
















സൗദിയില്‍ ഇന്ത്യന്‍ ഉംറ തീര്‍ഥാടകര്‍ വാഹനപകടത്തില്‍ മരിച്ചതിന്റെ നടുക്കത്തിലാണ് രാജ്യം. ഹൈദരാബാദിലെ ഒരു കുടുംബത്തിലെ 18 പേരും മരിച്ചവരില്‍ ഉണ്ടെന്നതാണ് പുറത്ത് വരുന്ന വിവരം. ഇതില്‍ 9 പേരും കുട്ടികളാണ്. ഹൈദരാബാദില്‍ മാധ്യമങ്ങളോട് സംസാരിച്ച ഇവരുടെ കുടുംബാംഗമായ മുഹമ്മദ് ആസിഫ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മുഹമ്മദ് ആസിഫിന്റെ സഹോദരി ഭര്‍ത്താവ്, ഭാര്യ സഹോദരന്‍, അവരുടെ മകന്‍, മൂന്ന് പെണ്‍മക്കള്‍ എന്നിവരടക്കം 18 പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ഹൈദരാബാദ് ആസ്ഥാനമായുള്ള കുടുംബം ശനിയാഴ്ച തിരിച്ചെത്താനിരിക്കെയാണ് ദാരുണമായ ദുരന്തം സംഭവിച്ചത്.
മരണപ്പെട്ടവരില്‍ ബന്ധുക്കളായ നസീറുദ്ദീന്‍ (70), ഭാര്യ അക്തര്‍ ബീഗം (62), മകന്‍ സലാവുദ്ദീന്‍ (42), പെണ്‍മക്കളായ ആമിന (44), റിസ്വാന (38), ഷബാന (40), അവരുടെ കുട്ടികള്‍ എന്നിവരെ തിരിച്ചറിഞ്ഞതായി ആസിഫ് പറഞ്ഞു. ഒമ്പത് മുതിര്‍ന്നവരും ഒമ്പത് കുട്ടികളുമടക്കം 18 പേരെയാണ് ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത്. എട്ട് ദിവസം മുമ്പാണ് അവര്‍ ഉംറക്കായി പോയതെന്നും, ഉംറ കഴിഞ്ഞ് മദീനയിലേക്ക് മടങ്ങുന്ന വഴിയാണ് അപകടം സംഭവിച്ചതെന്നും ആസിഫ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ തീര്‍ത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ബസ് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചാണ് അപകടം സംഭവിച്ചത്. ഹൈദരാബാദ് സ്വദേശികളായ 42 പേരാണ് അപകടത്തില്‍പ്പെട്ടത്. 20 സ്ത്രീകളും 11 കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടും.
അതേസമയം ബസിലുണ്ടായിരുന്ന കുട്ടികളും സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്നവരുടെ പേര് വിവരങ്ങള്‍ തെലങ്കാന സംസ്ഥാന സര്‍ക്കാര്‍ പുറത്ത് വിട്ടു. റിയാദിലെ ഇന്ത്യന്‍ എംബസിയുമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ടെന്ന് തെലങ്കാന സര്‍ക്കാര്‍ വ്യക്തമാക്കി. ബസ് അപകടത്തില്‍ 45 ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകര്‍ മരിച്ചപ്പോള്‍, മുഹമ്മദ് അബ്ദുള്‍ ഷൊഐബ് എന്ന 24കാരന്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഷൊഐബ് ഡ്രൈവര്‍ക്ക് സമീപമായിരുന്നു ഇരുന്നിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളും ഹൈദരാബാദ് സ്വദേശിയാണ്.