുമയും, പനിയും പിടിപെടാത്തതിനാല്‍ നാലില്‍ ഒരു രോഗി വീതം തങ്ങള്‍ കൊറോണ ബാധിച്ചതായി തിരിച്ചറിയുന്നില്ലെന്ന് മന്ത്രിമാരും സമ്മതിക്കുന്നു. ഇതിനിടെ ബ്രിട്ടനില്‍ 160 പേര്‍ കൂടി കൊറോണ ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 34,796 ആയി. 246,000 പേരാണ് കൊറോണ പോസിറ്റീവായി സ്ഥിരീകരിച്ചവര്‍.