CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 17 Minutes 5 Seconds Ago
Breaking Now

ഗെറ്റ് റെഡി ഫോര്‍ ദ മിഷന്‍ അഡ്വെന്‍ചര്‍ മിഷന്‍ ആഫ്രിക്ക ജൂലൈ 25 മുതല്‍

കാണാം, ആഫ്രിക്കന്‍ മണ്ണിലൂടെ 'ശാലോം വേള്‍ഡ്' നടത്തുന്ന സംഭവബഹുലമായ മിഷന്‍യാത്ര

ടെക്‌സസ്: ഇരുണ്ട ഭൂഖണ്ഡം കണ്ടുമടങ്ങാനുള്ള യാത്ര സാഹസമാണെങ്കില്‍, അവിടെ പ്രകാശം പരത്താനുള്ള ഇവരുടെ യാത്രയെ അതിസാഹസമെന്ന് വിശേഷിപ്പിക്കാം. ചേരികളും ഘോരവനവും മരുഭൂമിയും താണ്ടിയുള്ള പ്രയാണത്തില്‍ എപ്പോള്‍ എവിടെനിന്നും അപകടം ചാടി വീഴാം വന്യമൃഗങ്ങളുടെയോ കവര്‍ച്ചക്കാരുടെയോ രൂപത്തില്‍, അല്ലെങ്കില്‍ കണ്ണില്‍ പതിയാത്ത രോഗാണുവിന്റെ രൂപത്തില്‍. ചിലപ്പോള്‍ മരണംവരെ സംഭവിക്കാം.

സാഹസികരെപ്പോലും വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുന്ന ഈ വെല്ലുവിളികളൊന്നും പക്ഷേ, ഇവരെ ബാധിക്കുന്നേയില്ല. സാഹസികത എന്ന പ്രകടത്തിനപ്പുറം നിയോഗം എന്ന ബോധ്യവും ധൈര്യമെന്ന വികാരത്തിനപ്പുറം ക്രിസ്തു എന്ന വിചാരവുംതന്നെ കാരണം. ഇവര്‍ ആഫ്രിക്കയില്‍ സുവിശേഷ വെളിച്ചം പകരുന്ന മിഷണറിമാര്‍. ഇവരുടെ പ്രചോദനാത്മകമായ ശുശ്രൂഷകള്‍ തീക്ഷ്ണത ഒട്ടും ചോരാതെ ജൂലൈ 25മുതല്‍ നിങ്ങളുടെ മുന്നില്‍ എത്തുന്നു മിഷന്‍ ആഫ്രിക്ക!

 

ആഫ്രിക്കയുടെ സുവിശേഷീകരണത്തിന് അഹോരാത്രം അധ്വാനിക്കുന്ന മിഷണറി ദൗത്യങ്ങളും അതിന്റെ സത്ഫലങ്ങളും പ്രഘോഷിക്കാന്‍ ശാലോം വേള്‍ഡ് തയാറാക്കുന്ന പ്രോഗ്രാമുകളുടെ സമാഹാരമാണ് 'മിഷന്‍ ആഫ്രിക്ക'. അഫ്രിക്കന്‍ സഭയുടെ വിശ്വാസവും ജീവിതവും സംസ്‌ക്കാരവും തേടി ഈസ്റ്റ് ആഫ്രിക്കയിലെ കെനിയയിലും ഉഗാണ്ടയിലുമായി ശാലോം വേള്‍ഡ് നടത്തിയ സുദീര്‍ഘമായ മിഷണറിയാത്രയുടെ ആകെത്തുകയാണിത്. 50ല്‍പ്പരം രാജ്യങ്ങളുള്ള ഭൂഖണ്ഡത്തില്‍ ശാലോം വേള്‍ഡ് നടത്തിയ മിഷണറി യാത്ര ചെറുതായിരിക്കാം.

എന്നാല്‍, 'മിഷന്‍ ആഫ്രിക്ക' പ്രോഗ്രാമുകള്‍ ആഫ്രിക്കയില്‍ കത്തോലിക്കാ സഭ നിര്‍വഹിക്കുന്ന മിഷണറി ദൗത്യത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നു എന്നാണ് പ്രിവ്യൂ ദര്‍ശിച്ച ആഫ്രിക്കന്‍ മിഷണറിമാരുടെ അഭിപ്രായം. ആഫ്രിക്കയിലെ മാത്രമല്ല, ലോകമെമ്പാടുമുള്ള മിഷണറിമാരോടുള്ള സ്‌നേഹാദരവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നതിനൊപ്പം മിഷണറി ശുശ്രൂഷ എന്നാല്‍ മിഷന്‍ ഞായറില്‍മാത്രം ഒതുങ്ങേണ്ടതല്ലെന്ന ബോധ്യം പകരാനും 'മിഷന്‍ ആഫ്രിക്ക' സഹായമാകുമെന്നാണ് പ്രതീക്ഷ.

ആഫ്രിക്കയിലൂടെ സഞ്ചരിച്ച് മിഷനുമായി ബന്ധപ്പെട്ട് ഇത്രയേറെ പ്രോഗ്രാമുകള്‍ തയാറാക്കുന്ന ആദ്യത്തെ ടെലിവിഷന്‍ ചാനലും ഒരുപക്ഷേ ശാലോം വേള്‍ഡ് ആയിരിക്കും. ഡോക്യുമെന്ററികളും ഡോക്യുഫിക്ഷനും സ്‌പെഷല്‍ ഇന്റ്‌വ്യൂസും ഉള്‍പ്പെടെ 25 പ്രോഗ്രാമുകളാണ് 'മിഷന്‍ ആഫ്രിക്ക'യിലുള്ളത്. ചാരിത്രശുദ്ധി കാത്തുസൂക്ഷിക്കാന്‍ 13ാം വയസില്‍ രക്തസാക്ഷിത്വം വരിച്ച എയ്ഞ്ചലീനാ ലിയാക്കയുടെ ജീവിതം പ്രതിപാദിക്കുന്ന 'ഗ്ലോറിയസ് ലൈവ്‌സാ'ണ് ഏറ്റവും ശ്രദ്ധേയം.

'ആഫ്രിക്കയിലെ മരിയ ഗൊരേത്തി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ആഫ്രിക്കയ്ക്ക് പുറത്ത് അധികമാരും അറിയാത്ത ആ കുഞ്ഞു രക്തസാക്ഷിയുടെ ജീവിതം ലോകം മുഴുവന്‍ അറിയാന്‍ വഴിയൊരുക്കും 'ഗ്ലോറിയസ് ലൈവ്‌സ് എയ്ഞ്ചലീനാ ലിയാക്ക' എന്ന പ്രോഗ്രാം. ആരും കുറിച്ചുവെക്കാന്‍ ഇടയില്ലാത്ത മിഷണിമാരുടെ ജീവിതവഴികള്‍ ചിത്രീകരിക്കുന്ന 'ഹിയര്‍ അയാം' പരമ്പര ആരുടെയും ഹൃദയം തൊടും, കണ്ണുകളെ ഈറനണിയിക്കും.

ആറ് എപ്പിസോഡുകളിലായി ഭാരതീയര്‍ ഉള്‍പ്പെടെ ഏഴ് മിഷണറിമാരുടെ ജീവിതമാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. അക്രമങ്ങളോടും മയക്കുമരുനോടും ചങ്ങാത്തംകൂടിയ തെരുവ് മക്കളെ ക്രിസ്തുവിലേക്ക് നയിക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ച ഫാ. കര്‍ട്ടിസ് കണ്ണിംഗ്ഹാമിനെ കുറിച്ചുള്ള എപ്പിസോഡ് പാപികളെ തേടിയിറങ്ങിയ ക്രിസ്തുവിനെ അനുസ്മരിപ്പിക്കുമെങ്കില്‍, സ്ത്രീശക്തീകരണത്തിന്റെ നേര്‍ക്കാഴ്ചയാകും ഇന്ത്യന്‍ സിസ്റ്റേഴ്‌സായ അനീഷ ഫെര്‍ണാണ്ടസിനെയും ശശികലയെയും കുറിച്ചുള്ള എപ്പിസോഡ്.

ആഫ്രിക്കയില്‍ പതിവായ 'ഗോത്ര യുദ്ധങ്ങള്‍'ക്കിടയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കഠിനപരിശ്രമം നടത്തുന്ന ഫാ. തിമോത്തി ഒഗുത്ത്, ദൈവവചനം ജീവിതംകൊണ്ട് സാക്ഷിക്കുന്ന ഫാ. ബിജു മൂഞ്ഞേലി, ഇടവകകേന്ദ്രീകൃത ജീവിതം ആഫ്രിക്കന്‍ ജനതയെ പരിശീലിപ്പിക്കുന്നതില്‍ വ്യാപൃതനായ ഫാ. ജോയ് ജോസഫ് മാമ്പിള്ളിക്കുന്നേല്‍, രോഗംമൂലം തെരുവിലേക്ക് വലിച്ചെറിയപ്പെട്ടവരെ ശുശ്രൂഷിക്കുന്ന ഫാ. ഇവാന്‍സ് ഡൂറിസ് എന്നിവരെക്കുറിച്ചുള്ള എപ്പിസോഡുകളും മിഷണറി ജീവിതത്തിന്റെ വൈവിധ്യങ്ങള്‍ തുറന്നുകാട്ടുന്നതാണ്

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഏഴ് സമര്‍പ്പിത സമൂഹങ്ങളുടെ ശുശ്രൂഷകള്‍ അക്കമിട്ട് നിരത്തുന്ന 'വെല്‍ സ്പ്രിംഗ്' ഡോക്യുമെന്ററി പരമ്പരയും 'മിഷന്‍ ആഫ്രിക്ക'യെ സവിശേഷമാക്കും. വിവിധ ശുശ്രൂഷാദൗത്യങ്ങള്‍ കാരിസമായി സ്വീകരിച്ച സമര്‍പ്പിതസമൂഹങ്ങളെ ആഫ്രിക്കയുടെ സമഗ്രവളര്‍ച്ചയ്ക്കായി ഒരുമിച്ചു ചേര്‍ത്ത ദൈവപദ്ധതി വെളിപ്പെടുത്തുന്ന 'വെല്‍ സ്പ്രിംഗ്' പരമ്പര, ആഫ്രിക്കന്‍ മിഷന്‍ദൗത്യത്തില്‍ കേരളസഭാ തനയര്‍ നിറവേറ്റുന്ന ശുശ്രൂഷകളുടെ നേര്‍സാക്ഷ്യംകൂടിയാണ്.

മിഷണറിമാരിലൂടെ ക്രിസ്തുവിനെ അടുത്തറിഞ്ഞ് സഭയ്ക്കും സമൂഹത്തിനും അനുഗ്രഹമായി മാറിയവര്‍ മാനസാന്തരാനുഭവം പങ്കുവെക്കുന്ന 'ജീസസ് മൈ സേവ്യര്‍' പരമ്പരയും തദ്ദേശീയ മിഷണറിമാരെക്കുറിച്ചുള്ള 'ചോസണ്‍' പരമ്പരയും മിഷണ്‍ പ്രവര്‍ത്തനങ്ങളുടെ സത്ഫലങ്ങള്‍ക്ക് തെളിവാകും. ജീവിതത്തിന്റെ സുവര്‍ണകാലം മുഴുവന്‍ ആഫ്രിക്കയ്ക്കുവേണ്ടി സമര്‍പ്പിച്ച് ജീവിത സായന്തനത്തിലെത്തിയ ആദ്യകാല മിഷണറിമാരുടെ ഓര്‍മക്കുറിപ്പുകള്‍ രേഖപ്പെടുത്തുന്ന 'ഇന്‍ പേഴ്‌സോണാ ക്രിസ്റ്റി' പ്രോഗ്രാമാണ് മറ്റൊരു ആകര്‍ഷണം

സംഭവബഹുലമായ മിഷണറി ചരിത്രത്തിന്റെ ഏടുകള്‍ പങ്കുവെക്കുന്ന പ്രസ്തുത പ്രോഗ്രാം അനേകരില്‍ മിഷന്‍ തീക്ഷ്ണത പകരാന്‍ സഹായകമാകും. ഏതാണ്ട് രണ്ട് മാസം നീണ്ടുനില്‍ക്കുന്ന ഷെഡ്യൂളുകളിലായി സംപ്രേഷണം ചെയ്യുന്ന 'മിഷന്‍ ആഫ്രിക്ക'യ്ക്ക്, കെനിയയിലെ മൊംബാസ ആര്‍ച്ച്ബിഷപ്പ് മാര്‍ട്ടിന്‍ കിവൂവയുടെ സ്‌പെഷല്‍ ഇന്റര്‍വ്യൂവോടെ സെപ്തംബര്‍ 24ന് തിരശീല വീഴും. അതെ, പ്രേക്ഷകരുടെ കണ്ണും കാതും ഹൃദയവും തൊടാന്‍ ആഫ്രിക്കന്‍ സഭയുടെ നെടുംതൂണുകളായ അവര്‍ വരുന്നൂ; ഇല്ലായ്മകളെപ്രതി പരാതിപറയാതെയും വെല്ലുവിളികളില്‍ നിരാശരാകാതെയും ക്രിസ്തുവിനുവേണ്ടി പോരാടുന്ന അതിസാഹസികര്‍ ഗെറ്റ് റെഡി ഫോര്‍ ദ മിഷന്‍ അഡ്വെന്‍ചര്‍!

(ആന്റണി ജോസഫ്)

 




കൂടുതല്‍വാര്‍ത്തകള്‍.