CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 1 Seconds Ago
Breaking Now

യുക്മയുടെ പുതുക്കിയ ഭരണഘടന നിലവില്‍വന്നു; യുക്മയുടെ ചുവടുവെയ്പ്പ് മാഗ്നാകാര്‍ട്ട ഒപ്പുവെച്ച ചരിത്രപ്രാധാന്യമുള്ള റണ്ണീമേടില്‍ വെച്ച്

2020-ലെ നിലവിലെ പരിഷ്‌ക്കരണം യുക്മ ഭരണഘടനക്ക് സമഗ്രമായ ഭേദഗതികളാണ് വരുത്തിയിരിക്കുന്നത്.

യുകെയിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ (യൂണിയന്‍ ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളി അസോസിയേഷന്‍സ്) പുതുക്കിയ നിയമാവലി പ്രാബല്യത്തില്‍ വന്നു. രൂപീകരണത്തിന്റെ രണ്ടാം ദശാബ്ദത്തിലേക്ക് കടന്ന യുക്മയുടെ പുതുക്കിയ നിയമാവലി ഒപ്പുവക്കലും സംഘടനയുടെ ചരിത്രത്തില്‍ അഭിമാനകരമായ നിമിഷങ്ങള്‍ സമ്മാനിച്ചു. ചരിത്ര  പ്രസിദ്ധമായ മാഗ്‌നാകാര്‍ട്ട ഒപ്പുവെച്ച സറേ കൗണ്ടിയിലെ എഗാമിലുള്ള റണ്ണീമേടില്‍ വച്ചാണ് ഭരണഘടനാ സമിതി അംഗങ്ങള്‍ പുതിയ ഭരണഘടന ഒപ്പുവെച്ചത്.

2009 ജൂലൈ നാലാം തീയതി ലെസ്റ്ററില്‍ നടന്ന പൊതുപ്രവര്‍ത്തകരുടെയും സംഘടനാ പ്രതിനിധികളുടെയും യോഗത്തില്‍ വച്ച് രൂപംകൊണ്ട യുക്മക്ക് പ്രാഥമികമായ ഭരണഘടന നിലവില്‍വന്നു. തുടര്‍ന്ന് 2012-ലും 2016-ലും പ്രസ്തുത ഭരണഘടനക്ക് ഭാഗീകമായി ഭേദഗതികള്‍ ദേശീയ പൊതുയോഗം അംഗീകരിക്കുകയുണ്ടായി. 2020-ലെ നിലവിലെ പരിഷ്‌ക്കരണം യുക്മ ഭരണഘടനക്ക് സമഗ്രമായ ഭേദഗതികളാണ് വരുത്തിയിരിക്കുന്നത്.

2020 യുക്മ ദേശീയ പൊതുയോഗത്തോട് അനുബന്ധിച്ച്, നിലവിലുള്ള ഭരണഘടനയില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി സമ്പൂര്‍ണ്ണമായ യുക്മ ഭരണഘടന അവതരിപ്പിക്കുന്നതിന് മാഞ്ചസ്റ്ററില്‍ കൂടിയ ദേശീയ എക്‌സിക്യുട്ടീവ് കമ്മറ്റി തീരുമാനിക്കുകയുണ്ടായി. അതനുസരിച്ച് പ്രസിഡന്റ് മനോജ് പിള്ള അധ്യക്ഷനായി, അലക്‌സ് വര്‍ഗ്ഗീസ്, അഡ്വ. എബി സെബാസ്റ്റ്യന്‍, സാജന്‍ സത്യന്‍, ടിറ്റോ തോമസ് എന്നിവര്‍ അംഗങ്ങളായി ഭരണഘടനാ സമിതിയെ നിയോഗിക്കുകയും ചെയ്തു. 

ഭരണഘടനാ സമിതിയുടെ തീരുമാനമനുസരിച്ച് അഡ്വ. എബി സെബാസ്റ്റ്യനെ നിയമാവലി ഡ്രാഫ്റ്റ് ചെയ്യുന്നതിന് നിയോഗിക്കുകയും, തുടര്‍ന്ന് ബര്‍മിംഗ്ഹാമില്‍ കൂടിയ ദേശീയ നിര്‍വാഹ സമിതി യോഗം ഡ്രാഫ്റ്റ് അംഗീകരിച്ച് ദേശീയ പൊതുയോഗത്തില്‍ അവതരിപ്പിക്കുകയും ചെയ്തു. ജനറല്‍ ബോഡിയില്‍ ദേശീയ നിര്‍വ്വഹക സമിതി അംഗീകരിച്ച ഡ്രാഫ്റ്റ് ഭരണഘടന ആദ്യാവസാനം വായിച്ച് അംഗങ്ങള്‍ക്കിടയില്‍ നിന്നും ഉയര്‍ന്ന അഭിപ്രായങ്ങളെ കൂടി പരിഗണിച്ച് ഓരോ ഭാഗവും ചര്‍ച്ച ചെയ്ത് പുതിയ ഭരണഘടന പാസ്സാക്കുക ആയിരുന്നു. ജനറല്‍ ബോഡിയുടെ നിര്‍ദ്ദേശപ്രകാരം തിരുത്തലുകള്‍ വരുത്തിയ ഭാഗങ്ങളും കൂട്ടിച്ചേര്‍ക്കലുകളും ഉള്‍പ്പെടുത്തി അടുത്ത ദേശീയ നിര്‍വ്വാഹക സമിതിയുടെ അനുമതിയോടെ അംഗ അസോസിയേഷനുകള്‍ക്ക് ഭരണഘടന അയച്ച് നല്‍കുന്നതിനും തീരുമാനമായി.

മാര്‍ച്ച് 28-ന് ദേശീയ എക്‌സിക്യുട്ടീവ് യോഗം ചേരുവാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ആ യോഗം മാറ്റിവയ്‌ക്കേണ്ടി വന്നു. പിന്നീട്, നടപടിക്രമങ്ങള്‍ പാലിച്ച്, ജൂണ്‍ പതിമൂന്നിന് ഓണ്‍ലൈന്‍ മീറ്റിംഗിലൂടെ നടത്തിയ ദേശീയ എക്‌സിക്യുട്ടീവ് കമ്മറ്റി ഭരണഘടന ഒപ്പിടുന്നതിന് അനുമതി നല്‍കി. 

ഇതനുസരിച്ച് ചരിത്ര  പ്രാധാന്യമുള്ള മാഗ്‌നാകാര്‍ട്ട ഒപ്പ് വച്ച സറേ കൗണ്ടിയിലെ എഗാമിലുള്ള  റണ്ണീമേടില്‍ വച്ചാണ് ഭരണഘടനാ സമിതി അംഗങ്ങള്‍ പുതിയ ഭരണഘടന ഒപ്പ് വച്ചത്. പുതുക്കിയ ഭരണഘടനയുടെ കോപ്പി എല്ലാ അംഗ അസ്സോസിയേഷനുകള്‍ക്കും അയച്ചു കഴിഞ്ഞതായി യുക്മ ദേശീയ സെക്രട്ടറി അലക്‌സ് വര്‍ഗീസ് അറിയിച്ചു. യുക്മയുടെ ഔദ്യോഗീക വെബ്‌സൈറ്റില്‍ എത്രയും വേഗം പുതുക്കിയ ഭരണഘടന അപ്ലോഡ് ചെയ്യുന്നതാണ്. ഇനിയും ഇ-മെയില്‍ വഴി പുതുക്കിയ ഭരണഘടന ലഭിച്ചിട്ടില്ലാത്ത അംഗ അസോസിയേഷനുകള്‍ എത്രയും വേഗം യുക്മ ദേശീയ സെക്രട്ടറിയെ (07985641921) ബന്ധപ്പെടേണ്ടതാണ്.

വാര്‍ത്ത:

സജീഷ്  ടോം 

(യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍) 

 




കൂടുതല്‍വാര്‍ത്തകള്‍.