CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 1 Minutes 14 Seconds Ago
Breaking Now

രാത്രികാലങ്ങളില്‍ സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി, ഒരാളെ കൊന്ന് ഇന്ത്യയിലേക്ക് മുങ്ങിയ കുറ്റവാളിക്ക് ഒടുവില്‍ ശിക്ഷവിധിക്കുന്നു; ഒരു ദശകമായി പിടികിട്ടാപ്പുള്ളിയായി നടന്ന അമന്‍ വ്യാസ് കുറ്റക്കാരന്‍; ആഗസ്റ്റ് 1ന് ക്രോയ്ഡന്‍ ക്രൗണ്‍ കോടതി ശിക്ഷ പ്രഖ്യാപിക്കും!

കൊലപാതകത്തിന് പിന്നാലെ ബ്രിട്ടനില്‍ നിന്നും മുങ്ങിയ വ്യാസ് ഒരു വര്‍ഷത്തോളം പിടികൊടുക്കാതെ നടന്നു

മൂന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും, ഒരാളെ പീഡനത്തിന് ശേഷം കൊലപ്പെടുത്തുകയും ചെയ്ത ശേഷം ഇന്ത്യയിലേക്ക് നാടുവിട്ട കുറ്റവാളിയുടെ ശിക്ഷ വിധിക്കാന്‍ ഒരുങ്ങി കോടതി. 2009-ല്‍ നടന്ന പീഡനങ്ങളിലും, 35-കാരി മിഷേല്‍ സമരവീരയുടെ കൊലപാതക കേസിലുമാണ് 35-കാരനായ അമന്‍ വ്യാസിനെതിരെ കോടതി നടപടി സ്വീകരിക്കുന്നത്. മൂന്ന് മാസം നീണ്ടുനിന്ന പീഡനപരമ്പരയില്‍ മറ്റ് മൂന്ന് സ്ത്രീകളും ഇരയായതോടെ ഇയാള്‍ക്ക് ഇ-17 നൈറ്റ് സ്‌റ്റോക്കര്‍ എന്ന വിളിപ്പേര് വീണിരുന്നു. 

ലൈംഗിക പീഡനം സംബന്ധിച്ച അഞ്ച് കുറ്റങ്ങളും, ഗുരുതരമായ പരുക്കുകള്‍ മനഃപ്പൂര്‍വ്വം ഏല്‍പ്പിച്ചതിനും, കൊലപാതകത്തിനും, മറ്റൊരു പീഡനക്കേസില്‍ കുറ്റം ചെയ്തിട്ടില്ലെന്ന് വാദിക്കുകയും ചെയ്ത കുറ്റങ്ങള്‍ക്കാണ് കോടതി ഇയാളെ കുറ്റക്കാരനായി വിധിച്ചത്. ഈസ്റ്റ് ലണ്ടന്‍ വാല്‍താംസ്‌റ്റോവിലെ തന്റെ വീടിന് ചുറ്റുമുള്ള ചെറിയ പ്രദേശമാണ് വ്യാസ് ഗുരുതര പീഡനങ്ങള്‍ നടത്താന്‍ ഇരകളെ കണ്ടെത്താന്‍ വേട്ടയ്ക്കുള്ള മേഖലയായി തെരഞ്ഞെടുത്തത്. 2009 മാര്‍ച്ച് മുതല്‍ മെയ് വരെയായിരുന്നു സംഭവങ്ങള്‍. 

2009 മെയ് 30 പുലര്‍ച്ചെ 1 മണിക്ക് സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ സമരവീരയെ വ്യാസ് അക്രമിച്ചു. ഇവരെ പീഡനത്തിന് ഇരയാക്കിയ ശേഷം ചില്‍ഡ്രന്‍സ് പ്ലേഗ്രൗണ്ടില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സമരവീരയുമായി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് ഇടയില്‍ അബദ്ധത്തില്‍ മരണപ്പെട്ടതാണെന്നായിരുന്നു വ്യാസിന്റെ നിലപാട്. 35 മുതല്‍ 59 വരെ പ്രായമുള്ള മൂന്ന് സ്ത്രീകള്‍ക്ക് നേരെയും ഇയാള്‍ അക്രമം അഴിച്ചുവിട്ടിരുന്നു. വ്യാസിന്റെ ബീജമാണ് നാല് അക്രമണങ്ങളിലും പ്രധാന തെളിവായത്. 

എന്നാല്‍ സമരവീരയുടെ കൊലപാതകത്തിന് പിന്നാലെ ബ്രിട്ടനില്‍ നിന്നും മുങ്ങിയ വ്യാസ് ഒരു വര്‍ഷത്തോളം പിടികൊടുക്കാതെ നടന്നു. 2010ല്‍ സിസിടിവി ദൃശ്യങ്ങള്‍ പങ്കുവെച്ച് പോലീസ് പ്രതിയെ തിരഞ്ഞപ്പോഴാണ് ഇയാളുടെ മുന്‍പ് എംപ്ലോയര്‍ അധികൃതരെ സഹായിക്കാന്‍ മുന്നോട്ട് വന്നത്. വ്യാസിന്റെ ഒരു ബന്ധു ഈ എംപ്ലോയര്‍ക്കൊപ്പം ജോലി ചെയ്തിരുന്നു. ഇയാള്‍ ഉപയോഗിച്ച ബോട്ടിലില്‍ നിന്നും ഡിഎന്‍എ പരിശോധിച്ച് കുടുംബ ബന്ധം സ്ഥിരീകരിച്ചു. 

ക്രൈംവാച്ച് അപ്പീല്‍ വന്നതോടെയാണ് വ്യാസ് ആദ്യം ഇന്ത്യയിലേക്ക് പറന്നത്. 2011-ല്‍ ഇയാള്‍ ന്യൂസിലാന്‍ഡിലേക്ക് പോയതായി വിവരം ലഭിച്ചു, അവിടെ നിന്ന് സിംഗപ്പൂരിലേക്കും കടന്നതായി റിപ്പോര്‍ട്ടുകളും വന്നു. എന്നാല്‍ 2011 ജൂലൈ 4ന് ഇയാളെ അറസ്റ്റ് ചെയ്തതായി ഇന്ത്യന്‍ അധികൃതര്‍ യുകെയെ അറിയിച്ചു. ന്യൂ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്ന് കടക്കാന്‍ ശ്രമിക്കവെയായിരുന്നു അറസ്റ്റ്. 2019 ഒക്ടോബര്‍ 4ന് യുകെയിലേക്ക് വ്യാസിനെ നാടുകടത്തി. ഒരു ദശകത്തോളം നീതിന്യായ വ്യവസ്ഥയ്ക്ക് പിടികൊടുക്കാതെ മുങ്ങിയ വ്യാസിന്റെ വിധി ആഗസ്റ്റ് 21ന് ക്രോയ്ഡണ്‍ ക്രൗണ്‍ കോടതി വിധിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.