
















ചെങ്കോട്ടയ്ക്ക് സമീപം കാര്‍ ബോംബ് സ്ഫോടനം നടത്തിയ ഭീകരര്‍ ഹമാസ് മോഡല്‍ ആക്രമണം ലക്ഷ്യമിട്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഇവര്‍ അത്യാധുനിക രീതിയിലുള്ള ഡ്രോണ്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന് സൂചനയാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ തരത്തിലുള്ള നീക്കത്തിനും ഇതിനായി റോക്കറ്റ് നിര്‍മ്മാണത്തിനും ഭീകരര്‍ക്ക് പദ്ധതിയുണ്ടായിരുന്നുവെന്നും അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. പരമാവധി നാശം വരുത്തുക എന്ന ലക്ഷ്യത്തോടെ തിരക്കേറിയ പ്രദേശങ്ങളില്‍ സ്ഫോടക വസ്തു നിറച്ച് ഡ്രോണ്‍ ആക്രമണം നടത്താനായിരുന്നു ഇവര്‍ നീക്കം നടത്തിയതെന്നും ഇതിനായി ചെറിയ റോക്കറ്റുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടതെന്നും അന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം എന്‍ഐഎ അറസ്റ്റ് ചെയ്ത കശ്മീര്‍ സ്വദേശി ഡാനിഷ് എന്ന ജാസിര്‍ ബിലാല്‍ ഡ്രോണുകളില്‍ രൂപമാറ്റം വരുത്തി റോക്കറ്റ് ആക്രമണത്തിനുള്ള സാങ്കേതിക സഹായം നല്‍കിയെന്ന് അന്വേഷണ സംഘം അറിയിച്ചു. ഡ്രോണുകളില്‍ ബാറ്ററികളും കാമറയ്ക്കൊപ്പം ബോംബുകളും സ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു ഡാനിഷ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉമറിന്റെ അടുത്ത അനുയായി ആണ് അറസ്റ്റിലായ ഡാനിഷ് എന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.