Breaking Now

കോവിഡ് തിരിച്ചടിയായി ; ഒരു ലക്ഷം രൂപ വരുമാനമുണ്ടായിരുന്ന ടെക്കികളും അധ്യാപകരും തൊഴിലുറപ്പ് പണിയിലേക്ക്

12 വര്‍ഷമായി സാമൂഹിക പാഠം അദ്ധ്യാപകനായ ചിരഞ്ജീവിക്ക് ബിരുദാനന്തര ബിരുദവും ബി.എഡുമുണ്ട്. പത്മ എംബിഎ നേടിയശേഷം പ്രൈമറി സ്‌കൂള്‍ അദ്ധ്യാപികയായി ജോലി ചെയ്യുകയായിരുന്നു

കോവിഡ് വ്യാപനത്തെ തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് തെലങ്കാനയില്‍ അധ്യാപകരും ടെക്കികളുമടക്കം ഒട്ടേറെ പേര്‍ തൊഴിലുറപ്പ് തൊഴിലാളികളായി മാറുന്നു. കഴിഞ്ഞ മൂന്ന് മാസമായി ശമ്പളമില്ലാത്തിനാല്‍ ജീവിതം വഴിമുട്ടിയതിനെ തുടര്‍ന്നാണ് പലരും തൊഴിലുറപ്പിലേക്ക് കടന്നത്. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.ചിരഞ്ജീവിയും ഭാര്യ പത്മയും അതിരാവിലെ ബൈക്കില്‍ ജോലിസ്ഥലത്തേക്ക് പുറപ്പെട്ടു. ഇരുവരും അടുത്തിടെ വരെ അധ്യാപകരായിരുന്നു. 12 വര്‍ഷമായി സാമൂഹിക പാഠം അദ്ധ്യാപകനായ ചിരഞ്ജീവിക്ക് ബിരുദാനന്തര ബിരുദവും ബി.എഡുമുണ്ട്. പത്മ എംബിഎ നേടിയശേഷം പ്രൈമറി സ്‌കൂള്‍ അദ്ധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. ഈ ദമ്പതിമാര്‍ ഇന്ന് തൊഴിലുറപ്പ് തൊഴിലാളികളാണ്. അവര്‍ സ്വമേധയായി തിരഞ്ഞെടുത്തതാണീ മേഖല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഭോംഗിര്‍യാദാദ്രിയിലെ അവരുടെ ഗ്രാമത്തിനടുത്തുള്ള എംജിഎന്‍ആര്‍ജിഎ വര്‍ക്ക് സൈറ്റിലാണ് അവര്‍ തൊഴിലെടുക്കുന്നത്. കഴിഞ്ഞ രണ്ട് മാസമായി അവര്‍ക്ക് ശമ്പളമൊന്നുമില്ല, കൊറോണ വൈറസ് പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ ഇനി എപ്പോള്‍ ശമ്പളം ലഭിക്കുമെന്ന കാര്യത്തിലും തീര്‍ച്ചയില്ല.

'ഞങ്ങള്‍ ഉണ്ടാക്കുന്ന 200-300 രൂപ കുറഞ്ഞത് കുടുംബത്തിന് പച്ചക്കറികള്‍ വാങ്ങാനെങ്കിലും ഞങ്ങളെ സഹായിക്കും.' ചിരഞ്ജീവി പറയുന്നു. രണ്ട് കുട്ടികളും മാതാപിതാക്കളുമടക്കം ആറ് പേരുള്ള കുടുംബമാണ് അവരുടേത് . ശമ്പളമില്ലാത്തതിനാല്‍ അതിജീവിക്കാന്‍ കഴിയില്ലെന്ന് ദമ്പതിമാര്‍ പറയുന്നു.

പകര്‍ച്ചവ്യാധിയുടെയും ലോക്ക്ഡൗണിന്റെയും ആഘാതം എല്ലാ മേഖലയിലും അനുഭവപ്പെടുന്നുണ്ട്. അംഗീകാരമില്ലാത്ത 8,000 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അംഗീകാരമുള്ള 10,000 വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും രണ്ട് ലക്ഷം അധ്യാപകര്‍ക്ക് കഴിഞ്ഞ രണ്ട്മൂന്ന് മാസമായി ശമ്പളം നല്‍കിയിട്ടില്ല.

'സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്ക് ഇത് അസാധാരണമല്ല. കാരണം മിക്ക ആളുകള്‍ക്കും പ്രതിവര്‍ഷം 10 മാസം മാത്രമേ ശമ്പളം ലഭിക്കുകയുള്ളൂ. എന്നാല്‍ ഇത്തവണ ഞങ്ങള്‍ക്ക് മാര്‍ച്ചിലും ശമ്പളം ലഭിച്ചില്ല.' ജൂനിയര്‍ കോളജിലെ സുവോളജി അധ്യാപികയായ കൃഷ്ണ പറയുന്നു.

'സ്വകാര്യ സ്‌കൂളുകളിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്ക് 5,000-10,000 രൂപ വരെയേ ശമ്പളം ലഭിക്കാറുള്ളൂ. ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് 20,000 രൂപ വരെയും പരിചയവും കഴിവുമുള്ള ജൂനിയര്‍ കോളജ് ലക്ചറര്‍മാര്‍ക്ക് 25,000 രൂപ വരെയും ലഭിക്കും. ഇപ്പോള്‍ അതും ഇല്ലാതായിരിക്കുന്നു.' ചിരഞ്ജീവി പറയുന്നു. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അധികാരത്തില്‍ വന്നതിനു ശേഷം ഒരിക്കലും സ്‌കൂള്‍ അധ്യാപകരെ നിയമിച്ചിട്ടില്ല.

ശമ്പളം ലഭിക്കാത്തതിനു പുറമേ സ്വകാര്യ സ്‌കൂളുകളിലെയും കോളജുകളിലെയും നിരവധി അധ്യാപകരെ പിരിച്ചുവിട്ടു. സ്‌കൂളുകള്‍ അടച്ചിരിക്കുന്നതിനാല്‍ അവ വീണ്ടും തുറക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ അവരില്‍ കൂടുതല്‍ പേര്‍ സ്വമേധയാ തൊഴിലുറപ്പ് തൊഴിലാളികളായി മാറുകയാണ്.

ഇതേ ജോലിസ്ഥലത്ത് ഉയര്‍ന്ന യോഗ്യതയുള്ള മറ്റ് അദ്ധ്യാപകരുമുണ്ട്. ഇരട്ട പിഎച്ച്ഡി അധ്യാപകനായ രമേശിനെയും പി ടി സര്‍ കൃഷ്ണയെയും പോലെ. രമേശിന്റെ മാതാപിതാക്കളും തൊഴിലുറപ്പിന് പോകുന്നവരാണ്. 'ഇത്ര പഠിച്ചിട്ടും അവര്‍ ചെയ്യുന്ന അതേ ജോലിയാണ് തങ്ങളും ഇപ്പോള്‍ ചെയ്യുന്നത്. ഇത്ര പഠിപ്പിച്ചിട്ടും ഞാനീ പണി ചെയ്യുന്നത് മാതാപിതാക്കള്‍ക്കും വിഷമമുണ്ടാക്കുന്നു. പക്ഷെ മറ്റ് വഴികളില്ല.' രമേശ് പറയുന്നു.

സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലായ സ്വപ്ന പോലും ഏതാനും മാസം മുമ്പ് വരെ ഒരു ലക്ഷത്തിലധികം രൂപ സമ്പാദിച്ചിരുന്നു. ഇപ്പോള്‍ അവരും കൂലിത്തൊഴിലാളിയായി മാറി.

'എനിക്ക് ബാങ്കില്‍ നിക്ഷേപിച്ച കാശുണ്ട്. പക്ഷെ എത്രനാള്‍ ആ കാശ് കൊണ്ട് ജീവിക്കാനാവും. ലോകത്തിന്റെ ഭാവി തന്നെ അനിശ്ചിതത്വത്തിലാണ്. എന്റെ ഭര്‍തൃമാതാവ് ജോലിക്ക് പോകുന്നു, അവരോടൊപ്പം ഞാനും പോകുന്നു, അതിനാല്‍ എനിക്ക് കുറച്ച് അധിക വരുമാനം നേടാന്‍ കഴിയും. ഒരു ജോലിയും ചെയ്യുന്നതില്‍ എനിക്ക് ലജ്ജയില്ല. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായതിനാല്‍ ഇത് ചെയ്യേണ്ടതില്ല എന്ന് ഞാനെന്തിന് ചിന്തിക്കണം. അതിജീവനത്തിന്റെ പ്രശ്‌നമാണിത്.' അവര്‍ പറയുന്നു

 
കൂടുതല്‍വാര്‍ത്തകള്‍.